വായിക്കാന്‍ അബ്ദുല്ല ഇല്ലെങ്കിലും...

ആ ദിവസം എനിക്ക് കൃത്യമായ ഓര്‍മ്മയില്ല. എന്നാല്‍ നമ്മള്‍ അവസാനമായി കണ്ട സ്ഥലവും സമയവും നല്ല നിശ്ചയമുണ്ട്. താങ്കളുടെ മരണത്തിന് അഞ്ചെട്ട് ദിവസം മുമ്പായിരുന്നു അത്. നുള്ളിപ്പാടി പെട്രോള്‍ പമ്പിനടുത്ത്, വൈകിട്ട് ഒരഞ്ചുമണി നേരത്ത്. താങ്കള്‍ അന്ന് നന്നേ വിയര്‍ത്തിരുന്നു. നന്നായി കിതക്കുന്നുമുണ്ടായിരുന്നു. കുപ്പായത്തിന്റെ മേലെ ബട്ടണ്‍ രണ്ടും അഴിച്ചിട്ടുണ്ട്. ഒരു ആശ്വാസത്തിന് നെഞ്ചാകെ ഊതിയതും ഞാനോര്‍ക്കുന്നു. നടക്കാന്‍ ഇറങ്ങിയതാണെന്നും പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ കടയില്‍ സുഹൃത്ത് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് ധൃതിയില്‍ നടന്നു പോകുന്നതിനിടയില്‍, നമ്മള്‍ തമ്മിലുള്ള […]

ആ ദിവസം എനിക്ക് കൃത്യമായ ഓര്‍മ്മയില്ല. എന്നാല്‍ നമ്മള്‍ അവസാനമായി കണ്ട സ്ഥലവും സമയവും നല്ല നിശ്ചയമുണ്ട്. താങ്കളുടെ മരണത്തിന് അഞ്ചെട്ട് ദിവസം മുമ്പായിരുന്നു അത്. നുള്ളിപ്പാടി പെട്രോള്‍ പമ്പിനടുത്ത്, വൈകിട്ട് ഒരഞ്ചുമണി നേരത്ത്.
താങ്കള്‍ അന്ന് നന്നേ വിയര്‍ത്തിരുന്നു. നന്നായി കിതക്കുന്നുമുണ്ടായിരുന്നു. കുപ്പായത്തിന്റെ മേലെ ബട്ടണ്‍ രണ്ടും അഴിച്ചിട്ടുണ്ട്. ഒരു ആശ്വാസത്തിന് നെഞ്ചാകെ ഊതിയതും ഞാനോര്‍ക്കുന്നു. നടക്കാന്‍ ഇറങ്ങിയതാണെന്നും പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ കടയില്‍ സുഹൃത്ത് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് ധൃതിയില്‍ നടന്നു പോകുന്നതിനിടയില്‍, നമ്മള്‍ തമ്മിലുള്ള അവസാനത്തെ സംഭാഷണം ഒരേഴ് മിനിറ്റ് നീണ്ടുകാണും. താങ്കള്‍ കുറെ പരിഭവം പറഞ്ഞു. പരിഭവം പലപ്പോഴും പതിവായിരുന്നതിനാല്‍ ഞാന്‍ അതത്ര കാര്യമാക്കിയില്ല.
നിഷേധത്തിന്റെ ഒരു കടല്‍ പലപ്പോഴും ഞാന്‍ താങ്കളുടെ കണ്ണുകളില്‍ കണ്ടിരുന്നു. പ്രതാപ കാലത്തിന്റെ കൊടുമുടിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിവന്നപ്പോഴുണ്ടായ സങ്കടങ്ങളുടെ കടലാണ് ആ കണ്ണുകളില്‍ ഇരമ്പിയാര്‍ത്തിരുന്നതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു.
