അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടില്‍ കൂട്ടിമുട്ടുമ്പോള്‍ ഉയരുന്ന താളത്തിനൊരു പേരുണ്ട്-'അമ്മ'. അമ്മയോളം അമൂല്യമുള്ളതായി ലോകത്ത് വേറൊന്നുമില്ല. അമ്മ സ്‌നേഹം പകരുന്ന ആഹ്ലാദത്തിന് മറ്റെല്ലാം ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരു മാധുര്യമുണ്ട്.അമ്മമാര്‍ക്ക് നല്‍കാവുന്ന ഏറ്റവും മനോഹരമായ സമ്മാനം എന്താണ്? ചിന്തിച്ച് നോക്കിയിട്ടുണ്ടോ? മണലാരണ്യത്തിന്റെ തീച്ചൂളയില്‍ വേവുന്ന സാധാരണക്കാരായ പ്രവാസികളുടെ അമ്മമാരെ മക്കളുടെ അരികിലെത്തിക്കാന്‍ കഴിയുന്നതോളം ധര്‍മ്മവും നന്മയും മറ്റൊന്നിനുമുണ്ടാവുമോ?സമ്പന്നന്റെ അമ്മമാര്‍ നീലാകാശത്തു കൂടെ തലങ്ങും വിലങ്ങും പറക്കുന്ന വിമാനങ്ങളില്‍ യു.എ.ഇയിലേക്കും യൂറോപ്പിലേക്കും പറക്കുമ്പോള്‍ ആ വിമാനങ്ങളെ നോക്കി താഴെ, പൊള്ളുന്ന ഭൂമിയില്‍, ചെരിപ്പുപോലുമിടാതെ നിന്നുകൊണ്ട് […]

കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടില്‍ കൂട്ടിമുട്ടുമ്പോള്‍ ഉയരുന്ന താളത്തിനൊരു പേരുണ്ട്-'അമ്മ'. അമ്മയോളം അമൂല്യമുള്ളതായി ലോകത്ത് വേറൊന്നുമില്ല. അമ്മ സ്‌നേഹം പകരുന്ന ആഹ്ലാദത്തിന് മറ്റെല്ലാം ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരു മാധുര്യമുണ്ട്.
അമ്മമാര്‍ക്ക് നല്‍കാവുന്ന ഏറ്റവും മനോഹരമായ സമ്മാനം എന്താണ്? ചിന്തിച്ച് നോക്കിയിട്ടുണ്ടോ? മണലാരണ്യത്തിന്റെ തീച്ചൂളയില്‍ വേവുന്ന സാധാരണക്കാരായ പ്രവാസികളുടെ അമ്മമാരെ മക്കളുടെ അരികിലെത്തിക്കാന്‍ കഴിയുന്നതോളം ധര്‍മ്മവും നന്മയും മറ്റൊന്നിനുമുണ്ടാവുമോ?
സമ്പന്നന്റെ അമ്മമാര്‍ നീലാകാശത്തു കൂടെ തലങ്ങും വിലങ്ങും പറക്കുന്ന വിമാനങ്ങളില്‍ യു.എ.ഇയിലേക്കും യൂറോപ്പിലേക്കും പറക്കുമ്പോള്‍ ആ വിമാനങ്ങളെ നോക്കി താഴെ, പൊള്ളുന്ന ഭൂമിയില്‍, ചെരിപ്പുപോലുമിടാതെ നിന്നുകൊണ്ട് നെടുവീര്‍പ്പിടുന്ന, മക്കളുടെ അരികിലെത്താന്‍ കൊതിച്ചുപോവുന്ന അമ്മമാര്‍ നിരവധിയാണ്. അമ്മയെ ഗള്‍ഫില്‍ ഒന്നെത്തിച്ച് ആ മടിയില്‍ തല ചായ്ച്ചുറങ്ങാനും അമ്മയുടെ നെഞ്ചിന്റെ ചൂടറിഞ്ഞ് സങ്കടങ്ങളുടെ ഭാണ്ഡം അഴിച്ച് വെയ്ക്കാനും ആഗ്രഹിക്കുന്ന എണ്ണമറ്റ പ്രവാസികള്‍ ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പക്ഷെ, വരുമാനം കൂട്ടിമുട്ടാത്തതിന്റെ പേരില്‍ ആ ആഗ്രഹങ്ങള്‍ മണലാരണ്യത്തില്‍ തന്നെ കുഴിച്ചുമൂടുകയാണ് അവര്‍.
