ശരീരത്തില്‍ പ്രോട്ടീന്റെ ആവശ്യകത; ഒരു ദിവസം ആവശ്യമുള്ള പ്രോട്ടീന്റെ അളവ് അറിയാം

പ്രോട്ടീന്റെ അളവ് കൂടിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും;

Update: 2025-09-15 10:52 GMT

ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തുന്നതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ ശരിയായി നടക്കണമെങ്കിലും പ്രോട്ടീന്‍ ആവശ്യമാണ്. എന്നാല്‍ പ്രോട്ടീന്റെ അളവ് കൂടിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മാത്രമല്ല, നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അളവ് കൃത്യമായി ശരീരത്തില്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അത്‌ലറ്റുകളും ബോഡി ബില്‍ഡര്‍മാരും അധിക പ്രോട്ടീന്‍ കഴിക്കുന്നത് സാധാരണമാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തില്‍ എത്രത്തോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്.

പേശികളുടെ ആരോഗ്യം, ശരീരഭാരം നിയന്ത്രിക്കല്‍, പ്രതിരോധ ശക്തി, ഹോര്‍മോണുകളുടെ നിയന്ത്രണം, എന്‍സൈമുകളുടെ ഉത്പാദനം, മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവ ആരോഗ്യത്തോടെ നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. അതിനാല്‍ പ്രോട്ടീനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഭക്ഷണത്തില്‍ അവ ഉള്‍പ്പെടുത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പോഷകാഹാരക്കുറവ്, അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍, എന്നിവയ്ക്ക് പരിഹാരം കാണാന്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.

മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളര്‍ച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ പ്രോട്ടീന്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. കായികരംഗത്തുള്ളവര്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ രീതി ഗുണം ചെയ്യും.

മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് ഡയറ്ററി അലവന്‍സ് ശുപാര്‍ശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് 46 ഗ്രാമും ആണ്‍കുട്ടികള്‍ക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നല്‍കേണ്ടതെന്നും ന്യൂട്രീഷന്‍ വിദഗ്ധര്‍ പറയുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത് ചെയ്യുന്നതിനനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രംഗത്തുള്ളവര്‍ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീന്‍ എടുക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രംഗത്തുള്ളവര്‍ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീന്‍ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രോട്ടീന്റെ കുറവ് ശരീരത്തെ എന്തെല്ലാം രീതിയില്‍ ബാധിക്കും

പേശികളുടെ ബലഹീനതയും ക്ഷീണവും

പേശികളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ലഭിക്കുന്നതിന് വേണ്ടി ശരീരം പേശികളെ തകര്‍ക്കാന്‍ തുടങ്ങും. ഇത് പേശികളുടെ ഭാരം കുറയ്ക്കാനും ബലഹീനത അനുഭവപ്പെടാനും ക്ഷീണിതനാകാനും ഇടയാക്കും. അതുകൊണ്ട് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനും, ഊര്‍ജ്ജത്തോടെ നില്‍ക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പേശികളുടെ അളവ് കുറയുന്നത് നിങ്ങളെ ദുര്‍ബമാക്കുകയും കാലക്രമേണ ആരോഗ്യം ക്ഷയിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ച് പ്രായമായവരില്‍.

പ്രതിരോധശേഷി കുറയുന്നു

ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്ന രോഗപ്രതിരോധ കോശങ്ങളും ആന്റിബോഡികളും നിര്‍മ്മിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് ഈ പ്രതിരോധ കോശങ്ങളെ ശരിയായി നിര്‍മ്മിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് അസുഖം വരാനും അസുഖം വന്നാല്‍ സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കാനും സാധ്യതയുണ്ട്. പ്രോട്ടീന്റെ കുറവ് ക്ഷീണം തോന്നാനും കാരണമില്ലാതെ തളര്‍ച്ച തോന്നാനും ഇടയാകും. മാത്രമല്ല മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യാം.

മുടികൊഴിച്ചില്‍, ചര്‍മ്മ പ്രശ്നങ്ങള്‍, ദുര്‍ബലമായ നഖങ്ങള്‍

ആരോഗ്യകരമായ മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രോട്ടീന്‍ വളരെ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, മുടി കനംകുറഞ്ഞതായി മാറുകയും കൂടുതല്‍ കൊഴിഞ്ഞുപോകുകയും ചെയ്യാം. ചര്‍മ്മം വരണ്ടുപോകാനും അടര്‍ന്നുപോകാനും സാധ്യതയുണ്ട്. മാത്രമല്ല നഖങ്ങള്‍ ആരോഗ്യം കുറഞ്ഞ് എളുപ്പത്തില്‍ പൊട്ടിപ്പോകുകയും ചെയ്യാം.

എഡിമ

ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, ശരീരത്തിലെ കോശങ്ങള്‍ അവയില്‍ ദ്രാവകം നിലനിര്‍ത്തുന്നു. ഇത് പാദങ്ങളും കണങ്കാലുകളും ഒക്കെ നീര് വന്നതുപോലെ വീര്‍ക്കാന്‍ ഇടയാക്കും. പ്രോട്ടീന്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ദ്രാവകങ്ങള്‍ അടുത്തുള്ള കലകളിലേക്ക് ഒഴുകിയെത്തി അവ വീര്‍ക്കാനും വേദനാജനകമാകാനും സാധ്യതയുണ്ട്.

മതിയായ പ്രോട്ടീന്റെ അഭാവം പേശികളെയും രോഗപ്രതിരോധ സംവിധാനത്തെയും ശരീരത്തിന്റെ രൂപത്തെയും ഊര്‍ജ്ജ നിലയേയും തുടങ്ങി ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. ശരീരം ശക്തവും ആരോഗ്യകരവും സന്തുലിതവുമായി നിലനിര്‍ത്താന്‍, ദിവസവും പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.

Similar News