അലീമയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ പരാതി നല്‍കി; ഭര്‍ത്താവ് മുങ്ങി

ആദൂര്‍: മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ പി.കെ ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ (35)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെയാണ് അലീമയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജാഫറും മക്കളും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് അലീമയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മായിലിന്റെയും ഖദീജയുടെയും മകളായ അലീമയെ […]

ആദൂര്‍: മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ പി.കെ ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ (35)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പുലര്‍ച്ചെയാണ് അലീമയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജാഫറും മക്കളും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് അലീമയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മായിലിന്റെയും ഖദീജയുടെയും മകളായ അലീമയെ 15 വര്‍ഷം മുമ്പാണ് ജാഫര്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ അഞ്ച് പെണ്‍മക്കളുണ്ട്. വിവാഹവേളയില്‍ അലീമയുടെ വീട്ടുകാര്‍ ജാഫറിന് 40 പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. രണ്ടുമാസം മുമ്പ് കൂടുതല്‍ പണം ആവശ്യപ്പെട്ട് അലീമയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. അന്ന് പൊലീസില്‍ പരാതി നല്‍കാന്‍ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അലീമ ഇതിനോട് യോജിച്ചിരുന്നില്ല. 10പവന്‍ സ്വര്‍ണ്ണം കൂടി കൊടുത്ത് പ്രശ്നം പറഞ്ഞുതീര്‍ക്കാനായിരുന്നു അലീമ താല്‍പ്പര്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച രാത്രി വൈകി വീട്ടുകാര്‍ അലീമയെ വിളിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ല. പുലര്‍ച്ചെ 2.15ന് വിളിച്ചപ്പോള്‍ ഫോണെടുത്ത ഭര്‍ത്താവ് അലീമ അബോധാവസ്ഥയിലാണെന്ന് പറഞ്ഞു. 2.25ന് വിളിച്ചപ്പോള്‍ മരിച്ചതായി കാണപ്പെടുന്നുവെന്നായിരുന്നു മറുപടി. ബന്ധുക്കള്‍ പൊവ്വലിലെ വീട്ടിലെത്തിയപ്പോഴാണ് അലീമയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും ജാഫര്‍ അവിടെ നിന്നും മുങ്ങിയിരുന്നു. ഇതോടെ അലീമയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കുള്ള സംശയം ബലപ്പെടുകയായിരുന്നു. ജാഫര്‍ ഇതുവരെയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇയാളെ കണ്ടെത്താന്‍ ആദൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജാഫര്‍ കാസര്‍കോട് പഴയ ബസ്സ്റ്റാന്റില്‍ വാച്ച് കട നടത്തിവരികയായിരുന്നു. അലീമയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. അസ്വാഭാവികമരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മക്കള്‍: നാഫിയ, അംന, സപ്ന, ഷഹല, തന്‍ഹ. സഹോദരങ്ങള്‍: സഫിയ, സമീര്‍.

Related Articles
Next Story
Share it