ആ നൊമ്പരങ്ങള്‍ക്കിടയിലേക്ക് സ്‌നേഹാമൃതായി പെയ്തിറങ്ങിയിരിക്കുകയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന, ദുബായിലെ ഏറ്റവും വലിയ പ്രവാസി സംഘടനകളില്‍ ഒന്നായ ഓള്‍ കേരള കോളേജ് അലൂംനി ഫോറം എന്ന കൂട്ടായ്മ (അക്കാഫ് അസോസിയേഷന്‍).
അക്കാഫിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഓണാഘോഷപരിപാടിയിലേക്ക് നാട്ടില്‍ നിന്ന് എത്തിച്ചത് സാധാരണ പ്രവാസികളായ 25 പേരുടെ അമ്മമാരെ. ഇക്കൂട്ടത്തില്‍ 3 അമ്മമാര്‍ കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ആഘോഷം യു.എ.ഇയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള രണ്ടായിരത്തോളം തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തിയത്. എന്നാല്‍ ഇത്തവണ, അമ്മമാരെ ഗള്‍ഫില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികളുടെ നൊമ്പരം തിരിച്ചറിഞ്ഞ അക്കാഫ് ഭാരവാഹികള്‍ അക്കൂട്ടത്തില്‍ 25 പേരുടെ അമ്മമാരെ ഗള്‍ഫില്‍ കൊണ്ടുവന്ന് ആ നൊമ്പരങ്ങള്‍ക്കു മേല്‍ സ്‌നേഹത്തിന്റെ കുളിര് പെയ്യിക്കുകയായിരുന്നു. നന്മയാര്‍ന്ന ഈ ആശയം ആദ്യം ഉയര്‍ന്നത് അക്കാഫിന്റെ മുന്‍ വൈസ് പ്രസിഡണ്ട് ക്രിസ്റ്റഫര്‍ വര്‍ഗീസിന്റെ ചിന്തയിലാണ്. അദ്ദേഹം ആശയം സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചപ്പോള്‍ എല്ലാവര്‍ക്കും അതിരറ്റ ആഹ്ലാദം. 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി 25 അമ്മമാരെ ദുബായില്‍ കൊണ്ടുവരാന്‍ അക്കാഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. പരിപാടിക്ക് ഒരു പേരും നിശ്ചയിച്ചു-മാതൃവന്ദനം !
25 അമ്മമാരെ എങ്ങനെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മുന്നില്‍ ദുബായിലെ പ്രശസ്തമായ മാതൃഭൂമി ക്ലബ്ബ് എഫ്.എം റേഡിയോയുടെ സഹായം തേടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് എഫ്.എം ഫോണ്‍ ഇന്‍ പരിപാടിയിലൂടെയും എസ്.എം.എസ് വഴിയും അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകളുടെ എണ്ണം കണ്ടപ്പോള്‍ അക്കാഫ് ഭാരവാഹികള്‍ അമ്പരന്നു. 480ഓളം പേരാണ് തങ്ങളുടെ അമ്മമാരെ ദുബായില്‍ എത്തിക്കണം എന്നഭ്യര്‍ത്ഥിച്ച് അപേക്ഷ നല്‍കിയത്.
