ശരീരത്തിന്റെ കൃത്യമായ തൂക്കം അറിയണോ? ഈ സമയം തിരഞ്ഞെടുക്കൂ

Update: 2025-02-20 10:16 GMT

ശരീരഭാരം നോക്കുന്നത് പലരുടേയും ശീലമാണ്. ചിലരാകട്ടെ തങ്ങളുടെ ഭാരം ദിവസവും നോക്കുന്നത് പതിവാക്കുന്നവരാണ്. ഡയറ്റും മറ്റും പിന്തുടരുന്നവരാണ് ഇത്തരത്തില്‍ പതിവായി ഭാരം നോക്കുന്നത്. ഒരു ദിവസം കുറച്ച് കൂടുകയോ കുറയുകയോ ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. പട്ടിണി കിടന്നെങ്കിലും ഇവര്‍ ഭാരം മിതപ്പെടുത്തും.

എന്നാല്‍ തൂക്കം നോക്കുമ്പോള്‍ പലപ്പോഴും വ്യത്യാസം അനുഭവപ്പെടുന്നത് കാണാം. ഒരു ദിവസത്തില്‍ തന്നെ പല തവണ തൂക്കം നോക്കിയാല്‍ ഇത് പലതരത്തിലുള്ള കണക്കുകളാകും നല്‍കുന്നത്. ഇത്തരം അവസരങ്ങളില്‍ വെയിറ്റിംഗ് മെഷീനെ കുറ്റം പറഞ്ഞാണ് പലരും സമാധാനിക്കാറ്. എന്നാല്‍ വെയിറ്റിംഗ് മെഷീന്റെ തകരാറല്ല, കൃത്യ സമയത്ത് കൃത്യമായി തൂക്കം നോക്കിയാല്‍ ഭാരം കൃത്യമായി തന്നെ രേഖപ്പെടുത്തും എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇനി ഏതൊക്കെ സമയത്താണ് തൂക്കം കൃത്യമായി അറിയുന്നത് എന്ന് നോക്കാം

രാവിലെ എഴുന്നേറ്റാലുടന്‍

രാവിലെ എഴുന്നേറ്റാലുടന്‍ തൂക്കം നോക്കുന്നത് വഴി കൃത്യമായ കണക്ക് ലഭിക്കും. കാരണം ഭക്ഷണം കഴിച്ച ശേഷവും മറ്റും തൂക്കം നോക്കുമ്പോള്‍ ആ തൂക്കം കൂടി ചേര്‍ത്തായിരിക്കും കാണിക്കുക.

മലമൂത്ര വിസര്‍ജനം ചെയ്തശേഷം

രാവിലെ എഴുന്നേറ്റയുടന്‍ തൂക്കം നോക്കുന്നതിന് മുന്‍പായി മല, മൂത്രവിസര്‍ജനം നടത്തണം. അതിനുശേഷം തൂക്കം നോക്കിയാല്‍ മാത്രമേ ശരിയായ തൂക്കം ലഭിക്കൂ. മറിച്ചായാല്‍ വയറ്റിലെ ഫ്ളൂയിഡിന്റെയും വേസ്റ്റിന്റേയും തൂക്കം കൂടി ശരീരഭാരത്തില്‍ വരും.

പാനീയങ്ങള്‍ കുടിക്കുന്നതിന് മുന്‍പ്

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് മാത്രമല്ല, വെള്ളം, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിന് മുന്‍പായി തന്നെ ശരീരത്തിന്റെ തൂക്കം നോക്കുന്നത് നല്ലതാണ്. മരുന്നു പോലും ഇതിന് ശേഷം മാത്രം കുടിക്കുക. ഇത് ശരിയായ തൂക്കം ലഭിക്കാന്‍ സഹായിക്കും.

ദഹിക്കാത്ത ഭക്ഷണം

തലേ ദിവസത്തെ ദഹിക്കാത്ത ഭക്ഷണം വരെ വയറ്റില്‍ ബാക്കിയുണ്ടെങ്കില്‍ ഇത് അര മുതല്‍ ഒരു കിലോ വരെ കൂടുതല്‍ തൂക്കം കാണിക്കാന്‍ ഇടയാക്കുന്നു. അതിനാലാണ് രാവിലെ ടോയ്ലറ്റില്‍ പോയ ശേഷം മാത്രം തൂക്കം നോക്കാന്‍ പറയുന്നത്. തൂക്കം കൃത്യമായി ലഭിക്കാന്‍ ചെരിപ്പുകള്‍ ഒഴിവാക്കി നിവര്‍ന്ന് നിന്ന് തൂക്കം നോക്കുക.

രാവിലെ ലഭിക്കുന്ന തൂക്കത്തേക്കാള്‍ മറ്റ് സമയങ്ങളില്‍ നോക്കിയാല്‍ ലഭിക്കുന്ന തൂക്കത്തില്‍ വ്യത്യാസം കാണാന്‍ കാരണം ഇവയെല്ലാമാണ്.

Similar News