ഇന്ത്യയില്‍ അഞ്ചില്‍ മൂന്ന് വനിതകള്‍ക്ക് വിളര്‍ച്ച ; പഠന റിപ്പോര്‍ട്ട്

Update: 2025-03-07 09:23 GMT

സ്ത്രീകളില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും ഇന്ത്യയില്‍ അഞ്ചില്‍ മൂന്ന് പേര്‍ക്ക് വിളര്‍ച്ച ഉള്ളതായും റെഡ്ക്ലിഫ് ലാബ്സിന്റെ പഠനത്തില്‍ കണ്ടെത്തി. പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം നടത്തിയ പഠനത്തില്‍, വിളര്‍ച്ചയും തൈറോയ്ഡ് വൈകല്യങ്ങളുമാണ് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വിളര്‍ച്ച, തൈറോയ്ഡ് വൈകല്യങ്ങള്‍, ആര്‍ത്രൈറ്റിസ്, പ്രമേഹം, ലിപിഡ് അസുന്തിലിതാവസ്ഥ എന്നിവയില്‍ വര്‍ദ്ധനവ് കാണുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി സ്ത്രീകള്‍ വിളര്‍ച്ചയ്ക്ക് ഇരയാവുന്നുണ്ട് . 'അതുപോലെ, അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് തൈറോയ്ഡ് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ക്ഷീണം, ഉപാപചയ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിളര്‍ച്ച, ചികിത്സിച്ചില്ലെങ്കില്‍, വിട്ടുമാറാത്ത ക്ഷീണത്തിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകും. അതേസമയം ജീവിതശൈലി ഘടകങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹവും ലിപിഡ് വൈകല്യങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

മൊത്തത്തില്‍, ഓരോ രണ്ട് വ്യക്തികളിലും ഒരാള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ പിടിപെടുന്നു. അതില്‍ 52 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്മാരുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനവ് ഗുരുതരമായ ആശങ്കയാണെന്ന് റെഡ്ക്ലിഫ് ലാബ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ആദിത്യ കണ്ടോയ് പറഞ്ഞു. സമയബന്ധിതമായ ആരോഗ്യ പരിശോധനകളുടെയും പ്രതിരോധ പരിചരണത്തിന്റെയും അടിയന്തിര ആവശ്യകതയാണ് ഈ കണക്കുകള്‍ എടുത്തുകാണിക്കുന്നത്. സ്ത്രീകള്‍ പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാള്‍ കുടുംബങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പതിവ് പരിശോധനകളും ലളിതമായ ജീവിതശൈലി മാറ്റങ്ങളും ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കും. അവബോധം, നേരത്തെയുള്ള രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍ എന്നിവ ആരോഗ്യകരമായ ഭാവിയിലേക്ക് നയിക്കുമെന്ന് കണ്ടോയ് കൂട്ടിച്ചേര്‍ത്തു.

Similar News