480 അപേക്ഷകരില്‍ നിന്ന് ഏറ്റവും യോഗ്യരായ 25 പേരെ വിവിധ പഠനങ്ങളിലൂടെ തിരഞ്ഞെടുത്ത് വിസയും ടിക്കറ്റും അയച്ചുകൊടുത്ത് അവരെ സ്‌നേഹപൂര്‍വ്വം യു.എ.ഇലേക്ക് ക്ഷണിച്ചു. വിദേശ യാത്ര തങ്ങള്‍ക്ക് ഒരിക്കലും വിധിച്ചിട്ടില്ലെന്ന് കരുതി പാസ്‌പോര്‍ട്ട് പോലും എടുക്കാത്തവരായിരുന്നു ഇതില്‍ ഏറെയും. അവര്‍ തത്ക്കാല്‍ വഴി പെട്ടെന്ന് പാസ്‌പോര്‍ട്ട് തരപ്പെടുത്തി. 25 അമ്മമാരെ താമസിപ്പിക്കാനായി അക്കാഫ് ഭാരവാഹികള്‍ ദുബായ് നഗര ഹൃദയത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തന്നെ ഒരുക്കുകയും ചെയ്തു.
ദുബായിയെ ഏറ്റവും പ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സ് ഹാളായ സബീല്‍ ഹാളാണ് 25-ാം വാര്‍ഷിക-ഓണാഘോഷ പരിപാടിക്കായി ബുക്ക് ചെയ്തത്. അതിഥികളായി പ്രശസ്ത സിനിമാതാരങ്ങളെയോ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയോ പങ്കെടുപ്പിക്കാനുള്ള ശേഷിയൊക്കെ അക്കാഫിനുണ്ട്. എന്നാല്‍ അവര്‍ ചിന്തിച്ചത് 25 അമ്മമാര്‍ ഒന്നിച്ചെത്തുന്ന വേദിയില്‍ അവരെക്കാളും വലിയ അതിഥി വേറെ ആരുണ്ട് എന്നാണ്. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയെ അമ്മമാര്‍ക്ക് സന്ദേശം നല്‍കാനായി ക്ഷണിച്ചിരുന്നു.
***
2023 സെപ്തംബര്‍ 24. വേള്‍ഡ് ട്രേഡ് സെന്ററിലെ സബീല്‍ ഹാളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. അന്നാണ് അക്കാഫിന്റെ ഓണാഘോഷവും മാതൃവന്ദനവും. രാവിലെ തന്നെ ഹാള്‍ നിറഞ്ഞിരുന്നു. ആയിരങ്ങളാണ് പരിപാടിക്കെത്തിയത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരു കേരളം തന്നെയായി മാറുകയാണ്. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫും വൈസ് പ്രസിഡണ്ട് വെങ്കിട്ട് മോഹനനും ജനറല്‍ സെക്രട്ടറി ദീപു എ.എസും ട്രഷറര്‍ നൗഷാദ് മുഹമ്മദും ഡയറക്ടര്‍ ബോഡ് അംഗങ്ങളായ മുന്‍ പ്രസിഡണ്ട് മുഹമ്മദ് റഫീക്കും ഷൈന്‍ ചന്ദ്രശേഖറും മച്ചിങ്ങല്‍ രാധാകൃഷ്ണനും ഷാനു മാത്യുവും അടക്കമുള്ളവര്‍ അതിഥികളെ വരവേറ്റു. സ്വപ്‌നങ്ങളില്‍ മാത്രം തെളിയുന്ന ഒരു കാര്യം യാഥാര്‍ത്ഥ്യമായതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു അവരുടെ മുഖത്ത്. കേരളത്തില്‍ നിന്ന് പ്രത്യേക അതിഥികളായി എത്തിച്ച 25 അമ്മമാര്‍ വേദിയിലേക്ക് കടന്നുവന്നപ്പോള്‍ ആദരപ്പൂക്കളര്‍പ്പിച്ച് എല്ലാവരും എണീറ്റ് നിന്ന് അവരെ വരവേറ്റു. ആഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായാണ് മാതൃവനന്ദനം