തലമുടി കൊഴിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ചിലപ്പോള്‍ ഈ രോഗങ്ങളുടെ ലക്ഷണങ്ങളാകാം
മുടി കൊഴിയുകയും എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലമാകാം;
പലരുടേയും പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ചിലപ്പോള്‍ വിഷാദ രോഗത്തിനും കാരണമാകാറുണ്ട്. പലരും മുടി കൊഴിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഡോക്ടറെ കാണുകയും പരിഹാരങ്ങള്‍ തേടുകയും ചെയ്യാറുണ്ട്. ചിലര്‍ പരസ്യങ്ങളില്‍ കാണുന്ന എണ്ണകളൊക്കെ വാങ്ങി മുടിയില്‍ തേച്ച് മുടി കൊഴിച്ചില്‍ മാറ്റാന്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ കുറച്ച് മുടിയൊക്കെ കൊഴിയുന്നത് കൊണ്ട് പ്രശ്നമില്ല. ഓരോ പ്രാവശ്യവും മുടി ചീകുമ്പോഴോ കഴുകുമ്പോഴോ കെട്ടുകണക്കിന് മുടി കൊഴിയുകയാണെങ്കില്‍ മാത്രം അതിനെ ഒരു ആരോഗ്യ പ്രശ്നമായി കണക്കാക്കാം. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മുടി കൊഴിച്ചില്‍ ഉണ്ടാകാം. അവയെ കുറിച്ച് അറിയാം.
തൈറോയ്ഡ് പ്രശ്നങ്ങള്‍
മുടി കൊഴിയുകയും എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലമാകാം. ഇത്തരക്കാര്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭക്ഷണ ക്രമത്തിലൂടെയും നല്ല ചികിത്സയിലൂടെയും ഇത് മാറ്റാവുന്നതാണ്.
പ്രമേഹം
ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. മുടിയുടെ കനം കുറയുക, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. എപ്പോഴുമുള്ള ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മങ്ങിയ കാഴ്ച, ക്ഷീണം തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ സൂചനകളാകാം.
ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച
ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനെ പരിഹരിക്കാന്‍ ചീര, പയറുവര്‍ഗങ്ങള്‍, ചുവന്ന മാംസം എന്നിവ കഴിക്കാം. ആര്‍ത്തവമുള്ള സ്ത്രീകള്‍, സസ്യാഹാരികള്‍, അല്ലെങ്കില്‍ ആവശ്യത്തിന് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്ത ആരിലും ഇരുമ്പിന്റെ കുറവ് സാധാരണമാണ്.
വിറ്റാമിന്‍ ഡിയുടെ കുറവ്
വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. പേശി ബലഹീനത, വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ തുടര്‍ച്ചയായ ചൊറിച്ചില്‍, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകാം. ശരിയായ ചികിത്സ കൊണ്ടും ഭക്ഷണ ക്രമം കൊണ്ടും ഇതില്‍ നിന്നും മോചനം തേടാം.
ലൂപസ്
ലൂപസ് പോലുള്ള ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളില്‍ മുടി കൊഴിച്ചില്‍ ലക്ഷണമായി കാണപ്പെടാം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗത്തിന്റെ ചുരുക്കപ്പേരാണ് ലൂപസ്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് വരാനുള്ള കാരണം. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, സന്ധി വേദന, നീര്‍ക്കെട്ട്, ക്ഷീണം, വായിലെ അള്‍സര്‍, മുടി കൊഴിച്ചില്‍ എന്നിവ രോഗ ലക്ഷണങ്ങളാണ്.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ്. അണ്ഡാശയങ്ങളില്‍ പുരുഷ ഹോര്‍മോണുകള്‍ അഥവാ ആന്‍ഡ്രോജനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങള്‍ വളര്‍ച്ച നിലച്ച് കുമിളകളായി നിറയുന്ന അവസ്ഥയാണ് ഇത്.
അണ്ഡാശയങ്ങള്‍ ചെറുകുമിളകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന പേര് ഉണ്ടായത്. ആര്‍ത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രധാനപ്പെട്ട ലക്ഷണം. എന്നാല്‍ ഇതിനൊപ്പം അമിത വണ്ണം, മുഖക്കുരു പ്രശ്‌നങ്ങള്‍, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഉണ്ടാകാം.
ഈ അസുഖം ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍, മരുന്നുകള്‍, ഹോര്‍മോണ്‍ നിയന്ത്രണം എന്നിവ ഉപയോഗിച്ച് ഇതിനെ അകറ്റാന്‍ കഴിയും.
ടെലോജന്‍ എഫ് ളൂവിയം (TE)
ഇതൊരു രോഗമല്ല - മറിച്ച് സമ്മര്‍ദ്ദം, രോഗം, പ്രസവം, ശസ്ത്രക്രിയ, അല്ലെങ്കില്‍ ക്രാഷ് ഡയറ്റുകള്‍ എന്നിവ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്. ടെലോജന്‍ എഫ് ളൂവിയം എന്നത് നിങ്ങളുടെ മുടി വളരെ നേരത്തെ തന്നെ 'വിശ്രമ ഘട്ടത്തിലേക്ക്' പ്രവേശിക്കുകയും, ട്രിഗറിംഗ് സംഭവത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് കൂട്ടത്തോടെ കൊഴിഞ്ഞുപോകുകയും ചെയ്യുന്നതാണ്.