കാസര്‍കോട്: സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍കോട് പുതിയതായി നിര്‍മ്മിച്ച ജില്ലാ പൊലീസ് മേധാവിയുടെ ചേമ്പര്‍, നവീകരിച്ച മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഹാള്‍, വിസിറ്റിങ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടേതടക്കം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നവീകരിച്ച നിര്‍മ്മിതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ പോലീസ് സ്റ്റേഷന്, വനിതാ സെല്‍, പ്രത്യേക വനിതാ ബെറ്റാലിയന് അതോടൊപ്പം അപരാജിത, പിങ്ക് പൊലീസ്, നിഴല്‍, വനിതാ സ്വയം പ്രതിരോധ സംഘം ഇങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങളുണ്ട്. ഇതോടൊപ്പമാണ് കേരളത്തിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകുന്നതിനും സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനും ആധുനികവത്ക്കരണം ആവശ്യമാണെന്നും നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പൊലീസ് ജീവനക്കാര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സഹായിക്കട്ടെയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്, ഡി.വൈ.എസ്.പി സി ബ്രാഞ്ച് ആന്റ് കണ്‍സ്ട്രക്ഷന്‍ നോഡല്‍ ഓഫീസര്‍ സതീഷ്കുമാര്‍ ആലക്കാല്‍, കെ.പി. ഒ.എ ജില്ലാ സെക്രട്ടറി എം. ശിവദാസന്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന സ്വാഗതവും കെ.പി.എ സെക്രട്ടറി എ.പി. സുരേഷ് നന്ദിയും പറഞ്ഞു.