അരങ്ങേറിയത്. ഇത്രയും വലിയ ഹാളില്‍, അത്രയേറെ വലിയ സദസിന് മുന്നില്‍ അതിഥികളായി എത്തിയതിന്റെ ആശ്ചര്യവും ആഹ്ലാദവും ഒരുപോലെ അവരുടെ മുഖത്ത് തുടിച്ച് നിന്നിരുന്നു. അമ്മമാര്‍ തങ്ങളുടെ ആദ്യ ഗള്‍ഫ് യാത്രയുടെ അനുഭവം പങ്കുവെച്ചു. പലര്‍ക്കും പറയാന്‍ വാക്കുകളില്ലായിരുന്നു. ചിലര്‍ കണ്ണ് തുടച്ചു. ചിലരുടെ വാക്കുകള്‍ ഇടറി. തിരുവനന്തപുരത്ത് നിന്ന് വന്ന ഒരമ്മ തന്റെ പ്രസംഗത്തില്‍, ശ്രീപത്മനാഭന്റെ നാട്ടില്‍ നിന്ന് ഞാനിതാ അല്ലാഹുവിന്റെ നാട്ടില്‍ എത്തിയിരിക്കുകയാണ് എന്ന് പറഞ്ഞത് കയ്യടിയോടെയാണ് സദസ് കേട്ടിരുന്നത്. അമ്മമാരില്‍ ഭൂരിഭാഗവും ആദ്യമായി വിമാനത്തില്‍ കയറുന്നവരായിരുന്നു. വിമാന യാത്ര ചിലര്‍ക്ക് ഭീതിതവും മറ്റു ചിലര്‍ക്ക് ആശ്ചര്യകരവുമായിരുന്നു.
4 രാത്രിയും 5 പകലും നീണ്ട പാക്കേജിലാണ് 25 അമ്മമാരെ അക്കാഫ് ദുബായില്‍ എത്തിച്ചത്. കൂടുതല്‍ അമ്മമാര്‍ തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ നിന്നായിരുന്നു; 4 പേര്‍ വീതം. 3 അമ്മമാര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് അവസരം ലഭിച്ചത്. പരവനടുക്കം സ്‌കൂളിന് സമീപത്തെ ഓമന ചാത്തുക്കുട്ടിയും കുമ്പള ഷിറിയയിലെ ബീഫാത്തിമയും കാഞ്ഞങ്ങാട് മാവുങ്കാലിലെ കുഞ്ഞിപ്പെണ്ണുമായിരുന്നു ഭാഗ്യവതികളായ ആ അമ്മമാര്‍.
അമ്മമാരെ യു.എ.ഇയുടെ പ്രധാന നഗരങ്ങളിലെല്ലാം കൊണ്ടുപോവുകയും അത്ഭുത കാഴ്ചകള്‍ കാണിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 124-ാം നിലയില്‍ എത്തിച്ചപ്പോള്‍ ആശ്ചര്യം കൊണ്ട് അതിശയിച്ച് നില്‍ക്കുകയായിരുന്നു അവര്‍. ദുബായ് മാളിലെ ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ സൂമിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അമ്മമാര്‍ അത്ഭുത ലോകത്തായിരുന്നു.
അവിടെയും തീര്‍ന്നില്ല അക്കാഫിന്റെ മാതൃസ്‌നേഹം; ഏറ്റവും നീളമുള്ള, ആരും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ലിമോസണ്‍ കാറുകളില്‍ 25 അമ്മമാരെയും ഇരുത്തി ദുബായുടെ രാജവീഥിയായ ഷൈഖ് സായിദ് റോഡിലൂടെ ആനയിച്ചു. നാട്ടിലെ സാധാരണക്കാരായ ആ അമ്മമാര്‍ ദുബായില്‍ രാജ്ഞികളെ പോലെ കഴിഞ്ഞ രാപ്പകലുകള്‍. യു.എ.ഇയിലെ മരുഭൂമികളിലും അവരെ കൊണ്ടുപോയി. ബുര്‍ജു ഖലീഫയുടെ 124-ാം നിലയില്‍ കയറി അത്ഭുത കാഴ്ചകള്‍ കണ്ട് ഇറങ്ങിയ ഒരമ്മ മകനോട്, ഞാന്‍ സ്വപ്‌ന ലോകത്താണോ, എന്നെ ഒന്ന് നുള്ളെടാ...എന്ന് പറഞ്ഞത് എല്ലാവരെയും ഒരുപോലെ അമ്പരിപ്പിച്ചു.