ഞാന്‍ ഓര്‍ക്കുകയാണ്. പത്തിരുപത് വര്‍ഷം മുമ്പ്. ഉത്തരദേശത്തിന്റെ പേജുകള്‍ ഇന്നത്തെ പോലെ വികസിച്ചിട്ടില്ല. മള്‍ട്ടികളര്‍ പ്രിന്റിലേക്ക് കടന്നിട്ടുമില്ല. എങ്കിലും ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമൊക്കെയുള്ള കാസര്‍കോട്ടുകാര്‍ ഉത്തരദേശത്തിന്റെ വരവിനായി പെരുന്നാള്‍ പോലെ കാത്തിരുന്ന ഒരു കാലമായിരുന്നു അത്. മൂന്ന് ദിവസം കൂടുമ്പോഴാണ് ഉത്തരദേശം ഗള്‍ഫില്‍ എത്തുക. അപ്പോഴും വീട്ടില്‍ നിന്നുള്ള കത്ത് പ്രതീക്ഷിച്ചിരിക്കുന്നത് പോലെ ഉത്തരദേശത്തിന് വേണ്ടി കാത്തിരിക്കുമായിരുന്നു. കാസര്‍കോട്ടുകാരുടെ ഓരോ മുറികളിലും ഉത്തരദേശം അന്ന് പാറിപ്പറന്നിരുന്നു. വള്ളിപുള്ളി തെറ്റാതെ ഓരോ വാര്‍ത്തയും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തിരുന്നു.
അന്ന് ഉത്തരദേശത്തില്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്ക് മാത്രമായി 'ഗള്‍ഫ് കോര്‍ണര്‍' എന്ന ഒരു കോളം തന്നെ ഉണ്ടായിരുന്നു. എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഗള്‍ഫ് കോര്‍ണര്‍ വിദേശത്തു നിന്നുള്ള വാര്‍ത്തകളെകൊണ്ട് നിറഞ്ഞിരുന്നു. അക്കാലത്ത് ഉത്തരദേശത്തിന്റെ പി.ബി. നമ്പര്‍-61 ലേക്ക് പറന്നിറങ്ങുന്ന വാര്‍ത്തകളില്‍ ഏറെയും വിദേശത്തുനിന്നുള്ളവയായിരുന്നു. പെര്‍ഫ്യൂം മണക്കുന്ന മുന്തിയ തരം എയര്‍മെയില്‍ കവറുകള്‍ പൊട്ടിക്കുമ്പോള്‍ അവയില്‍ നിന്ന് ഊര്‍ന്നു വീഴുന്ന വാര്‍ത്തകള്‍ക്കൊപ്പം പലപ്പോഴും സുമുഖനായ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ടിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടിനും കേന്ദ്രമന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമിനുമൊക്കെ ഒപ്പമുള്ള ഫോട്ടോയിലെ ആ സുന്ദരന്‍ താങ്കള്‍ ആയിരുന്നു. സുലൈമാന്‍ സേട്ട് പാര്‍ലമെന്റിലെ ഗര്‍ജ്ജിക്കുന്ന ശബ്ദമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹത്തോട് ഒട്ടിച്ചേര്‍ന്നു നിന്ന് താങ്കള്‍ എന്തോ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫോട്ടോയും വലിയ നേതാക്കള്‍ പങ്കെടുത്ത പരിപാടികളില്‍ മുന്‍ നിരയില്‍ വലിയ പദവികള്‍ വഹിച്ച് താങ്കള്‍ ഇരിക്കുന്നതും കണ്ട് ഏറെ നേരം നോക്കി നിന്നുപോയിട്ടുണ്ട്. പിന്നീടെപ്പോഴോ അബുദാബിയില്‍ എത്തിയപ്പോള്‍ താങ്കളുടെ പ്രസംഗവും സംഘടനാ പ്രവര്‍ത്തനവും കണ്ട് അതിശയിച്ചുനിന്നിട്ടുണ്ട്. എന്തൊരു ശരീര ഭാഷയായിരുന്നു. ഓരോ ചലനങ്ങളിലും താങ്കളുടേത്. അത് താങ്കളുടെ സുവര്‍ണ കാലമായിരുന്നു. താങ്കളെ കുറിച്ച് പഠിക്കുമ്പോഴൊക്കെ അതിശയം എന്റെ മുന്നില്‍ വരിവരിയായി നില്‍ക്കുമായിരുന്നു. വാര്‍ത്തയോടൊപ്പം താങ്കള്‍ അയക്കുന്ന കവറിംഗ് ലെറ്ററിലെ മാന്യഭാഷയും കയ്യെഴുത്ത് ഭംഗിയും കണ്ട് അവ ഞാന്‍ സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ വല്ലാത്തൊരു ആരാധന താങ്കളോട് തോന്നിയിരുന്നു, അക്കാലത്ത്.
