മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; ഉപയോഗിക്കേണ്ട വിധം അറിയാം
നല്ല കട്ടിയുള്ള ഇടതൂര്‍ന്ന മുടി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. എന്നാല്‍ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി മുടി കൊഴിച്ചിലും മറ്റും നിത്യസംഭവമായി മാറുന്നു. മുടി തഴച്ചുവളരാന്‍ പലരും പരസ്യങ്ങളില്‍ കാണുന്ന സാധനങ്ങളെല്ലാം വാങ്ങിക്കുന്നതും പതിവാണ്. എന്നാല്‍ പണം കളയുന്നതല്ലാതെ യാതൊരു ഫലവും ഇതുവഴി ഉണ്ടാകുന്നില്ല.
എന്നാല്‍ മുടി തഴച്ചുവളരാന്‍ കണ്ണില്‍ കണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതിന് പകരം നമ്മുടെ വീട്ടില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. കരിംജീരക എണ്ണയ്ക്ക് അതിന് കഴിയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വിപണിയില്‍ ലഭ്യമായ ധാരാളം ഹെയര്‍ മാസ്‌കുകളും കണ്ടീഷണറുകളും തയ്യാറാക്കാന്‍ ഈ വിത്തുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇത് മുടി തഴച്ചുവളരാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.
ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കി, അവയ്ക്ക് വ്യത്യസ്ത രീതികളില്‍ ഇത് ഗുണം ചെയ്യും. കരിംജീരക എണ്ണ എങ്ങനെ വീട്ടില്‍ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍:
1. 1 ടീസ്പൂണ്‍ കരിംജീരകം,
2. 1 ടേബിള്‍ സ്പൂണ്‍ ഉലുവ,
3.200 മില്ലി വെളിച്ചെണ്ണ
4. 50 മില്ലി കാസ്റ്റര്‍
എണ്ണ തയാറാക്കുന്ന വിധം
കരിംജീരകവും ഉലുവയും പൊടിക്കുക. ഇനി ഈ പൊടി ഗ്ലാസ് പാത്രത്തില്‍ ഇടുക. വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേര്‍ത്ത് ഇളക്കുക. ഈ പാത്രം അടച്ച് സൂര്യപ്രകാശത്തില്‍ വയ്ക്കുക. 2 മുതല്‍ 3 ആഴ്ച വരെ സൂക്ഷിക്കുക. രണ്ട് ദിവസം കൂടുമ്പോള്‍ എണ്ണ ഇളക്കി 2-3 ആഴ്ച കഴിഞ്ഞ് അരിച്ചെടുക്കുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ എണ്ണ തലയില്‍ പുരട്ടുക.
കരിംജീരക എണ്ണ മുടിക്ക് എങ്ങനെ ഗുണം ചെയ്യും
1. തലയോട്ടിയിലെ വീക്കം താരനിലേക്കും മറ്റ് മുടി പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു, ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. കരിംജീരക എണ്ണയില്‍ തലയോട്ടിയിലെ പ്രകോപനം കുറയ്ക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
2. പോഷകങ്ങള്‍ നിറഞ്ഞ കരിംജീരക എണ്ണ മുടിക്ക് ഉത്തമമാണ്. ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും മുടി വളരുകയും ചെയ്യുന്നു.
3. മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ഈ എണ്ണ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
4. കരിംജീരക എണ്ണയില്‍ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടി നരയ്ക്കുന്നത് തടയുന്നു.
5. ഈ ഓയിലില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.