കണ്ണുകളുടെ സംരക്ഷണത്തിന് റോസ് വാട്ടര്‍; ഗുണങ്ങള്‍ അറിയാം
നമ്മുടെ ശരീരത്തിന്റെ ഒരു പ്രധാന അവയവമാണ് കണ്ണുകള്‍. ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ അത് നമ്മുടെ കാഴ്ച ശക്തിയെ തന്നെ ബാധിച്ചേക്കാം. ലോകത്തിന്റെ മനോഹാരിത മനസില്‍ പതിപ്പിക്കുന്ന ക്യാമറകളാണ് ഓരോ കണ്ണുകളും. അതുകൊണ്ടുതന്നെ കണ്ണുകള്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല.
ഇന്നത്തെ കാലത്ത് കുട്ടികളായാലും മുതിര്‍ന്നവരായാലും ചെറുപ്രായത്തില്‍ തന്നെ കണ്ണട വെക്കേണ്ട അവസ്ഥയാണ്. ഭൂരിഭാഗം സമയവും മൊബൈല്‍ഫോണിലും ടിവിയിലും കംപ്യൂടറിലും ചെലവഴിക്കുന്നതാണ് ഇതിന് ഒരുപരിധിവരെ കാരണമാകുന്നത്.
വേണ്ട ശ്രദ്ധയും സംരക്ഷണവും കൊടുക്കാത്തതിനാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. അവ തടയാനും കണ്ണുകളെ സംരക്ഷിക്കാനും പല വഴികളുണ്ട്. ഇതില്‍ പ്രധാനമാണ് റോസ് വാട്ടര്‍.
റോസ് വാട്ടറിന്റെ ഗുണങ്ങള്‍ അറിയാം
റോസാപുഷ്പങ്ങളില്‍ നിന്നുമാണ് റോസ്വാട്ടര്‍ നിര്‍മിക്കുന്നത്. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു പേര്‍ഷ്യന്‍ ശാസ്ത്രജ്ഞനാണ് റോസ് വാട്ടര്‍ കണ്ടുപിടിച്ചത്. റോസ്വാട്ടര്‍ ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും കണ്ണുകള്‍ക്ക് ഊഷ്മളത നല്‍കുകയും ചെയ്യുന്നു.
റോസ് വാട്ടര്‍ ഒരു ഓര്‍ഗാനിക് ക്ലെന്‍സര്‍ എന്ന നിലയ്ക്കും ഉപയോഗിക്കുന്നു. മലിനീകരണവും പൊടിയും മൂലമുണ്ടാകുന്ന കണ്ണുകളുടെ അസ്വസ്ഥത കുറയ്ക്കുന്നതിന് ഇതിന്റെ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഫലപ്രദമാണ്. എന്നിരുന്നാലും കണ്ണുകളുടെ സംരക്ഷണത്തിന് ഗുണനിലവാരമുള്ള റോസ് വാട്ടര്‍ മാത്രം ഉപയോഗിക്കുക.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുന്നു
ഉറക്കക്കുറവ്, സമ്മര്‍ദ്ദം എന്നിവമൂലം കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത നിറം മാറ്റാന്‍ റോസ് വാട്ടര്‍ നല്ലതാണ്. ഒരു ബൗള്‍ എടുത്ത്, അതേ അളവില്‍ 3 ടേബിള്‍സ്പൂണ്‍ തണുത്ത പാലും പനിനീരും ചേര്‍ക്കുക. പിന്നീട് ഈ മിശ്രിതത്തിലേക്ക് കോട്ടണ്‍ ബോള്‍ മുക്കി കണ്ണിന് ചുറ്റും 30 മിനുട്ട് വയ്ക്കുക. സാവധാനം കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറുന്നത് കാണാം.
ഒരു ഐ വാഷ് ആയി ഉപയോഗിക്കാം
നീണ്ട യാത്രയ്ക്ക് ശേഷം, അല്ലെങ്കില്‍ കംപ്യൂട്ടറുകളില്‍ ദീര്‍ഘനേരം ജോലി ചെയ്തതിന് ശേഷം, കണ്ണുകളില്‍ സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടുകയാണെങ്കില്‍ ഉന്മേഷം ലഭിക്കുവാന്‍ വെള്ളം എടുത്ത് അതില്‍ കുറച്ച് റോസ് വാട്ടര്‍ ചേര്‍ത്ത് കണ്ണും മുഖവും കഴുകാം. ഇതുവഴി കണ്ണിന്റെയും ചര്‍മ്മത്തിന്റെയും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു.
പൊടി പടലങ്ങള്‍ നീക്കം ചെയ്യുന്നു
യാത്രകള്‍ ചെയ്യുമ്പോള്‍ മുഖത്തും കണ്ണിലും ധാരാളം പൊടിപടലങ്ങള്‍ അടിഞ്ഞു കൂടുന്നു. സാധാരണ വെള്ളം ഉപയോഗിച്ച് കണ്ണിലെ പൊടി പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയില്ല. ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളില്‍ റോസ് വാട്ടര്‍ ഇട്ട് പൊടി നീക്കം ചെയ്യാന്‍ ചെറുതായി തിരുമ്മുക. തുടര്‍ന്ന് മുഖം സാധാരണ വെള്ളത്തില്‍ കഴുകുക. കണ്ണുകളിലെ പുകച്ചില്‍, എരിച്ചില്‍, ചൊറിച്ചില്‍ എന്നിവയ്ക്കും റോസ് വാട്ടര്‍ ശമനം നല്‍കുന്നു. കടകളില്‍ ലഭിക്കുന്ന സാധാരണ റോസ് വാട്ടര്‍ അല്ല കണ്ണുകളില്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
കണ്ണിന് തിളക്കം നല്‍കുന്നു
കണ്ണിന് തിളക്കം നല്‍കാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. എല്ലാ ദിവസവും കണ്ണിന് ചുറ്റും റോസ് വാട്ടര്‍ പുരട്ടി പത്ത് മിനുട്ട് നേരം വയ്ക്കുക. കണ്ണുകളെ മോയ്‌സ്ചറൈസ് ചെയ്യാനും റോസ് വാട്ടര്‍ ഗുണകരമാണ്. അതിനായി ഒരു പാത്രത്തില്‍ അര ടീസ്പൂണ്‍ ബദാം ഓയില്‍, റോസ് വാട്ടര്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക.
ഈ മിശ്രിതം കോട്ടണ്‍ മുക്കി 20-30 മിനിറ്റ് കണ്ണുകളില്‍ വയ്ക്കുക. ശേഷം മുഖം കഴുകി കണ്ണുകള്‍ മസാജ് ചെയ്യുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കാന്‍ റോസ് വാട്ടര്‍ മികച്ചതാണ്. ഇതിനായി കണ്ണുകളില്‍ റോസ് വാട്ടര്‍ ഒഴിച്ച് 2-3 മിനിറ്റ് കണ്ണടച്ചിരിക്കുക. കണ്ണിന് മുകളിലായി ഈ സമയം രണ്ട് കുക്കുമ്പര്‍ കഷണങ്ങള്‍ വയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.