കാണ്‍കെ കാണ്‍കെ താങ്കള്‍ പ്രവാസ സംഘടനകളുടെയും സമ്പത്തിന്റെയും ഉന്നതിയിലേക്ക് കുതിക്കുന്നത് ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഇതിലുമേറെ നക്ഷത്ര സമാനമായ ഒരു ഭൂതകാലം താങ്കള്‍ക്ക് ഉണ്ടായിരുന്നുവെന്നും സി.എച്ച്. മുഹമ്മദ് കോയ അടക്കമുള്ളവരുമായി താങ്കള്‍ സ്ഥാപിച്ചിരുന്ന ആത്മബന്ധത്തിന് വല്ലാത്ത ദൃഢതയായിരുന്നുവെന്നും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. കാസര്‍കോട്ടെ സാംസ്‌കാരിക വേദികളിലും ഒരു കാലത്ത് മുന്‍നിരയില്‍ തന്നെ താങ്കളെ കണ്ടിരുന്നു. ആംഗലേയ ഭാഷ നന്നായി മൊഴിയുന്നതും പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ശീലുകള്‍ താങ്കളില്‍ നിറയുന്നതും കണ്ട് ഞങ്ങള്‍ വാ പൊളിച്ച് നിന്നിട്ടുണ്ട്. താങ്കളുടെ സൗന്ദര്യം ഞങ്ങള്‍ എല്ലാവരും കണ്‍കുളിര്‍ക്കെ ആസ്വദിച്ചിട്ടുണ്ട്. 'ഹാന്റ്‌സം' എന്ന വാക്കിന് സമം വെക്കാന്‍ അന്ന് ഞങ്ങളുടെ മുന്നില്‍ താങ്കള്‍ മാത്രമേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരു അതിപ്രശംസയല്ല. അത് താങ്കളുടെ കാലം തന്നെയായിരുന്നു.
നാട്ടില്‍ വരുമ്പോഴൊക്കെ അബുദാബിയുടെ മണം താങ്കളില്‍ നിന്ന് ഒഴുകിയിരുന്നു. ഫുള്‍കൈ ഷര്‍ട്ട് ധരിച്ച്, ഇന്‍ ചെയ്ത്, കൂളിംഗ് ഗ്ലാസ് മൂക്കിലേക്ക് താഴ്ത്തിവെച്ച്, പാറിക്കളിക്കുന്ന നീളന്‍ മുടി നെറ്റിയിലേക്ക് വലിച്ചിട്ട്, ഫിയറ്റ് കാറില്‍ താങ്കള്‍ പറന്നിരുന്ന ഓര്‍മ്മ എന്റെ മുന്നില്‍ ഇപ്പോഴും ചീറിപ്പായുന്നുണ്ട്.


***
പക്ഷെ, പൊടുന്നനെ എന്താണ് സംഭവിച്ചത്. എവിടെയാണ് കാലിടറിയത്. സൗഹൃദങ്ങളുടെ പെരുമഴയില്‍ നനഞ്ഞു കുളിക്കുമ്പോഴും ഒരു ഏകാന്തത താങ്കളെ അലട്ടിയിരുന്നുവോ. പതുക്കെ ഉള്‍വലിയാന്‍ ശ്രമിച്ചിരുന്നുവോ.
