സുരക്ഷിത പ്രസവം ആശുപത്രിയില്‍ തന്നെ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വീട്ടിലുള്ള പ്രസവത്തില്‍ അപകടം പതിയിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഡോക്ടര്‍മാരുമായും ആരോഗ്യപ്രവര്‍ത്തകരുമായിട്ടൊക്കെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ ഉപദേശങ്ങള്‍ തേടാനും ഗര്‍ഭിണികളും അവരുടെ കുടുംബവും തയ്യാറാവണം.;
By : Online Desk
Update: 2025-05-05 10:52 GMT
മലപ്പുറം: വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും സുരക്ഷിത പ്രസവത്തിന് നല്ലത് ആശുപത്രിയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് സോഷ്യല്‍ മീഡിയയിലേക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികരണത്തിന്റെ പൂര്‍ണ രൂപം.
''ഈയടുത്ത് മലപ്പുറത്ത് ചട്ടിപ്പറമ്പില്‍ ഒരു വീട്ടില്‍ പ്രസവം നടന്നു. ചില കാരണങ്ങളാല്‍ അപകടം സംഭവിച്ചു.സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇത് സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ആരോഗ്യ വകുപ്പും ഇടപെട്ടു. ആശുപത്രി സൗകര്യങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും ഇത്രയും വികസിച്ചിട്ടും എന്തുകൊണ്ട് വീണ്ടും വീട്ടില്‍ പ്രസവം നടത്തപ്പെടുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ ആളുകള്‍ ചിലപ്പോ എളുപ്പം എന്ന രീതിയില്‍ വീടുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട് .എന്നാല്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലായാലും ആശുപത്രിയിലായാലും അപകട സാധ്യതകളുണ്ടാവാം. പക്ഷെ ആശുപത്രിയിലാവുമ്പോള്‍ അതിനുള്ള സജ്ജീകരണവും ഡോക്ടര്‍മാരുടെ സാന്നിധ്യവും മറ്റ് മുന്‍കരുതലുകളും ലഭിക്കും. വീട്ടിലാവുമ്പോള്‍ ഇതില്ല. അതുകൊണ്ട് വീട്ടിലുള്ള പ്രസവം അത്ര പ്രോത്സാഹിപ്പിക്കേണ്ടതില്ല. .വീട്ടിലുള്ള പ്രസവത്തില്‍ അപകടം പതിയിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഗര്‍ഭസ്ഥ അവസ്ഥയില്‍ തന്നെ ഡോക്ടര്‍മാരുമായും ആരോഗ്യപ്രവര്‍ത്തകരുമായിട്ടൊക്കെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ ഉപദേശങ്ങള്‍ തേടാനും ഗര്‍ഭിണികളും അവരുടെ കുടുംബവും തയ്യാറാവണം. അപകടം ഇനി ആവര്‍ത്തിക്കരുത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവും ജീവനും ആണ് പ്രധാനം.അതിനാണ് വില കല്‍പ്പിക്കേണ്ടത്.''