കേരളത്തിന് എയിംസ് അനുവദിക്കുമോ? രാജ്യസഭയില്‍ ഉന്നയിച്ച് പിടി ഉഷ

Update: 2025-02-04 10:45 GMT

ന്യൂഡല്‍ഹി: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് അനുവദിച്ച് കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് രാജ്യസഭാ എം.പി പിടി ഉഷ . എയിംസിന് കേരളം അര്‍ഹമാണെന്നും കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനാണ് കേരളം പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉഷ പറഞ്ഞു. കിനാലൂരില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഭൂരിഭാഗം ഭൂമിയും. അതിനാല്‍ ഭൂമിയേറ്റെടുക്കലിനായി കൂടുതല്‍ പണം ചെലവാക്കേണ്ട കാര്യമില്ല. ഭാവിയിലെ വികസനത്തിന് ആവശ്യമായ സ്ഥലവുമുണ്ട്.

200 ഏക്കര്‍ വേണ്ട പദ്ധതിക്കായി 150 ഏക്കറിലേറെ ഏറ്റെടുത്തു നല്‍കി. ഉഷ സ്‌കൂളിന്റെ അഞ്ച് ഏക്കറും പദ്ധതിക്കായി വിട്ടുനല്‍കി. സ്വകാര്യ ഉടമകളില്‍ നിന്ന് 100 ഏക്കര്‍ ഏറ്റെടുക്കാനും സര്‍ക്കാരിന് നീക്കമുണ്ടെന്നും ഉഷ വ്യക്തമാക്കി.

ഉഷയുടെ വാക്കുകള്‍:

എയിംസ് വേണമെന്നത് നാളുകളായി കേരളത്തിന്റെ ആവശ്യമാണ്. അത്യാധുനികവും സമഗ്രവുമായ ആരോഗ്യസേവനം ഉറപ്പാക്കാനും രാജ്യത്തിന്റെ 'അമൃത് കാല്‍' യുഗത്തിനൊപ്പം എത്താനും എയിംസ് വേണം. കിനാലൂരില്‍ എയിംസ് വരണമെന്നതാണ് കേരളത്തിന്റെ ആദ്യ പരിഗണന. കിനാലൂരില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഭൂരിഭാഗം ഭൂമിയും. അതിനാല്‍ ഭൂമിയേറ്റെടുക്കലിനായി കൂടുതല്‍ പണം ചെലവാക്കേണ്ട. ഭാവിയിലെ വികസനത്തിന് ആവശ്യമായ സ്ഥലവുമുണ്ട്.

200 ഏക്കര്‍ വേണ്ട പദ്ധതിക്കായി 150 ഏക്കറിലേറെ ഏറ്റെടുത്ത് നല്‍കി. ഉഷ സ്‌കൂളിന്റെ അഞ്ച് ഏക്കറും പദ്ധതിക്കായി വിട്ടുനല്‍കി. സ്വകാര്യ ഉടമകളില്‍ നിന്ന് 100 ഏക്കര്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്. മലബാറിന്റെ പ്രധാനഭാഗത്താണ് കിനാലൂര്‍. നീലഗിരി, കോയമ്പത്തൂര്‍, മൈസൂരു, കുടക്, മലബാര്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എത്താനാകും. ദേശീയപാതയില്‍ നിന്ന് 23 കി.മീ ദൂരമേയുള്ളൂ. എല്ലാവര്‍ക്കും മികച്ച ചികിത്സ കിട്ടുന്ന എയിംസ് കേരളത്തിന് ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുന്നു.

കേരളത്തിലേക്ക് എയിംസ് വരുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ആലപ്പുഴയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് എയിംസിന്റെ പണിയെങ്കിലും തുടങ്ങുമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.

2014ല്‍ അരുണ്‍ ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകള്‍ അനുവദിച്ചെങ്കിലും കേരളത്തിന് മാത്രം ലഭിച്ചില്ല. കിനാലൂരില്‍ 200 ഏക്കര്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ (കെ എസ് ഐ ഡി സി) 150 ഏക്കര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനം സജ്ജമാക്കുന്നത്.

Similar News