സൗഹൃദങ്ങളുടെ ഒരു തേനീച്ചക്കൂടായിരുന്നു താങ്കള്‍. ആ കൂട്ടില്‍ തേന്‍ നുകരാന്‍ രാപ്പകലില്ലാതെ എത്രയെത്ര പേരാണ് മൂളിപ്പാടി വന്നത്. എരിയുന്ന സിഗരറ്റ് ചുണ്ടോട് ചേര്‍ത്ത് അറേബ്യന്‍ അത്തര്‍ മണക്കുന്ന ഭൂതകാലത്തിന്റെ എത്രയെത്ര അതിശയക്കഥകളാണ് താങ്കള്‍ അവരോട് വിളമ്പിയത്. പാതിരായാമങ്ങള്‍ വരെ നീണ്ട എത്രയെത്ര കൂടിച്ചേരലുകള്‍, എത്രയെത്ര രാവുകള്‍, എത്രയെത്ര കൂട്ടുകാര്‍, ഏതൊക്കെ വിഭാഗക്കാര്‍... ഒറ്റയ്ക്കാവുമ്പോള്‍ ഹൃദയത്തെ നോവിച്ചിരുന്ന സങ്കടങ്ങള്‍ക്ക് മേല്‍ പുരട്ടാനുള്ള ലേപനമായിരുന്നില്ലേ നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍...
കുറേ മുമ്പാണ്. ഒരിക്കല്‍ വിദ്യാനഗര്‍ നൂര്‍ മസ്ജിദില്‍ നിന്ന് ഇല്യാസ് എ. റഹ്‌മാനോടൊപ്പം അസര്‍ നിസ്‌കാരം കഴിഞ്ഞിറങ്ങുമ്പോള്‍ നിങ്ങള്‍ എന്നോട് എന്തൊക്കെയോ തുറന്ന് പറയാന്‍ വെമ്പിയിരുന്നു. സദാ നേരവും എരിഞ്ഞിരുന്ന സങ്കടത്തിന്റെ വലിയൊരു തീ ഗോളം താങ്കളുടെ ഉള്ളിലുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ പിന്നീടൊരിക്കലാവാം എന്ന് പറഞ്ഞ് തുടങ്ങിയിടത്ത് തന്നെ നിര്‍ത്തി അന്ന് താങ്കളൊരു ചിരിചിരിച്ചു. വല്ലാത്തൊരു ചിരിയായിരുന്നു അത്. ഒരുപാട് നിഗൂഢതകളുടെ തോട് പൊട്ടിച്ച് ആ ചിരി മുവന്തിയുടെ ചെമപ്പില്‍ ലയിച്ചപ്പോള്‍ നിങ്ങളെന്നെ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തിയതും 'മാഷെ പോലെ വളരണം' എന്ന് കാതിലോതിയതും ഞാന്‍ മറക്കില്ല.
പിന്നീട് പലപ്പോഴും കാണുമ്പോഴൊക്കെ വഴി വക്കുകളില്‍ എന്നെ പിടിച്ചു നിര്‍ത്തി താങ്കള്‍ നിരത്തിയിരുന്ന പരിഭവങ്ങള്‍...
താങ്കളെ ഗൗനിക്കുന്നില്ലെന്നുള്ള പരാതികള്‍... എത്രയെത്ര തവണ... പരിഭവം താങ്കള്‍ ഒരു ശീലമാക്കിയിരുന്നു. ഉത്തരദേശത്തില്‍ വരാത്ത വാര്‍ത്തകളെ കുറിച്ചായിരുന്നു താങ്കളുടെ പരിഭവം ഏറെയും.
