16കാരന്റെ കൈത്തണ്ടയില്‍ 13 സെ.മീ നീളമുള്ള വിര; അപൂര്‍വ ശസ്ത്രക്രിയ

Update: 2025-01-25 10:20 GMT

കാസര്‍കോട്: 16കാരന്റെ കൈത്തണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 13 സെന്റിമീറ്റര്‍ നീളമുള്ള അത്യപൂര്‍വ്വ വിരയെ പുറത്തെടുത്തു. കാസര്‍കോട് ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരായ വിശാഖ് കരിച്ചേരി, ഹരികിരണ്‍ ബങ്കേര എന്നിവരുടെ നേതൃത്വത്തിലാണ് 2 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ അത്യപൂര്‍വ രോഗാണുവിനെ പുറത്തെടുത്തത്. ഒരു വര്‍ഷത്തോളമായി കുട്ടിക്ക് ചെറിയ ലക്ഷണങ്ങള്‍ കണ്ടിരുന്നെങ്കിലും 3 മാസത്തോളമായി കഠിന വേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ കൈത്തണ്ടയില്‍ ഡിറോഫൈലേറിയ ഇനത്തില്‍പെട്ട വിര വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മന്ത് രോഗത്തിന് കാരണമാകുന്ന ഈ വിര പൊതുവെ കാലുകളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൈത്തണ്ടയിലും ആണ്‍ കുട്ടികളിലും കണ്ടെത്തുന്നത് അത്യപൂര്‍വ്വമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കൈത്തണ്ടയിലെ നാഡിയുടെയും രക്തക്കുഴലിന്റെയും ടെന്‍ഡനുകളുടെയും ഇടയിലൂടെ ഉണ്ടായിരുന്ന മൂന്ന് വിരകളെ അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.ഇതില്‍ വലിപ്പം കൂടിയ ഒന്നിന് 13 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. ഡിറോഫൈലേറിയ ഇനത്തില്‍ പെടുന്ന ഇത്തരം വിരകള്‍ കൊതുകുകള്‍ വഴി തന്നെയാകാം ശരീരത്തില്‍ എത്തിയതെന്നാണ് നിഗമനം.

Similar News