രണ്ടാഴ്ചത്തേക്ക് മധുരം ഉപേക്ഷിക്കൂ; കാണാം ഈ മാറ്റങ്ങള്‍

Update: 2025-02-12 11:06 GMT

മധുരം ഇഷ്ടമല്ലാത്ത ആളുകള്‍ കുറവാണ്. പ്രമേഹം ഉള്ളവര്‍ വരെ അവസരം വന്നാല്‍ മധുരം കഴിക്കും. ചിലര്‍ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ മധുരം കൂടുതലായി ഉപയോഗിക്കുന്ന ശീലവും ഉണ്ട്. ഇതെല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ പഞ്ചസാര ഒഴിവാക്കിയാല്‍ അത് ശരീരത്തില്‍ ഉണ്ടാകുന്ന അദ്ഭുതകരമായ മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഇത് തിരിച്ചറിയാന്‍ രണ്ടാഴ്ചത്തേക്കെങ്കിലും ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കി നോക്കൂ. ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും. ഊര്‍ജനില മെച്ചപ്പെടുത്തുന്നത് മുതല്‍ ചര്‍മത്തിന്റെ ആരോഗ്യം വരെ സംരക്ഷിക്കുന്ന ഗുണങ്ങള്‍ ലഭിക്കും.

പ്രധാന ഗുണങ്ങള്‍ അറിയാം

ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍ഫ് ളമേഷന്‍, ഹൃദയാരോഗ്യം നഷ്ടപ്പെടുക എന്നിവയ്ക്ക് കാരണമാകും. പഞ്ചസാരയുടെ അമിതോപയോഗം, പ്രത്യേകിച്ച് മധുരപാനീയങ്ങളുടെ ഉപയോഗം ശരീരഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകും.

ഇന്‍സുലിന്‍ പ്രതിരോധവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും.

മുഖക്കുരുവും മുഖത്ത് ചുവന്ന പാടുകളും മൂലം വിഷമിക്കുന്നവര്‍ക്കും പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് വഴി ഗുണം ലഭിക്കും.

പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാകുന്നതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. നല്ല ഉറക്കം ലഭിക്കാനും ഇതു മൂലം സാധിക്കും.

വായില്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ പെരുകാനും പല്ലില്‍ പോടുണ്ടാകാനും മോണരോഗങ്ങള്‍ക്കും പഞ്ചസാരയുടെ ഉപയോഗം കാരണമാകും.

പഞ്ചാരയുടെ അമിതോപയോഗം അകാലവാര്‍ധക്യത്തിന് കാരണമാകും. രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും ഒഴിവാക്കാം. ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും.

ദിവസവും ആവശ്യമായ കാലറിയുടെ ആറുശതമാനം മാത്രമേ പഞ്ചസാര ആകാവൂ എന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഇത് സ്ത്രീകള്‍ക്ക് 25 ഗ്രാമും പുരുഷന്‍മാര്‍ക്ക് 36 ഗ്രാമും ആണ്.

പഞ്ചസാര ഒഴിവാക്കുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല. കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ചെറിയ പ്രായത്തില്‍ തന്നെ മധുരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും വരാനുള്ള സാധ്യത കുറയ്ക്കും എന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Similar News