വീട്ടില്‍ വച്ച് മുടി ഡൈ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു;

Update: 2025-06-28 11:12 GMT

വളരെ ചെറുപ്രായത്തില്‍ തന്നെ മുടി നരച്ചുതുടങ്ങുന്നു എന്നത് ഇന്ന് പലരുടേയും പരാതിയാണ്. തിരക്കിട്ട ജീവിത സാഹചര്യത്തില്‍ മുടിയെ കാര്യമായി പരിചരിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. എന്നാല്‍ പലരും മുടി ഡൈ ചെയ്ത് അതിന് പരിഹാരം കാണാറുമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പ്രൊഫഷണലായി മുടി ഡൈ ചെയ്യാന്‍ സലൂണ്‍ സന്ദര്‍ശിക്കാന്‍ മതിയായ സമയമോ പണമോ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വീട്ടില്‍ വച്ച് മുടി ഡൈ ചെയ്യുകയാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ വീട്ടില്‍ വച്ച് ഡൈ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമോ, രാസവസ്തുക്കള്‍ അടങ്ങിയതോ ആയ നിരവധി ഹെയര്‍ കളറുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ് മുടിക്ക് നിറം നല്‍കുന്നത്.

മുടി ഡൈ ചെയ്യാന്‍ ശരിയായ നിറം തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. കൂടാതെ ഹെയര്‍ ഡൈയുടെ തരങ്ങളും അറിഞ്ഞിരിക്കണം. മുടി കളര്‍ ചെയ്യുന്നതിന് മുമ്പ് ഒരല്‍പ്പമെടുത്ത് കയ്യില്‍ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലര്‍ജിയോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക. കളറും ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.

കളര്‍ ചെയ്തു കഴിഞ്ഞാല്‍ ക്ലോറിന്‍ കലര്‍ന്ന വെള്ളമോ, ചൂടു വെള്ളമോ ഉപയോഗിച്ച് മുടി കഴുകാന്‍ പാടില്ല. തണുത്ത വെള്ളമാണ് നല്ലത്. കളര്‍ ചെയ്ത് കഴിഞ്ഞാല്‍ ഷാംപു ആഴ്ചയില്‍ ഒരുതവണ ഉപയോഗിച്ചാല്‍ മതി.

പുതിയ ഡൈ പരീക്ഷിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്താവുന്നതാണ്. അല്‍പം ഡൈ എടുത്ത് ചെവിയ്ക്ക് പുറകിലായി പുരട്ടി അല്‍പനേരം നില്‍ക്കണം. ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ ഡൈ ഉപയോഗിക്കരുത്.

ഹെയര്‍ ഡൈകളെ നാലായി തിരിക്കാം

ടെംപററി ഡൈ: താല്‍കാലികമായി മുടിയ്ക്ക് നിറം ലഭിക്കാനാണ് ടെംപററി ഡൈ അഥവാ താല്‍ക്കാലിക ഡൈ ഉപയോഗിക്കുന്നത്. ഇത്തരം ഡൈകള്‍ മുടിയിഴകളില്‍ അധികം ആഴ്ന്നിറങ്ങാത്തതിനാല്‍ ഇഷ്ടാനുസരണം കഴുകിക്കളയാന്‍ സാധിക്കും. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്പ്രേകള്‍ എന്നീ രൂപങ്ങളില്‍ ഡൈ ലഭ്യമാണ്.

സെമി പെര്‍മനന്റ് ഡൈ: മുടിയിലെ നിറം അല്‍പസമയത്തേക്ക് നീണ്ടുനില്‍ക്കാന്‍ സഹായിക്കുന്ന ഡൈകളാണ് ഇത്. നാലോ അഞ്ചോ തവണ ഷാംപൂ ഉപയോഗിച്ച് കഴുകിയാല്‍ മാത്രമാണ് ഇവയുടെ നിറം പോകുകയുള്ളൂ. ഇത്തരം കളറുകള്‍ സുരക്ഷിതമാണ്.

ഡെമി പെര്‍മനന്റ് ഡൈ: ദീര്‍ഘനേരം നീണ്ടു നില്‍ക്കാന്‍ സാധിക്കുന്ന തരം ഡൈകളാണ് ഇവ. സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. മുടിയുടെ സ്വാഭാവിക നിറം കളയാതെ തന്നെ മുടിയ്ക്ക് നിറം നല്‍കുന്നു. താരതമ്യേന ഇവ സുരക്ഷിതമാണ്.

പെര്‍മനന്റ് ഡൈ: ഇത്തരം ഡൈ എളുപ്പത്തില്‍ കഴുകിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അലര്‍ജി പ്രശ്‌നങ്ങളും കൂടുതലാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് അലര്‍ജി ഉണ്ടാക്കുന്നത്.

ഡൈ എങ്ങനെ ഉപയോഗിക്കാം

ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡൈ ചെയ്യാം. ആദ്യം അല്‍പം ഡൈ എടുത്ത് മുടിയിഴകള്‍ പ്രത്യേകം എടുത്ത് ഡൈ പുരട്ടുക. പിന്നീട് മുഴുവനായും ചെയ്യാം. ശേഷം ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകാം. ഇങ്ങനെ നിറം എല്ലാഭാഗത്തും ഒരുപോലെ പടരുന്നു. 30 മുതല്‍ 60 മിനിറ്റിന് ശേഷം നന്നായി കഴുകിക്കളയാം.

