കലകളുടെ വര്‍ണ്ണപ്പെയ്ത്തായി തിരുമുറ്റത്ത് പുന:സമാഗമം; അടുത്ത വര്‍ഷം വിപുലമായ സാഹിത്യോത്സവ് സംഘടിപ്പിക്കും

കാസര്‍കോട്: സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍, യു.എ. ഖാദര്‍, സംവിധായകന്‍ ലാല്‍ ജോസ്, ലോക പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, ഗാനരചയിതാവ് റഫീഖ് അഹ്‌മദ്, ചിത്രകാരന്‍ ബാര ഭാസ്‌കരന്‍, കവി മുരുകന്‍ കാട്ടാക്കട, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, നോവലിസ്റ്റ് സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരെ അണിനിരത്തി 'തിരുമുറ്റത്ത്' എന്ന പേരില്‍ 2016 ജനുവരിയില്‍ കാസര്‍കോടിന് ഒരിക്കലും മറക്കാനാവാത്ത സാഹിത്യ-സാംസ്‌കാരികോത്സവം സമ്മാനിച്ച തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1991-92 ബാച്ച് അടുത്ത വര്‍ഷം പ്രമുഖ സാഹിത്യ, സാംസ്‌കാരിക, സിനിമ നായകരെ അണിനിരത്തി […]

കാസര്‍കോട്: സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍, യു.എ. ഖാദര്‍, സംവിധായകന്‍ ലാല്‍ ജോസ്, ലോക പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, ഗാനരചയിതാവ് റഫീഖ് അഹ്‌മദ്, ചിത്രകാരന്‍ ബാര ഭാസ്‌കരന്‍, കവി മുരുകന്‍ കാട്ടാക്കട, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, നോവലിസ്റ്റ് സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരെ അണിനിരത്തി 'തിരുമുറ്റത്ത്' എന്ന പേരില്‍ 2016 ജനുവരിയില്‍ കാസര്‍കോടിന് ഒരിക്കലും മറക്കാനാവാത്ത സാഹിത്യ-സാംസ്‌കാരികോത്സവം സമ്മാനിച്ച തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1991-92 ബാച്ച് അടുത്ത വര്‍ഷം പ്രമുഖ സാഹിത്യ, സാംസ്‌കാരിക, സിനിമ നായകരെ അണിനിരത്തി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.
ടി. ഉബൈദ് മാഷിന്റെ സ്മരണാര്‍ത്ഥം 1974ല്‍ തളങ്കരയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'തിരുമുറ്റത്ത്' ടീം വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
തിരുമുറ്റത്ത് പരിപാടിയുടെ പുന:സമാഗമം എന്ന പേരില്‍ തളങ്കര സ്‌കൂളിലെ 1991-92 ബാച്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലങ്കാനത്തെ ട്രിബോണ്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ സംഘാടകന്‍ കെ. ഷുഹൈബാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അന്തര്‍ദേശീയ, ദേശീയ തലത്തില്‍ ശ്രദ്ധേയരായ സാഹിത്യ പ്രതിഭകളെ അണിനിരത്തിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്നും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സാഹിത്യ പ്രതിഭകള്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ടെന്നും ഷുഹൈബ് പറഞ്ഞു. ഇതിനായി 1991-92 ബാച്ചിലെ മുഴുവന്‍ അംഗങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചതായും സാഹിത്യ രംഗത്തെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഫെസ്റ്റായിരിക്കും ഇതെന്നും സംഘാടക സമിതി അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നൗഫല്‍ തളങ്കര പറഞ്ഞു.
'തിരുമുറ്റത്ത്' പുന:സമാഗമം വ്യത്യസ്ത കലകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. 1991-92 അധ്യായന വര്‍ഷത്തില്‍ ജില്ലാതല സ്‌കൂള്‍ കലോത്സവത്തില്‍ തളങ്കര സ്‌കൂളിന് വേണ്ടി അണിനിരന്ന് വട്ടപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ആ ചുവടുകള്‍ക്ക് ജീവന്‍ നല്‍കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഒപ്പന, ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വട്ടപ്പാട്ട്, വെള്ളിക്കോത്ത് എം.പി.എസ്.എച്ച് സ്‌കൂളിന്റെ സംഘനൃത്തം എന്നിവ ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. മാസ്റ്റര്‍ ദേവ്ദത്തിന്റെ വയലിന്‍ ഷോ, മാസ്റ്റര്‍ ഹസ്സന്‍ ഫാസിന്റെ സോളോ പിയാനോ ഷോ, സിമ്യ ഹംദാന്‍ നയിച്ച ഗാനമേള എന്നിവയും മനം കവര്‍ന്നു. ഗഫൂര്‍ ഊദിന്റെ നേതൃത്വത്തില്‍ 1991-92 ടീം അവതരിപ്പിച്ച ഒപ്പനയും കയ്യടി നേടി. ത്വയ്യിബ് കൊച്ചി കുടുംബസംഗമത്തിന് നേതൃത്വം നല്‍കി.
പുന:സമാഗമം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കൂട്ടായ്മ അംഗം ഹസ്സന്‍ പതിക്കുന്നില്‍ നന്ദി പറഞ്ഞു. ഗഫൂര്‍ ഊദ്, സിയാദ്. കെ.എം, സുലൈമാന്‍. ബി.എച്ച്.എന്‍, സര്‍ഫ്രാസ് പി.വി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it