ലോക്ക്ഡൗണ്‍ കാലത്ത് എക്‌സൈസ് ഉണര്‍ന്നപ്പോള്‍ കേസും കൂടി; പിടിച്ചെടുത്തത് 59 വാഹനങ്ങള്‍

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ കാലത്ത് എക്‌സൈസ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കേസുകളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനവ്. പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ കാര്യത്തിലും നല്ല നേട്ടം തന്നെയാണുണ്ടായത്. 16ന് അവസാനിച്ച 40 ദിവസത്തെ ലോക്ഡൗണിലാണ് കേസിന്റെ കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റം നേടാനായത്. സാധാരണ നിലയില്‍ മാസത്തില്‍ ശരാശരി പത്തോ പതിനഞ്ചോ വാഹനങ്ങളാണ് കസ്റ്റഡിയിലെടുക്കാറുണ്ടായിരുന്നത് മെയ് മാസത്തില്‍ 37 വാഹനങ്ങളും ജൂണിലെ 16 ദിവസത്തിനുള്ളില്‍ 22 വാഹനങ്ങളുമായി ലോക്ഡൗണ്‍ കാലത്ത് 59 വാഹനങ്ങളാണ് മദ്യ-മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. മദ്യക്കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട് […]

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ കാലത്ത് എക്‌സൈസ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കേസുകളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനവ്. പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ കാര്യത്തിലും നല്ല നേട്ടം തന്നെയാണുണ്ടായത്.
16ന് അവസാനിച്ച 40 ദിവസത്തെ ലോക്ഡൗണിലാണ് കേസിന്റെ കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത മുന്നേറ്റം നേടാനായത്. സാധാരണ നിലയില്‍ മാസത്തില്‍ ശരാശരി പത്തോ പതിനഞ്ചോ വാഹനങ്ങളാണ് കസ്റ്റഡിയിലെടുക്കാറുണ്ടായിരുന്നത് മെയ് മാസത്തില്‍ 37 വാഹനങ്ങളും ജൂണിലെ 16 ദിവസത്തിനുള്ളില്‍ 22 വാഹനങ്ങളുമായി ലോക്ഡൗണ്‍ കാലത്ത് 59 വാഹനങ്ങളാണ് മദ്യ-മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.
മദ്യക്കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട് 170 കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട് 10 കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 268 കേസുകളും ഉള്‍പ്പെടെ 448 കേസുകളാണ് 40 ദിവസത്തിനുള്ളില്‍ ജില്ലയില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസുകളില്‍ നിന്നായി 150 ലിറ്റര്‍ സ്പിരിറ്റ്, 67 ലിറ്റര്‍ ചാരായം, 3680 ലിറ്റര്‍ വാഷ്, 214 ലിറ്റര്‍ കര്‍ണാടക ബിയര്‍, 6180 ലിറ്റര്‍ കര്‍ണാടക-ഗോവ വിദേശമദ്യം, രണ്ട് കഞ്ചാവ് ചെടി, 28.3 കിലോ കഞ്ചാവ്, 123.89 ഗ്രാം എം.ഡി.എം.എ, 14.02 ഗ്രാം നൈട്രിസിഫാം എന്നിവയും തൊണ്ടി വസ്തുവായി പിടിച്ചെടുത്തു. ചാരായ നിരോധന കാലത്ത് പോലുമില്ലാത്ത രീതിയിലുള്ള വന്‍കടത്ത് സംഘങ്ങളെയാണ് എക്‌സൈസ് ജില്ലയില്‍ നേരിട്ടത്.
റെയ്ഞ്ചുകളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണത്തില്‍ സംസ്ഥാനത്ത് വയനാടിനൊപ്പം ഏറ്റവും പിന്നിലാണ് കാസര്‍കോട്. ആറ് റെയ്ഞ്ച് ഓഫീസുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. 200ല്‍ താഴെയാണ് എക്‌സൈസിന്റെ ജില്ലയിലെ അംഗബലം.
അംഗീകൃത മദ്യശാലകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്ന ലോക് ഡൗണ്‍ കാലത്ത് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിപണനവും വര്‍ധിക്കുകയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മദ്യക്കടത്തും മയക്കുമരുന്ന് കടത്തും ശക്തമായപ്പോഴും കോവിഡ് ഭീഷണിയെ പോലും വകവയ്ക്കാതെ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാഗ്രതയാണ് മദ്യ-മയക്ക് മരുന്ന് മാഫിയയെ നേരിടാന്‍ പ്രാപ്തമാക്കിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വിനോദ് ബി. നായര്‍, അസി. എക്‌സൈസ് കമ്മീഷണര്‍ എം.എന്‍. രഘുനാഥന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

Related Articles
Next Story
Share it