ബേളയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കൂലിതൊഴിലാളി മരിച്ചു

മാന്യ കടവിലെ പരേതരായ കൃഷ്ണയ്യ ഷെട്ടിയുടെയും ലക്ഷ്മിയുടെയും മകന്‍ ഗോപാല ഷെട്ടിയാണ് മരിച്ചത്.;

Update: 2025-04-21 05:08 GMT

ബേള: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കൂലിതൊഴിലാളി മരിച്ചു. മാന്യ കടവിലെ പരേതരായ കൃഷ്ണയ്യ ഷെട്ടിയുടെയും ലക്ഷ്മിയുടെയും മകന്‍ ഗോപാല ഷെട്ടി(60)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30മണിയോടെ ബേള വി.എം നഗറിലാണ് സംഭവം.

റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗതയില്‍ ബദിയടുക്ക ഭാഗത്ത് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ ദുബായ് രജിസ്ട്രേഷന്‍ നമ്പര്‍ കാര്‍ റോഡിലേക്ക് വീണ ഗോപാലന്റെ ദേഹത്ത് കയറുകയും ചെയ്തു.

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗോപാലനെ സ്ഥലത്തുണ്ടായിരുന്നവര്‍ കുമ്പളയിലെ സഹകരണാസ് പത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ബേബി. മക്കള്‍: സഹന, സഞ്ജന്‍. മരുമകന്‍: കാര്‍ത്തിക്.

സഹോദരങ്ങള്‍: കവിത, സരസ്വതി, വിശ്വകുമാരി, ഹേമന്ത്, പരേതനായ രാധാകൃഷ്ണ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ ഇരു കാര്‍ ഡ്രൈവര്‍മാര്‍ക്കുമെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Similar News