***


അക്കാഫിന്റെ അമരത്ത് കാസര്‍കോട് സ്വദേശികളും
കേരളത്തിലെ കോളേജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അണിനിരത്തി 1998-99 കാലത്താണ് ഓള്‍ കേരള കോളേജ് അലൂംനി ഫോറം (അക്കാഫ് അസോസിയേഷന്‍) രൂപീകൃതമായത്. സാമൂഹിക-സാംസ്‌കാരിക-കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ പദ്ധതികളുമായി മുന്നേറിയ അക്കാഫിന് ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരം ഉണ്ട്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും പ്രളയ കാലത്ത് കേരളത്തില്‍ ഓടിയെത്തി, ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തിയും കോവിഡ് കാലത്ത് ഹെല്‍ത്ത് അതോറിറ്റിയും ദുബായ് പൊലീസും കമ്മ്യൂണിറ്റി ഹെല്‍ത്ത് അതോറിറ്റിയുമായി കൈക്കോര്‍ത്തും അക്കാഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. അക്കാഫ് അസോസിയേഷനില്‍ 8000ത്തിലധികം അംഗങ്ങളുണ്ട്. 25 അമ്മമാരെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന് ആദരിച്ചതിന് പുറമെ, ഈയിടെ അജ്മാനില്‍ നടന്ന ബധിര-മൂക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് അക്കാഫ് ക്യാഷ് അവാര്‍ഡും സ്വീകരണവും നല്‍കുകയുണ്ടായി.
ഈ കൂട്ടായ്മയുടെ വളര്‍ച്ചയില്‍ കാസര്‍കോട് സ്വദേശികളുടെ സേവനം എടുത്തുപറയേണ്ടതാണ്.
അക്കാഫിന്റെ അമരത്ത്, പ്രസിഡണ്ടുമാരായി കാസര്‍കോട് സ്വദേശികളും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്ന് ആദ്യമായി പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മുഹമ്മദ് റഫീക്ക് എന്ന റാഫിയാണ്. ഉദുമ പാലക്കുന്ന് സ്വദേശിയാണ്. സേവന മികവും ദീര്‍ഘദൃഷ്ടിയോടുകൂടിയുള്ള പ്രവര്‍ത്തനവും കൊണ്ട് പേരെടുത്ത മുന്‍ ബി.ഡി.ഒ പരേതനായ ബി.എം ഹമീദിന്റെ മകനാണ്. തളിപ്പറമ്പ് സര്‍സയ്യദ് കോളേജിന്റെ പ്രതിനിധിയായാണ് റാഫി അക്കാഫിന്റെ പ്രസിഡണ്ട് പദം അലങ്കരിച്ചത്. നിലവില്‍ പത്തംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരാളാണ് ഇദ്ദേഹം.
മുന്‍ എം.എല്‍.എ പരേതനായ ബി.എം. അബ്ദുല്‍ റഹ് മാന്റെ മകന്‍ ബി.എം മഹമൂദും അക്കാഫിന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജിന്റെ പ്രതിനിധായായിരുന്നു മഹമൂദ്.
മജീദ് തളങ്കരയുടെ മകന്‍ നിസാര്‍ തളങ്കര സംഘടനയുടെ വൈസ് പ്രസിഡണ്ടായിരുന്നു നേരത്തെ. കാസര്‍കോട് സ്വദേശികളായ മറ്റു ചിലരും അക്കാഫിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജുമോഹന്‍ ഉണ്ണിത്താന്‍ എം.പിയെ പങ്കെടുപ്പിച്ച് അക്കാഫ് അടുത്തിടെ നടത്തിയ പരിപാടിയും ശ്രദ്ധേയമായിരുന്നു.

ചാമ്പ്യന്മാരായ ബധിര-മൂക ക്രിക്കറ്റ് താരങ്ങളുടെ ഇന്ത്യന്‍ ടീമിന് ദുബായില്‍ നല്‍കിയ സ്വീകരണം


ടി.എ ഷാഫി

Related Articles
Next Story
Share it