സിറിഞ്ചിനോടുള്ള പേടി വഴിമാറും: സൂചി ഇല്ലാത്ത സിറിഞ്ചുമായി ബോംബെ ഐ.ഐ.ടി

Update: 2024-12-28 05:43 GMT

മുംബൈ: സിറിഞ്ചിനോടുള്ള പേടി ഇനി മാറ്റിവെക്കാം. വേദനയില്ലാതെ ഇനി മരുന്നുകുത്തിവെക്കാം. സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ചിരിക്കുകയാണ് ബോംബെ ഐ.ഐ.ടിയിലെ ഒരു സംഘം ഗവേഷകര്‍. ചര്‍മ്മത്തില്‍ തുളച്ചുകയറാന്‍ സൂചികളെ ആശ്രയിക്കുന്ന പരമ്പരാഗത സിറിഞ്ചുകളില്‍ നിന്ന് വ്യത്യസ്തമായി, ശബ്ദത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജ ഷോക്ക് തരംഗങ്ങളാണ് ഉപയോഗിക്കുക.

2021ല്‍ സംഘം ഇതില്‍ ഗവേഷണം തുടങ്ങിയെന്നും വികസിപ്പിക്കാന്‍ രണ്ടര വര്‍ഷമെടുത്തുവെന്നും ഗവേഷണ വിദഗ്ധയായ പ്രിയങ്ക ഹങ്കരെ പറഞ്ഞു. ബോള്‍പോയിന്റ് പേനയേക്കാള്‍ അല്‍പ്പം നീളമുള്ള ഷോക്ക് സിറിഞ്ചില്‍ മൂന്ന് ഘടകങ്ങളുള്ള ഒരു മൈക്രോ-ഷോക്ക് ട്യൂബ് ഉണ്ട്: ഡ്രൈവര്‍, ഡ്രൈവ്, ഡ്രഗ് ഹോള്‍ഡര്‍. ഇത് പ്രഷറൈസ്ഡ് നൈട്രജന്‍ വാതകം പുറത്തുവിടുന്നു, ഇത് ടേക്ക്ഓഫ് സമയത്ത് ഒരു വാണിജ്യ വിമാനത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു മൈക്രോജെറ്റിനെ സൃഷ്ടിക്കുന്നു എന്നും ഹങ്കാരെ പറഞ്ഞു.

അനസ്തെറ്റിക് (കെറ്റാമൈന്‍-സൈലാസൈന്‍), ആന്റിഫംഗല്‍ (ടെര്‍ബിനാഫൈന്‍), ഇന്‍സുലിന്‍ എന്നിവയുള്‍പ്പെടെ മൂന്ന് തരം മരുന്നുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പരിശോധനകള്‍ നടത്തിയത്. ഷോക്ക് സിറിഞ്ച് പരമ്പരാഗത സൂചികളുടെ അനസ്‌തെറ്റിക് ഫലവുമായി പൊരുത്തപ്പെടുകയും ടെര്‍ബിനാഫൈന്‍ പോലുള്ള വിസ്‌കോസ് ഫോര്‍മുലേഷനുകള്‍ ഉപയോഗിച്ച് മികച്ച പ്രകടനം നടത്തുകയും ചര്‍മ്മത്തിന്റെ പാളികളില്‍ മരുന്ന് ആഴത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. ഒരു പരമ്പരാഗത സിറിഞ്ചിനെ അപേക്ഷിച്ച് ഷോക്ക് സിറിഞ്ച് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നില്ലെന്നും വീക്കം ഉണ്ടാക്കുന്നില്ലെന്നും കുത്തിവയ്പ്പ് എടുത്ത സ്ഥലം വേഗത്തില്‍ സുഖപ്പെടുത്താന്‍ അനുവദിക്കുമെന്നും പ്രൊഫസര്‍ മെനെസെസ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കി. സിറിഞ്ചിനുള്ള പേറ്റന്റിനായി ശ്രമിക്കുകയാണ് സംഘം. ഇതിന് ശേഷം ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കും.

Similar News