'ഷാഫിയോട് പറഞ്ഞാലേ വരുന്നുള്ളൂ'. ഇങ്ങനെ എന്നെ തടഞ്ഞു നിര്‍ത്തി പലപ്പോഴും താങ്കള്‍ പറഞ്ഞിരുന്നു. അതൊരു പ്രശംസയോ കുറ്റപ്പെടുത്തലോ ആണെന്നറിയാതെ ഞാന്‍ കുഴങ്ങിയിട്ടുണ്ട്. പത്രങ്ങളില്‍ പടങ്ങള്‍ വരുന്നതിന്റെയും വരാതിരിക്കുന്നതിന്റെയും സാഹചര്യങ്ങള്‍ വേണ്ടപോലെ മനസിലാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഞാനത് പറയുമ്പോള്‍ എത്ര തവണ താങ്കള്‍ പിണങ്ങി പോയിട്ടുണ്ട്, ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്.
താങ്കളുടെ പരിഭവങ്ങള്‍ ഓരോന്നും എന്റെ മനസിന് മാധുര്യം പകര്‍ന്നിട്ടേ ഉള്ളൂ. ഒടുവില്‍ കണ്ടപ്പോഴും താങ്കള്‍ എന്നോട് പരിഭവിക്കുകയും പിണങ്ങുകയും ചെയ്തു. താങ്കളും ബാല്യകാല സുഹൃത്ത് യഹ്‌യ തളങ്കരയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ 60 വര്‍ഷങ്ങളെ കുറിച്ച് ശംസുദ്ദീന്‍ കോളിയടുക്കം അയച്ചു തന്ന കുറിപ്പ് പത്രത്തില്‍ അച്ചടിച്ച് വരാത്തതിനെ കുറിച്ചായിരുന്നു അന്നത്തെ താങ്കളുടെ പരിഭവം. അത്യപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കഥകളല്ലാതെ എല്ലാ സൗഹൃദങ്ങളെയും കുറിച്ച് എഴുതാന്‍ പോയാല്‍ പത്രത്തിന്റെ പേജുകള്‍ തികയാതെ വരുമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ എന്നോട് പിണങ്ങി. കൈ വലിച്ചുമാറ്റി. കാസര്‍കോട് ഗവ. കോളേജിലെ അധ്യാപകരായിരുന്ന പൂജിത്തായയും ചാപ്പാടി വാസുദേവയും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാഫി തന്നെ ഉത്തരദേശത്തില്‍ എഴുതിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് വീണ്ടും താങ്കള്‍ എന്നോട് തര്‍ക്കിച്ചു. അതൊരു അത്യപൂര്‍വ്വ സൗഹൃദമായിരുന്നുവെന്ന് പറഞ്ഞ് ഞാന്‍ ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ താങ്കള്‍ വിട്ടില്ല. ഒടുവില്‍ സലാം പറഞ്ഞ്, കൈ കൊടുത്ത് താങ്കള്‍ നടന്നു നീങ്ങിയ ആ നിമിഷം എന്റെ കണ്ണില്‍ നിന്ന് മായില്ല. പിന്നീട് ഒരിക്കലും നമ്മള്‍ കണ്ടിട്ടില്ല; താങ്കള്‍ കണ്ണടച്ച്, നിശ്ചലനായി കിടക്കുന്നത് വരെ.
വായിക്കാന്‍ താങ്കള്‍ ഇല്ലെങ്കിലും അവസാന കൂടിക്കാഴ്ചയില്‍ താങ്കള്‍ പ്രകടിപ്പിച്ച ആഗ്രഹം പോലെ താങ്കളും യഹ്‌യ തളങ്കരയും തമ്മിലുള്ള അറുപതാണ്ട് നീണ്ട ആത്മബന്ധത്തെ കുറിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ്. ചുവടെ ആ സൗഹൃദ കഥ വായനക്കാര്‍ വായിക്കട്ടെ.

Related Articles
Next Story
Share it