''നാല് വര്‍ഷം മുമ്പ് പഞ്ചസാര ഒഴിവാക്കി, ജീവിതം തന്നെ മാറി..' അനുഭവം പറഞ്ഞ് നടി സൗമ്യ ടണ്ടന്‍
പഞ്ചസാരയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഭക്ഷണങ്ങള്‍ ഒഴിവാക്കിയത് തുറന്ന് പറയുന്ന ഒടുവിലെ സെലിബ്രിറ്റി ആവുകയാണ് നടിയും ടി.വി അവതാരകയുമായ സൗമ്യ ടണ്ടന്‍.
''നാല് വര്‍ഷം മുന്നേ പഞ്ചസാരയും ശര്‍ക്കരയും തേനും ഇവയുടെയൊക്കെ ഉപഉല്‍പ്പന്നങ്ങളും ഉപേക്ഷിച്ചു. പകരം പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഇവ കൊണ്ടുണ്ടാക്കിയ ഡെസേര്‍ട്ടുമാണ് കഴിക്കുന്നത്. വളരെ വെല്ലുവിളി നിറഞ്ഞതാണിത്. ഒപ്പം ജീവിതത്തെ തന്നെ മാറ്റിക്കളയും. നിങ്ങള്‍ക്ക് വിശ്വാസം വരാന്‍ പഞ്ചസാരയും തേനും ശര്‍ക്കരയും ഇല്ലാതെ ഉണ്ടാക്കുന്ന ഡെസേര്‍ട്ടുകളുടെ വീഡിയോ ഇനിയും പോസ്റ്റ് ചെയ്യും. പഞ്ചസാര ഇല്ലാതെയും മധുരം കഴിക്കാമെന്ന് നിങ്ങള്‍ക്കും ബോധ്യമാവും.'' സൗമ്യ പറയുന്നു. പഞ്ചസാര ഒഴിവാക്കാന്‍ തീരുമാനിച്ചത് മികച്ച തീരുമാനം ആയിരുന്നെന്നും ഇനി പഞ്ചസാര കഴിക്കണമെന്ന് തോന്നിയാല്‍ പുഴുങ്ങിയ മധുരക്കിഴങ്ങുണ്ടല്ലോ'' നടി വ്യക്തമാക്കുന്നു.
ഒരാളുടെ ഭക്ഷണ ക്രമീകരണത്തില്‍ നിന്ന് പഞ്ചസാരയും ശര്‍ക്കരയും തേനും ഒഴിവാക്കുന്നത് ആരോഗ്യപരമായി ഗുണപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് സി.കെ ബിര്‍ള ആസ്പത്രിയിലെ പ്രധാന കണ്‍സള്‍ട്ടന്റ് ഡോ. നരേന്ദ്ര സിംഗ്‌ള പറഞ്ഞു. ശരീര രൂപീകരണത്തിനും ശരീര ഭാരം ക്രമീകരിക്കുന്നതിനും കൂടുതല്‍ കലോറി ഉള്ളിലേക്ക് കടക്കുന്നത് തടയാനും ഇവയൊക്കെ ഒഴിവാക്കുന്നത് സഹായിക്കുമെന്നും രക്തത്തിലെ പഞ്ചസാര കുറക്കുന്നതിനും കാരണമാവുമെന്നും ഡോ. സിംഗ്‌ള പറഞ്ഞു. രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നതിലൂടെ ദിവസം മുഴുവന്‍ ഉന്‍മേഷവാനായി ഊര്‍ജത്തോടെ ഇരിക്കാമെന്നും മാനസികാരോഗ്യം മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.