രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനേക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്.
പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ ജീവിതരീതികളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അതോടൊപ്പം പ്രമേഹമുള്ളവര്‍ക്ക് മധുരം കഴിക്കാമോ എന്ന ചോദ്യവും ഉയരാറുണ്ട്. മിക്ക പ്രമേഹരോഗികളും ആരും കാണാതെ എങ്കിലും മധുരം കഴിക്കുന്ന ശീലമുള്ളവരാണ്. പ്രമേഹ രോഗികളോട് പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ എന്നെന്നേക്കുമായി പഞ്ചസാരയില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പ്രമേഹത്തിന്റെ നേരിട്ടുള്ള കാരണം പഞ്ചസാരയല്ല.
അതുകൊണ്ടുതന്നെ ഇത് പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് പകരം, പ്രമേഹരോഗികള്‍ പരിമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നതാണ് നല്ലത്. ഒരു പ്രമേഹരോഗിക്ക് ദിവസവും എത്ര അളവില്‍ പഞ്ചസാര കഴിക്കാമെന്ന കാര്യത്തില്‍ അറിവുണ്ടായിരിക്കണം.
പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഓരോ ദിവസവും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് പ്രമേഹത്തിന്റെ തരം, മൊത്തത്തിലുള്ള ആരോഗ്യം, വ്യക്തിഗത ഡയറ്റ് പ്ലാന്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഓരോ ടൈപ്പ് പ്രമേഹത്തിനും മാറ്റം ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക്, സങ്കീര്‍ണതകള്‍ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ക്രമപ്പെടുത്തേണ്ടതുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന അളവും ശ്രദ്ധിക്കണം. കാരണം കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.
സാധാരണ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികള്‍ക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്.
പഞ്ചസാര കഴിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്:
പ്രമേഹമുള്ള വ്യക്തികള്‍ക്കുള്ള ദൈനംദിന കലോറി ഉപഭോഗത്തിന്റെ 45-60% പഞ്ചസാര ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇതിനര്‍ത്ഥം പഞ്ചസാര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നാണ്. പക്ഷേ ഇതിനൊപ്പം സമീകൃതമായ ഒരു ഡയറ്റ് പ്ലാനും പിന്തുടരേണ്ടതുണ്ട്. വ്യക്തിഗത ആരോഗ്യ അവസ്ഥകളെയും പ്രമേഹത്തിന്റെ തരത്തെയും അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നു.
പ്രമേഹമുള്ള വ്യക്തികളുടെ ദൈനംദിന പഞ്ചസാര ഉപഭോഗത്തിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. അത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലോ ഡയറ്റീഷ്യനോടോ കൂടിയാലോചിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ഫലപ്രദമായ പ്രമേഹ നിയന്ത്രണ ഡയറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കുക.
പഞ്ചസാര ഉപഭോഗത്തില്‍ ഗ്ലൈസെമിക് സൂചികയുടെ പങ്ക്
ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു സമീപനം ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) പരിഗണിക്കുക എന്നതാണ്. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് ക്രമേണ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് തടയുന്നു. മധുരം അടങ്ങിയ പാനീയങ്ങളും മിഠായികളും പോലുള്ള ഉയര്‍ന്ന ജിഐ ഇനങ്ങളേക്കാള്‍ നല്ലത് കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങളാണ്. പഴങ്ങളും ധാന്യങ്ങളും ഇതില്‍ പെടുന്നവയാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക. പ്രമേഹം മനസിലാക്കാനും നിയന്ത്രിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം അത് ട്രാക്ക് ചെയ്യുക എന്നതാണ്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഷുഗര്‍ ലെവല്‍ ചെക്ക് ചെയ്യുക.
വ്യായാമം
വ്യായാമം ചെയ്യുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു നല്ല വ്യായാമ മുറ 48 മണിക്കൂര്‍ വരെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു.
നല്ല ഭക്ഷണം
മാക്രോ ന്യൂട്രിയന്റുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ നിന്നാണ് ശരീരത്തിന് ഊര്‍ജം ലഭിക്കുന്നത്. പ്രമേഹരോഗമുള്ളവര്‍ അവരുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുക. കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതുപോലെ മധുരം അധികം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
സമ്മര്‍ദ്ദം ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നു. സമ്മര്‍ദ്ദത്തിന്റെ ഫലമായി ശരീരത്തില്‍ വലിയ അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതല്‍ ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.
ഇത് പിന്നീട് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ വ്യായാമം, യോഗ, ധ്യാനം, അല്ലെങ്കില്‍ വായന എന്നിവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക.