വിഷാദമുണ്ടോ? ആശ്വാസമേകാനുണ്ട് ആശ്വാസ് ക്ലിനിക്കുകള്‍

Update: 2025-09-12 05:03 GMT

കാസര്‍കോട്: കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതുമൂലമുള്ള ആത്മഹത്യയിലേക്കും വഴിവെക്കുന്ന രോഗമാണ് വിഷാദം. ഇങ്ങനെ വിഷാദ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ ആശ്വാസം ക്ലിനിക്കുകള്‍. ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് ആശ്വാസം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 2017 മുതലാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഭാഗമായി 38 ആശ്വാസം ക്ലിനിക്കുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി മാസംതോറും അഞ്ഞൂറിലേറെ പേരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും അതില്‍ അഞ്ച് ശതമാനത്തിലേറെ വ്യക്തികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

പാലിയേറ്റീവ് കെയര്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍, പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍, മദ്യപാനം മറ്റു ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നവര്‍, മദ്യപാനം മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ കുടുംബാംഗങ്ങള്‍, പരിചാരകര്‍, പാലിയേറ്റീവ് കെയര്‍ ചികിത്സയില്‍ ഇരിക്കുന്നവരുടെ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, അപസ്മാരം തുടങ്ങിയ അസുഖങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍, ആത്മഹത്യ ശ്രമം നടത്തിയിട്ടുള്ളവര്‍, ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങള്‍, സമീപകാലത്ത് കടുത്ത ജീവിത പ്രതിസന്ധി നേരിട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രധാനമായും വിഷാദരോഗത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവര്‍. മുന്‍കൂട്ടി തയ്യാറാക്കിയ ഒമ്പത് ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലികളുടെ അടിസ്ഥാനത്തില്‍ ആണ് രോഗനിര്‍ണയം നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹ സന്ദര്‍ശനവേളയിലും കുടുംബരോഗ്യകേന്ദ്രങ്ങളില്‍ മറ്റു ചികിത്സയ്ക്കായി എത്തുന്നവരിലും വിഷാദരോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നവരോട് ആരോഗ്യ പ്രവര്‍ത്തകര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുകയും കിട്ടുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ രോഗ തീവ്രത നിര്‍ണയിക്കുകയും ചെയുന്നു.തുടര്‍ന്ന്, രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ല മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി അനുബന്ധ ടെസ്റ്റുകളും ചികിത്സകളും നല്‍കുന്നു. അതോടൊപ്പം അവര്‍ക്ക് വേണ്ട മാനസിക പിന്തൂണയും ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തുന്നു. ശരീരികാരോഗ്യത്തോടൊപ്പം മനസ്സിന്റെ ആരോഗ്യത്തെയും ചേര്‍ത്ത് പിടിക്കുകയാണ് ആശ്വാസ് ക്ലിനിക്കുകള്‍

Similar News