DYSPNEA | ശ്വാസ തടസം; കാരണങ്ങളും പരിഹാരങ്ങളും അറിയാം

Update: 2025-04-02 11:46 GMT

ശ്വാസതടസത്തെ ഡിസ്പിനിയ എന്നാണ് വിളിക്കുന്നത്. വായുവിനു വേണ്ടി ശ്വാസം മുട്ടുന്ന ഒരു തോന്നല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടാം, കൂടാതെ ഹൃദയം അല്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍, പൊണ്ണത്തടി അല്ലെങ്കില്‍ ഉത്കണ്ഠ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകളും ഇതിന് കാരണമാകാം.

ശ്വാസതടസ്സം ഒരു അസുഖകരമായ അവസ്ഥയാണ്. പെട്ടെന്നുള്ളതോ, നിശിതമോ, ഇടയ്ക്കിടെയുള്ളതോ ആയ ശ്വാസതടസ്സം ഇടയ്ക്കിടെ അനുഭവപ്പെടുകയാണെങ്കില്‍, ഉടനടി വൈദ്യസഹായം നല്‍കുന്നത് നല്ലതാണ്.

ശ്വാസതടസ്സം ആസ്ത്മ, ഹൃദ്രോഗം, അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ തകരാറുകള്‍ തുടങ്ങിയ വിവിധ അടിസ്ഥാന അവസ്ഥകളുടെ പ്രകടനമായിരിക്കാം. ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനും കാര്‍ബണ്‍ ഡൈ ഓക് സൈഡ് നീക്കം ചെയ്യുന്നതിനും ഹൃദയവും ശ്വാസകോശവും അത്യാവശ്യമാണ്.

എന്നാല്‍ ശ്വാസം മുട്ടല്‍ ഉള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല, അതിന് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. അത് എന്താണെന്ന് നോക്കാം

ശ്വാസം മുട്ടലിനുള്ള പരിഹാര മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ കണ്ടെത്താം. എന്നാല്‍ ശ്വാസം മുട്ടല്‍ രൂക്ഷമാകുന്നുവെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.

വീട് വൃത്തിയായി സൂക്ഷിക്കുക

ശ്വാസംമുട്ടല്‍ ഒഴിവാക്കാനുള്ള ആദ്യ വഴി വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട്ടില്‍ അലര്‍ജിക്ക് കാരണമാകുന്ന പൊടിയും മറ്റും അടിഞ്ഞു കൂടുന്നത് പലപ്പോഴും ശ്വാസംമുട്ടല്‍ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ വീട് വൃത്തിയാക്കുക എന്നതാണ് ഒരു വഴി.

ആവി പിടിക്കുക

ശ്വാസംമുട്ടലിന് ആശ്വാസം നല്‍കാന്‍ കഴിയുന്ന ലളിതമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ആവിപിടിക്കല്‍. ആവിപിടിക്കുമ്പോള്‍ കഫത്തിന്റെ കട്ടി കുറഞ്ഞ് അയവ് വരും. അതിനാല്‍ ഇത് എളുപ്പം പുറത്ത് കളഞ്ഞ് സൈനസും ശ്വസന നാളങ്ങളും വൃത്തിയാക്കാന്‍ കഴിയും.

ചൂട് വെള്ളം കുടിക്കുക

ചൂട് വെള്ളം കുടിക്കുന്നത് ശ്വാസംമുട്ടലിന് ഒരുപരിധി വരെ ആശ്വാസം നല്‍കാന്‍ സഹായിക്കും. കഫം പുറത്ത് പോകാനും ശ്വാസനാളങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഇത് നല്ലതാണ്. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.

ചൂട് എണ്ണകൊണ്ട് തടവുക

കഫം ഉണ്ടാകുന്നത് ശ്വാസംമുട്ടലിന് കാരണമാകും. അതിനാല്‍ ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ ചൂടെണ്ണ കൊണ്ട് തടവുന്നത് സഹായിക്കും. മൂക്കിലും ശ്വസനനാളികളിലും കഫം രൂപപ്പെടാതിരിക്കാനും മരുന്നും ഇന്‍ഹെയ് ലറും ഉപയോഗിക്കാതെ ശ്വാസംമുട്ടല്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.

