നടനും ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
വാഷിങ്ടന്‍: നടനും ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക് മാനും (95) ഭാര്യ ബെറ്റ്‌സി അരകാവ(63)യും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ മെക്‌സിക്കോ സാന്റാ ഫെയിലെ വസതിയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ വളര്‍ത്തുനായയും മരിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. രണ്ടു തവണ ഓസ്‌കര്‍ നേടിയിട്ടുള്ള ജീന്‍ 1967 ല്‍ പുറത്തിറങ്ങിയ ബോണി ആന്‍ഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്.
സൂപ്പര്‍മാന്‍, ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫൊര്‍ഗിവന്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍എവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകള്‍. ഭാര്യ ബെറ്റ് സി അറാകവ പിയനിസ്റ്റാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജീന്‍ ഹാക്ക് മാന്‍. 1971 ല്‍ മയക്കുമരുന്ന് കഥാപാത്രമായിട്ടുള്ള ദി ഫ്രഞ്ച് കണക്ഷന്‍, 1992-ലെ വെസ്റ്റേണ്‍ അണ്‍ഫോര്‍ഗിവന്‍ എന്നിവയ്ക്കാണ് ജീന്‍ ഹാക്ക് മാന് അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്. സ്വതന്ത്ര സിനിമകളില്‍ നിരൂപക പ്രശംസ നേടുകയും ബ്ലോക്ക് ബസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത അപൂര്‍വം ഹോളിവുഡ് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ക്രിസ്റ്റഫര്‍ റീവ് അഭിനയിച്ച യഥാര്‍ത്ഥ സൂപ്പര്‍മാന്‍ ചിത്രങ്ങളില്‍ ലെക്‌സ് ലൂഥറായി അഭിനയിച്ചതിലൂടെയും അദ്ദേഹം അറിയപ്പെട്ടു.
1960-കളുടെ തുടക്കത്തില്‍ ആരംഭിച്ച നീണ്ട കരിയറില്‍ 80-ലധികം സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം അഭിനയിച്ചു. രണ്ട് ഓസ്‌കറുകള്‍ക്ക് പുറമേ, രണ്ട് ബാഫ്റ്റ അവാര്‍ഡുകളും നാല് ഗോള്‍ഡന്‍ ഗ്ലോബുകളും അദ്ദേഹത്തിന് ലഭിച്ചു. 2004-ല്‍ അഭിനയ ജീവിതത്തില്‍ നിന്ന് വിരമിച്ചു. വെല്‍ക്കം ടു മൂസ്പോര്‍ട്ട് അദ്ദേഹത്തിന്റെ അവസാനത്തെ സ്‌ക്രീന്‍ അവതരണമായിരുന്നു.
രണ്ട് വിവാഹം കഴിച്ച ജീന്‍ ഹാക്ക് മാന് ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. ഫെയ് മാള്‍ട്ടീസുമായുള്ള ആദ്യ വിവാഹം 1956 മുതല്‍ 86 വരെ 30 വര്‍ഷക്കാലം നീണ്ടുനിന്നു. 1991 ല്‍ ഹാക്ക് മാന്‍ അരകാവയെ വിവാഹം കഴിച്ചു. സിനിമയില്‍ എത്തുന്നതിന് മുമ്പ്, 1947-51 വരെയുള്ള നാല് വര്‍ഷ കാലം അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് മറൈന്‍ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചിരുന്നു.