അധിക സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നഷ്ടമാകും. മാത്രമല്ല മുടി കൊഴിയാനും കാരണമാകുന്നു. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന ഡൈ സൂക്ഷിക്കുകയോ പിന്നീട് ഉപയോഗിക്കുകയോ ചെയ്യരുത്. വാസ്ലിനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈന് ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തില്‍ പടരാനുള്ള സാധ്യത കുറയുന്നു. ചര്‍മത്തില്‍ ആയാല്‍ അത് അപ്പോള്‍ തന്നെ തുടച്ച് നീക്കണം.

ഹെയര്‍ ഡൈ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ മറക്കരുത്

മുടി ശരിയായി ഡൈ ചെയ്യുന്നതിന് ഹെയര്‍ ഡൈ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഹെയര്‍ ഡൈ എങ്ങനെ ശരിയായി മിക്‌സ് ചെയ്യണമെന്നും എത്ര സമയം ഡൈ തലയില്‍ വയ്ക്കണമെന്നും അറിയേണ്ടത് പ്രധാനമാണ്. ഹെയര്‍ ഡൈ ഉപയോഗിക്കുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ഒരിക്കലും നല്ല ഫലം ലഭിക്കില്ല.

ചര്‍മ്മത്തിലോ വസ്ത്രത്തിലോ കറ വീഴാതെ നോക്കണം

ആദ്യമായി വീട്ടില്‍ മുടി കളര്‍ ചെയ്യുമ്പോള്‍ ആളുകള്‍ ചെയ്യുന്ന വലിയ തെറ്റ്, വസ്ത്രത്തിലോ ചര്‍മ്മത്തിലോ ഹെയര്‍ ഡൈ ഉപയോഗിച്ച് കറ പുരട്ടുക എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ചര്‍മ്മത്തിലോ വസ്ത്രത്തിലോ കറ പുരളാതിരിക്കാന്‍ കഴുത്തില്‍ ഒരു ടവല്‍ ചുറ്റുന്നത് നല്ലതാണ്.

കഴുത്തിലും ചെവിയിലും ക്രീം അല്ലെങ്കില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നതും ചര്‍മ്മത്തില്‍ കറ വീഴാതിരിക്കാന്‍ സഹായിക്കുന്നു. ഹെയര്‍ ഡൈ ചെയ്ത് കഴിഞ്ഞശേഷം മുടി ഷാംപൂ ചെയ്ത് ക്രീം അല്ലെങ്കില്‍ പെട്രോളിയം ജെല്ലി തുടയ്ക്കാം. ചര്‍മ്മത്തില്‍ നിന്ന് ഹെയര്‍ ഡൈ കറ വൃത്തിയാക്കാന്‍ ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം.

ഹെയര്‍ ഡൈ കൂടുതല്‍ നേരം വയ്ക്കരുത്

വീട്ടില്‍ മുടി ഡൈ ചെയ്യുമ്പോള്‍ എപ്പോഴും ഒരു സമയം വയ്ക്കുക. കൂടുതല്‍ സമയം ഡൈ തലയില്‍ വയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെയും നിറത്തെയും പ്രതികൂലമായി ബാധിക്കും.

ഡൈ ചെയ്ത് പിറ്റേന്ന് തന്നെ മുടി ഷാംപൂ ചെയ്യരുത്

മുടി കളര്‍ ചെയ്യുമ്പോള്‍ പലരും ചെയ്യുന്ന മറ്റൊരു വലിയ തെറ്റ്, ഡൈ ചെയ്തതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മുടി കഴുകുക എന്നതാണ്. ഡൈ ചെയ്തതിന് ശേഷം കുറഞ്ഞത് ഒന്നോ രണ്ടോ ദിവസമെങ്കിലും മുടി കഴുകുന്നത് ഒഴിവാക്കേണ്ടത് നിര്‍ണായകമാണ്.

മുടിയുടെ ക്യൂട്ടിക്കിളുകള്‍ അടയ്ക്കുന്നതിനും ഡൈ ഇഴകളില്‍ ഉറപ്പിക്കുന്നതിനും മുടി കഴുകാന്‍ കളര്‍ ചെയ്തതിന് ശേഷം കുറഞ്ഞത് 48 മുതല്‍ 72 മണിക്കൂര്‍ വരെ കാത്തിരിക്കുന്നതാണ് നല്ലതാണ്.

അതുപോലെ തന്നെ ഷാംപൂ ചെയ്ത് മുടി കണ്ടീഷന്‍ ചെയ്യുമ്പോള്‍, കളര്‍ ചെയ്ത മുടിക്ക് വേണ്ടിയുള്ള ഷാംപൂവും കണ്ടീഷണറും ആണ് ഉപയോഗിക്കുന്നത് എന്നും ഉറപ്പാക്കുക. നിര്‍ഭാഗ്യവശാല്‍, ചില ഷാംപൂവും കണ്ടീഷണര്‍ ഫോര്‍മുലകളും മുടിയില്‍ നിന്ന് ഡൈ വളരെ വേഗത്തില്‍ നീക്കം ചെയ്യും. അതിന്റെ ഫലമായി മങ്ങിയ മുടി ലഭിക്കും. അതുപോലെ തന്നെ ചൂടുവെള്ളം മുടിയുടെ നിറം കളയാന്‍ കാരണമാകും. അതിനാല്‍ മുടി കഴുകുമ്പോള്‍ വെള്ളം അധികം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Similar News