യൂക്കാലിപ്റ്റസ് തൈലം

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു സുഗന്ധതൈലമാണിത്. പഴുപ്പ്, ബാക്ടീരിയ, കഫം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി യൂക്കാലിപ് റ്റസിന് ഉണ്ട്. അതിനാല്‍ മൂക്ക് തുറക്കാനും ശ്വാസംമുട്ടല്‍ എളുപ്പം ഇല്ലാതാക്കാനും ഇത് സഹായിക്കും.

ചൂട് വെള്ളത്തില്‍ കുളി

ആവി പിടിക്കുന്നത് പോലെ തന്നെ ചൂട് വെള്ളത്തില്‍ കുളിക്കുന്നതും ശ്വാസംമുട്ടലിന് ആശ്വാസം നല്‍കും. ചൂട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ മൂക്കിലും മറ്റും കട്ടിപിടിച്ചിരുന്ന കഫം പുറത്ത് പോകുന്നതിന് പുറമെ ശ്വസനനാളികള്‍ക്കും ചുറ്റുമുള്ള പേശികള്‍ക്കും ആശ്വാസം ലഭിക്കുകയും ചെയ്യും.

തേന്‍

പ്രകൃതിദത്ത ആന്റിബയോട്ടിക് ആയ തേനിന് കഫത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയുണ്ട്. ശ്വാസംമുട്ടലിനുള്ള പല ഔഷധങ്ങളിലും തേന്‍ ഒരു പ്രധാന ചേരുവയാണ്. അലര്‍ജി സാധ്യത കുറയ്ക്കാനും ശ്വാസനാളങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഇത് സഹായിക്കും.

വെളുത്തുള്ളി

ആന്റിഓക് സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അലര്‍ജിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വെളുത്തുള്ളി സൈനസ് കോശങ്ങള്‍ വീര്‍ക്കുന്നത് തടയുകയും ശ്വാസ നാളങ്ങള്‍ തുറക്കുകയും ചെയ്യും. ഇതിന് പുറമെ പ്രകൃതിദത്ത ആന്റിബയോട്ടിക് ആയ വെളുത്തുള്ളി മൂക്കിലെ അലര്‍ജിക്ക് കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാനും സഹായിക്കും.

ഉള്ളി

വെളുത്തുള്ളിയുടെ പല ഗുണങ്ങളും ഉള്ളിക്കും ഉണ്ട്. എന്നാല്‍ ശ്വാസംമുട്ടലിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നത് ഇതിലെ വ്യത്യസ്തമായ മറ്റൊരു സംയുക്തമാണ്. ഉള്ളി അരിയുമ്പോള്‍ കണ്ണുനീര്‍ വരാന്‍ കാരണമാകുന്ന സള്‍ഫറിന് അലര്‍ജിയും കഫവും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇത് ശ്വാസം മുട്ടിലിന് പരിഹാരം നല്‍കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ ശരീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് കഫം ഉണ്ടാകുന്നത് കുറയ്ക്കുകയും വിഷാംശങ്ങള്‍ പുറത്ത് പോകുന്നതിന് സഹായിക്കുകയും ചെയ്യും. ശ്വസനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ സഹായിക്കും. പ്രതിജ്വലന ശേഷിയും ആന്റിഓക്സിഡന്റ് ഗുണവും ധാരാളം അടങ്ങിയിട്ടുള്ള മഞ്ഞള്‍ മൂക്കിലെ തടസ്സങ്ങള്‍ നീക്കാനും ശ്വസനേന്ദ്രിയങ്ങളിലെ അസ്വസ്ഥതയും പഴുപ്പും ഇല്ലാതാക്കാനും സഹായിക്കും

ഇഞ്ചി

ശ്വാസംമുട്ടല്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍ പോലെ തന്നെ ഫലപ്രദമാണ് ഇഞ്ചിയും. പ്രതിജ്വലനശേഷിയുള്ള ഇഞ്ചി ശ്വാസനാളികളിലെ തടസം മാറ്റി ആശ്വാസം നല്‍കാനും നെഞ്ചിലെ വിമ്മിഷ്ടം കുറയ്ക്കാനും സഹായിക്കും.

Similar News