മഴക്കാല രോഗങ്ങള്‍ അകറ്റാം; ആരോഗ്യം സംരക്ഷിക്കാം; ശീലമാക്കൂ ഈ ഭക്ഷണ ക്രമം
ശരീരത്തിന് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാം;
മഴക്കാലം വന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിക്കുന്നു. പലര്‍ക്കും മഴക്കാലം ദുരിതങ്ങളുടെ കാലമായിരിക്കും. പലവിധ ആരോഗ്യ പ്രശ്‌നങ്ങളും ഈ കാലത്ത് ഉണ്ടാകാറുണ്ട്. ഇതില്‍ നിന്നെല്ലാം മോചനം നേടാന്‍ ശരിയായ ആരോഗ്യ പരിചരണം ആവശ്യമാണ്. അതില്‍ പ്രധാനമാണ് ഭക്ഷണം. ശരീരത്തിന് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ആരോഗ്യത്തെ ഒരു പരിധിവരെ നമുക്ക് സംരക്ഷിക്കാം.
കഞ്ഞി
മഴക്കാലത്ത് എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞി. പഴമക്കാര്‍ കഞ്ഞിക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അവര്‍ പിന്തുടരുന്ന പല ഭക്ഷണ രീതികളിലും ശാസ്ത്രീയമായ വശങ്ങളും ഉണ്ട്. ആരോഗ്യ വിദഗ്ധരും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നുണ്ട്.
മഴക്കാലത്ത് നമ്മുടെ വീടുകളില്‍ സാധാരണയായി പലരും കഴിക്കുന്ന ആഹാരമാണ് കഞ്ഞി. ഇത് ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി കഞ്ഞിയില്‍ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം.
കഞ്ഞി കുടിക്കുന്നത് വഴി ശരീരത്തിന്റെ ദഹനം മികച്ചതാക്കുന്നു എന്ന് മാത്രമല്ല ശരീരത്തിലെ അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനും ക്ഷീണവും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഗോതമ്പ്, റാഗി, അരി എന്നിവയെല്ലാം എളുപ്പത്തില്‍ ദഹിക്കുന്നതും വയറിന് അധികം കനം നല്‍കാത്തതും ആണ്. ഇതെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
നിര്‍ജ്ജലീകരണത്തിന് പരിഹാരം
മഴക്കാലത്ത് പലരും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. ഇത് ശരീരത്തിന് വേണ്ടത് പോലെ ജലം ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി കഞ്ഞി കുടിക്കുന്നത് നല്ലതാണ്.
രോഗപ്രതിരോധശേഷിക്ക്
രോഗപ്രതിരോധ ശേഷിക്ക് കഞ്ഞി എന്തുകൊണ്ടും നല്ലതാണ്. ഇതിലെ ചേരുവകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. വെളുത്തുള്ളി, ജീരകം, ചെറിയ ഉള്ളി, മുരിങ്ങ ഇല എന്നിവയെല്ലാം കഞ്ഞിയില്‍ ചേരുമ്പോള്‍ ഒരുപാട് ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. മഴക്കാലത്തുണ്ടാവുന്ന ചുമ, ജലദോഷം, സീസണല്‍ രോഗങ്ങള്‍ എന്നിവയെല്ലാം അകറ്റുന്നതിനും രോഗപ്രതിരോധ ശേഷിക്കും കഞ്ഞി നല്ലതാണ്.
ടോക്സിന്‍ പുറന്തള്ളുന്നതിന്
ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്നതിന് കഞ്ഞി സഹായിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചൂട് കഞ്ഞി കുടിക്കുന്നത് പല രോഗങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ ആശ്വാസവും ഊഷ്മളതയും പ്രദാനം ചെയ്യുന്നു.
ഏതൊക്കെ കഞ്ഞിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് നോക്കാം
പുഴുക്കലരി ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയും, ദഹനത്തിന് ഏറെയധികം സഹായിക്കുന്ന ജീരകക്കഞ്ഞിയും മഴക്കാലത്ത് ശീലമാക്കാവുന്നതാണ്. റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന കഞ്ഞി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏത് കാലാവസ്ഥയിലും മികച്ചതാണ്. കര്‍ക്കിടക മാസത്തില്‍ ഉലുവ കഞ്ഞി കുടിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.