പൊള്ളലേറ്റാല്‍ എന്ത് ചെയ്യും? ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ!

വീട്ടില്‍ നിന്നും ചെയ്യാവുന്ന ഇത്തരം പരിഹാരങ്ങള്‍ ചിലപ്പോള്‍ ഗുണങ്ങള്‍ നല്‍കുമെങ്കിലും, ചിലതരം പൊള്ളലുകള്‍ക്ക് വൈദ്യസഹായം കൂടിയേ തീരൂ;

Update: 2025-07-22 11:24 GMT

പൊള്ളലേല്‍ക്കുന്നത് സാധാരണ സംഭവിക്കുന്ന അപകടങ്ങളില്‍ ഒന്നാണ്. വീട്ടമ്മമ്മാര്‍ക്കാണ് അധികവും പൊള്ളല്‍ ഏല്‍ക്കുന്നത്. ജോലിക്കിടെ തിളച്ച വെള്ളം മറിയുകയോ, ചൂട് എണ്ണ വീഴുകയോ ചെയ്താണ് പലപ്പോഴും പൊള്ളല്‍ ഏല്‍ക്കുന്നത്. മറ്റ് രീതിയിലും പൊള്ളല്‍ ഏല്‍ക്കാം. പൊള്ളലിനെ ഫസ്റ്റ് ഡിഗ്രി, സെക്കന്‍ഡ് ഡിഗ്രി, തേര്‍ഡ് ഡിഗ്രി എന്നിങ്ങന മൂന്നായി വിഭജിക്കാം.

പൊള്ളലേറ്റ ഭാഗത്ത് ചുവക്കുകയും തടിക്കുകയും ചെയ്യുന്നതാണ് ഒന്നാം ഡിഗ്രി പൊള്ളല്‍. ചര്‍മ്മത്തിന് നേരിയ നിറവ്യത്യാസവും കാണും. ചര്‍മ്മത്തിന്റെ പകുതിയോളം ആഴത്തില്‍ പരിക്ക് പറ്റുന്ന പൊള്ളലാണ് രണ്ടാം ഡിഗ്രി പൊള്ളല്‍. ഇത്തരത്തില്‍ പൊള്ളിയാല്‍ തൊലി പുറത്ത് കുമിളകള്‍ രൂപപ്പെടും. തൊലി കരിഞ്ഞുപോകുന്ന അവസ്ഥയാണ് മൂന്നാം ഡിഗ്രി പൊള്ളല്‍. ഇതുമൂലം ചര്‍മ്മത്തിലെ നാഡികള്‍, പേശികള്‍, എന്നിവയ്ക്ക് പരിക്കേല്‍ക്കാം.

ഫസ്റ്റ് ഡിഗ്രി പൊള്ളലാണെങ്കില്‍ ഡോക്ടറെ കാണണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് സെക്കന്‍ഡ്, തേര്‍ഡ് ഡിഗ്രി പൊള്ളലുകളാണെങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതാണ്. പൊള്ളലേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പൊള്ളിയ ഭാഗത്തെ കഴുകുകയാണ്. കൈകൊണ്ട് ഉരസാതെ പൈപ്പിന്‍ ചുവട്ടില്‍ പൊള്ളലേറ്റ ഭാഗം വെക്കുക. ശുദ്ധജലം കൊണ്ട് മാത്രമേ കഴുകാവൂ. ഇത്തരത്തില്‍ 20 മിനിറ്റോളം പൈപ്പിന് ചുവട്ടില്‍ വെക്കാവുന്നതാണ്. കുമിളകള്‍ രൂപപ്പെട്ടുവെങ്കില്‍ അത് പൊട്ടാതെ സൂക്ഷിക്കണം. ഇത്തരം പൊള്ളലുകള്‍ക്ക് വൈദ്യസഹായം ആവശ്യമാണ്.

ഇനി പൊള്ളലേറ്റാല്‍ വീട്ടില്‍ നിന്നും തന്നെ ചെയ്യാവുന്ന ചില പൊടി ചികിത്സകള്‍ ഉണ്ട്. ഇത്തരം വീട്ടുവൈദ്യങ്ങള്‍ പൊള്ളല്‍ മൂലമുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. വീട്ടില്‍ നിന്നും ചെയ്യാവുന്ന ഇത്തരം പരിഹാരങ്ങള്‍ ചിലപ്പോള്‍ ഗുണങ്ങള്‍ നല്‍കുമെങ്കിലും, ചിലതരം പൊള്ളലുകള്‍ക്ക് വൈദ്യസഹായം കൂടിയേ തീരൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

ഒന്നാം ഡിഗ്രി , രണ്ടാം ഡിഗ്രി പൊള്ളലേറ്റാല്‍ ചികിത്സിക്കാന്‍ പ്രകൃതിദത്തമായ പരിഹാരങ്ങള്‍ ഏറ്റവും അനുയോജ്യമാണ്. കറ്റാര്‍ വാഴ, തേന്‍, കലണ്ടുല എന്നിവ ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗത്ത് ചികിത്സിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ കുട്ടികള്‍ക്ക് പൊള്ളലേറ്റാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരരുത്. എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

പ്രധാനപ്പെട്ട വീട്ടുചികിത്സകളെ കുറിച്ച് അറിയാം.

തണുത്ത വെള്ളവും കംപ്രസ്സുകളും

ചെറിയ പൊള്ളലിനുള്ള ആദ്യ ചികിത്സ തണുത്ത ടാപ്പ് വെള്ളത്തില്‍ (ഐസ് അല്ല) മുക്കിയോ തണുത്ത നനഞ്ഞ കംപ്രസ്സുകള്‍ പുരട്ടിയോ തണുപ്പിക്കുക എന്നതാണ്. ഇത് 10 മുതല്‍ 15 മിനിറ്റ് വരെ അല്ലെങ്കില്‍ വേദന കുറയുന്നതുവരെ ചെയ്യുക.

