അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാലിനെ നോമിനേറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ ഉപയോഗം പത്ത് ശതമാനം കുറച്ച് അമിതവണ്ണത്തിനെതിരെ പ്രചാരണം നടത്താന്‍ മലയാള സിനിമാ താരം മോഹന്‍ ലാല്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള പത്ത് പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര ,ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യന്‍ മനു ഭേക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, നടന്‍ ആര്‍ മാധവന്‍, ഗായിക ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി, ബിജെപി നേതാവ് ദിനേഷ് ലാല്‍ യാദവ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.
ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കണമെന്ന് ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.ഭക്ഷണത്തില്‍ എണ്ണ കുറക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഡെറാഡൂണില്‍ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍, ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിച്ചു, ഇത് രാജ്യത്ത് ഒരു പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു ഈ വിഷയം 'അമിതവണ്ണം' ആണ്. ആരോഗ്യമുള്ള രാജ്യമാകാന്‍, അമിതവണ്ണത്തിന്റെ പ്രശ്‌നം നമ്മള്‍ തീര്‍ച്ചയായും കൈകാര്യം ചെയ്യേണ്ടിവരും,'' മോദി പറഞ്ഞു.