രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഡയറ്റീഷ്യന്‍ ശുപാര്‍ശ ചെയ്യുന്ന 7 ഭക്ഷണങ്ങള്‍

ചിട്ടയായതും ആരോഗ്യകരവുമായ ഭക്ഷണശീലം പിന്തുടര്‍ന്നാല്‍ പ്രമേഹം പോലുള്ള അസുഖങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്താവുന്നതേ ഉള്ളൂ;

Update: 2025-07-24 11:13 GMT

ഇന്നത്തെ കാലത്ത് പ്രായ ഭേദമെന്യേ ആളുകള്‍ക്ക് പ്രമേഹം കൂടിവരികയാണ്. ഭക്ഷണ ക്രമത്തിലെ അലസതയാണ് പ്രധാനമായും പ്രമേഹം പിടിപെടാനുള്ള കാരണം. ചിട്ടയായതും ആരോഗ്യകരവുമായ ഭക്ഷണശീലം പിന്തുടര്‍ന്നാല്‍ പ്രമേഹം പോലുള്ള അസുഖങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്താവുന്നതേ ഉള്ളൂ. ഇന്ത്യയിലുടനീളം പ്രമേഹ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം നിര്‍ണായകമാണ്.

മരുന്നുകളും ജീവിതശൈലിയും കൂടാതെ, പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതില്‍ സമീകൃതാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അപ്പോള്‍, സ്വാഭാവികമായും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില സാധാരണ ഭക്ഷണക്രമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നവി മുംബൈയിലെ ഖാര്‍ഘറിലെ മെഡിക്കോവര്‍ ആശുപത്രിയിലെ ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവി ഡോ. രാജേശ്വരി പാണ്ട നല്‍കുന്ന നിര്‍ദേശങ്ങളെ കുറിച്ച് അറിയാം.

1. ഉലുവ വിത്തുകള്‍ (മേത്തി)

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സൂപ്പര്‍ ഫുഡാണ് ഉലുവ വിത്ത്. ഇതില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം: ഒരു ടീസ്പൂണ്‍ ഉലുവ വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ വെള്ളം കുടിക്കുക, അല്ലെങ്കില്‍ മേത്തി ഇലകള്‍/വിത്തുകള്‍ പരിപ്പുവടകളിലും സബ്‌സികളിലും ചേര്‍ത്ത് കഴിക്കുക.

2. ഇലക്കറികള്‍ (പാലക്, മേത്തി, സര്‍സണ്‍ മുതലായവ)

രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ കുറഞ്ഞ കാര്‍ബ്, ഉയര്‍ന്ന നാരുകളുള്ള പച്ചക്കറികളാണിവ.

3. ബെറികളും ജാമുനും (ഇന്ത്യന്‍ ബ്ലാക്ക് ബെറി)

സ്‌ട്രോബെറി, ബ്ലൂബെറി, ഇന്ത്യന്‍ ജാമുന്‍ തുടങ്ങിയ ബെറികളില്‍ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഉപയോഗിക്കുന്ന വിധം: ലഘുഭക്ഷണമായി കഴിക്കുക അല്ലെങ്കില്‍ തൈരിലും പ്രഭാതഭക്ഷണത്തിലും ചേര്‍ക്കുക.

4. ഫ്‌ളാക്‌സ് സീഡുകള്‍ (അല്‍സി), നട്‌സ്

ഫ്‌ലാക്‌സ് സീഡുകള്‍, ബദാം, വാല്‍നട്ട് എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പും നാരുകളും നല്‍കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം: ഫ്‌ളാക്‌സ് സീഡുകള്‍ പൊടിച്ച് മോരിലോ, തൈരിലോ അല്ലെങ്കില്‍ റൊട്ടി മാവിലോ ചേര്‍ക്കുക. ദിവസവും ഒരു ചെറിയ പിടി നട്‌സ് കഴിക്കുക.

5. പയര്‍വര്‍ഗ്ഗങ്ങള്‍ (ചന, രാജ്മ, മസൂര്‍ ദാല്‍ മുതലായവ)

പ്രോട്ടീനും നാരുകളും അടങ്ങിയതിനാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍ സാവധാനം ദഹിക്കുകയും ഭക്ഷണത്തിനുശേഷം പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം: പരിപ്പ്, ബീന്‍സ് എന്നിവ പതിവായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

6. കറുവപ്പട്ട (ഡാല്‍ചിനി)

കറുവപ്പട്ട ഉപവാസ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.

ഉപയോഗിക്കുന്ന വിധം: ചായ, ഓട്‌സ് അല്ലെങ്കില്‍ കറി വിഭവങ്ങളില്‍ ഒരു നുള്ള് ചേര്‍ക്കുക.

7. തൈരും പുളിപ്പിച്ച ഭക്ഷണങ്ങളും

തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുന്നു.

ഉപയോഗിക്കുന്ന വിധം: ഭക്ഷണത്തോടൊപ്പം തൈര് അല്ലെങ്കില്‍ മോര് ഒരു സെര്‍വിംഗ് ഉള്‍പ്പെടുത്തുക, പുളിപ്പിച്ച ലഘുഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കുക.

മികച്ച ഫലങ്ങള്‍ ലഭിക്കാനുള്ള നുറുങ്ങുകള്‍

*എപ്പോഴും കാര്‍ബോഹൈഡ്രേറ്റുകള്‍ (അരി, റൊട്ടി) പ്രോട്ടീനും നാരുകളും (പരിപ്പ്, പച്ചക്കറികള്‍, തൈര്) സംയോജിപ്പിക്കുക.

*പകല്‍ സമയത്ത് ധാരാളം വെള്ളം കുടിക്കുക.

*ഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം ശീലിക്കുക.

*പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക.

*പെട്ടെന്നുള്ള പഞ്ചസാരയുടെ കുതിച്ചുചാട്ടം ഒഴിവാക്കാന്‍ ചെറിയ, സമീകൃത ഭക്ഷണം പതിവായി കഴിക്കുക.

ഈ ദൈനംദിന ഭക്ഷണങ്ങളും ഇന്ത്യന്‍ സൂപ്പര്‍ഫുഡുകളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാന്‍ സഹായിക്കും. 'മേന്തി വിത്തുകളും ഇലക്കറികളും മുതല്‍ പയര്‍വര്‍ഗ്ഗങ്ങള്‍, കറുവപ്പട്ട, പുളിപ്പിച്ച ഭക്ഷണങ്ങള്‍ വരെ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതാണ്.

Similar News