കറ്റാര്‍ വാഴ

ഒന്നാം ഡിഗ്രി, രണ്ടാം ഡിഗ്രി പൊള്ളലേറ്റാല്‍ കറ്റാര്‍ വാഴ നല്ലൊരു പരിഹാരമായി കാലാകാലമായി ഉപയോഗിച്ചുവരുന്നു. പൊള്ളലേറ്റ സ്ഥലത്ത് കറ്റാര്‍ വാഴ ഉപയോഗിച്ച് ചികിത്സ തേടിയ ആള്‍ക്ക് മറ്റൊരു പരമ്പരാഗത പ്രതിവിധി ഉപയോഗിച്ചവരേക്കാള്‍ വേഗത്തില്‍ സുഖം പ്രാപിച്ചതായി പഠനം വ്യക്തമാക്കുന്നു

വേദന ശമിപ്പിക്കാനും കുമിളകളും വടുക്കളും ഒഴിവാക്കാനും, പൂര്‍ണ്ണമായും സുഖപ്പെടുന്നതുവരെ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കറ്റാര്‍ വാഴ ജെല്‍ നേരിട്ട് പൊള്ളലില്‍ പുരട്ടുക. മിക്കവാറും നമ്മുടെ തൊടികളില്‍ നിന്നുതന്നെ കറ്റാര്‍ വാഴ കിട്ടും. കത്തി ഉപയോഗിച്ച് കറ്റാര്‍ വാഴയുടെ ഒരു ഇല മുറിച്ച്, പള്‍പ്പ് പിഴിഞ്ഞ് ചര്‍മ്മത്തില്‍ പുരട്ടുക.

തേന്‍

പൊള്ളലേറ്റ ചര്‍മ്മത്തില്‍ തേന്‍ പുരട്ടുന്നത് രോഗശാന്തിയെ പ്രോത്സാഹിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു.

തേന്‍ വേദന കുറയ്ക്കുമെന്ന് മാത്രമല്ല, അണുബാധയ്ക്കും വീക്കത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. തേനില്‍ അസിഡിറ്റി ഉള്ളതുകൊണ്ടാകാം ഇത്. അതിനാല്‍ തേന്‍ പൊള്ളലിന്റെ pH കുറയ്ക്കുകയും ബാക്ടീരിയയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. തേനിലെ പഞ്ചസാര ബാക്ടീരിയകളെയും ഉണക്കിയേക്കാം.

എന്നിരുന്നാലും, ചിലരില്‍ തേന്‍ തടവുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അത്തരക്കാര്‍ തേന്‍ ഒഴിവാക്കുന്നത് നല്ലതാണ്.

കലണ്ടുല

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതായി കണ്ടെത്തിയ ഒരു പുഷ്പമാണ് കലണ്ടുല. ഒന്നാം ഡിഗ്രി, രണ്ടാം ഡിഗ്രി പൊള്ളലേറ്റാല്‍ ചികിത്സയ്ക്ക് ഇത് നല്ലതാണ്. പലപ്പോഴും കലണ്ടുല ജമന്തിയുമായി ആശയക്കുഴപ്പത്തിലാകുന്നു, രണ്ടും സൂര്യകാന്തി (ആസ്റ്ററേസി) കുടുംബത്തിലെ അംഗങ്ങളാണ്. ജമന്തികള്‍ ടാഗെറ്റസ് ജനുസ്സില്‍ പെട്ടതും കലണ്ടുല കലണ്ടുല ജനുസ്സില്‍ പെട്ടതാണെന്നും മാത്രമാണ് വ്യത്യാസം.

ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്ന ഒരു ചികിത്സയായി ഇതിനെ കാണാം. കലണ്ടുല പലപ്പോഴും തൈലങ്ങള്‍, സോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. കലണ്ടുലയ്ക്ക് ഗുണകരമായ രോഗശാന്തി ഗുണങ്ങളുണ്ടെന്നും ടിഷ്യു, രക്തക്കുഴലുകള്‍ എന്നിവയുടെ രൂപീകരണം വര്‍ദ്ധിപ്പിച്ച് രണ്ടാം ഡിഗ്രി പൊള്ളലേറ്റതിന്റെ രോഗശാന്തി ത്വരിതപ്പെടുത്തുന്നതില്‍ ഫലപ്രദമാണെന്നും പഠനം വ്യക്തമാക്കുന്നു.

പെട്രോളിയം ജെല്ലി

ഒന്നാം ഡിഗ്രി അല്ലെങ്കില്‍ രണ്ടാം ഡിഗ്രി പൊള്ളലില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് രോഗശാന്തി പ്രക്രിയയെ സഹായിച്ചേക്കാം.

സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

പൊള്ളല്‍ ഭേദമായി കഴിഞ്ഞാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

പൊള്ളലേറ്റാല്‍ ഒഴിവാക്കേണ്ട പരിഹാരങ്ങള്‍

ഐസ്, വെണ്ണ, മുട്ടയുടെ വെള്ള, കോര്‍ട്ടിസോണ്‍ ക്രീം, വെളിച്ചെണ്ണ, ഒലിവ് ഓയില്‍, അല്ലെങ്കില്‍ മറ്റ് പാചക എണ്ണകള്‍ എന്നിവ പൊള്ളലേറ്റ ഭാഗത്ത് പ്രയോഗിച്ചാല്‍ അത് കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. അണുബാധയുണ്ടാക്കുകയും ചെയ്യും.

Similar News