അഖിലേഷേട്ടന്‍ തിരക്കിലാണ്...
അഖിലേഷേട്ടന്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം ആ നടനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആശ്ചര്യത്തിനിടയിലും ഒരു അഭിനേതാവിനുള്ള ഏറ്റവും വലിയ അംഗീകാരമായി പ്രേക്ഷകരുടെ സ്‌നേഹവായ്പിനെ നെഞ്ചേറ്റുകയാണ് കാസര്‍കോടന്‍ ഉണ്ണി എന്ന ഉണ്ണിരാജ് ചെറുവത്തൂര്‍. ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറയും അരവിന്ദന്റെ അതിഥികളിലെ ജ്യോത്സ്യനും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ രഘുവും കമലിന്റെ പ്രണയമീനുകളുടെ കടലിലെ ആണ്ടിയേട്ടനുമൊക്കെ പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ആ കാഥപാത്രങ്ങള്‍ക്ക് ഒരു […]
അഖിലേഷേട്ടന്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം ആ നടനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആശ്ചര്യത്തിനിടയിലും ഒരു അഭിനേതാവിനുള്ള ഏറ്റവും വലിയ അംഗീകാരമായി പ്രേക്ഷകരുടെ സ്‌നേഹവായ്പിനെ നെഞ്ചേറ്റുകയാണ് കാസര്‍കോടന്‍ ഉണ്ണി എന്ന ഉണ്ണിരാജ് ചെറുവത്തൂര്‍. ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറയും അരവിന്ദന്റെ അതിഥികളിലെ ജ്യോത്സ്യനും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ രഘുവും കമലിന്റെ പ്രണയമീനുകളുടെ കടലിലെ ആണ്ടിയേട്ടനുമൊക്കെ പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ആ കാഥപാത്രങ്ങള്‍ക്ക് ഒരു […]
അഖിലേഷേട്ടന്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം ആ നടനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആശ്ചര്യത്തിനിടയിലും ഒരു അഭിനേതാവിനുള്ള ഏറ്റവും വലിയ അംഗീകാരമായി പ്രേക്ഷകരുടെ സ്‌നേഹവായ്പിനെ നെഞ്ചേറ്റുകയാണ് കാസര്‍കോടന്‍ ഉണ്ണി എന്ന ഉണ്ണിരാജ് ചെറുവത്തൂര്‍.
ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറയും അരവിന്ദന്റെ അതിഥികളിലെ ജ്യോത്സ്യനും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ രഘുവും കമലിന്റെ പ്രണയമീനുകളുടെ കടലിലെ ആണ്ടിയേട്ടനുമൊക്കെ പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ആ കാഥപാത്രങ്ങള്‍ക്ക് ഒരു കാസര്‍കോടന്‍ ടച്ച് നല്‍കിയത് കൊണ്ടാണ്. നാട്ടുമ്പുറത്തുകാരന്റെ നിഷ്‌കളങ്കതയും സ്വതസിദ്ധമായ ശൈലിയും ജീവിതത്തിലെന്ന പോലെ സിനിമയിലും ഈ നടനെ വ്യത്യസ്തനാക്കുന്നു.
രഞ്ജിതിന്റെ ഞാന്‍ എന്ന സിനിമയിലെ ചെറിയ രംഗങ്ങളിലൂടെ സിനിമയിലെത്തി മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ സ്വീകരണമുറിയിലെ പ്രിയങ്കരനായ ഉണ്ണിരാജ് ഇപ്പോള്‍ തരംഗമായിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ അഖിലേഷേട്ടനായിട്ടാണ്. സിനിമയിലെ ഏറ്റവും വലിയ ട്വിസ്റ്റ് പോലെ ജീവിതത്തിലും ഈ കഥാപാത്രത്തെ ആരാധകര്‍ കൊണ്ടാടുകയാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് ഈ കഥാപാത്രത്തെ മാത്രം മുന്‍ നിര്‍ത്തി ഉണ്ടായിട്ടുള്ളത്. കാല്‍ നൂറ്റാണ്ടിലധികമായി കലോത്സവ വേദികളില്‍ പരിശീലകനായി നിറഞ്ഞ് നില്‍ക്കുന്ന ഉണ്ണിരാജ് അവിടെ നിന്നാര്‍ജ്ജിച്ച അനുഭവ സമ്പത്തുമായാണ് അഭിനയ രംഗത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. ഇല്ലായ്മകളിലൂടെ ബാല്യത്തില്‍ നിന്ന് ജീവിതത്തെ കരപിടിച്ചു കയറ്റാന്‍ പഠനം പാതിവഴിക്കുപേക്ഷിച്ച് ഹാര്‍ഡ്‌വെയര്‍ കടയില്‍ സഹായിയായും പിന്നീട് പെയിന്റിംഗ് ജോലികള്‍ ചെയ്തും മുന്നോട്ട് പോകവേ കുഞ്ഞുനാള്‍ മുതലെയുള്ള കലയോടുള്ള അടങ്ങാത്ത അഭിനിവേശം തട്ടിക്കളയാന്‍ ഉണ്ണിരാജ് ഒരുക്കമല്ലായിരുന്നു. വി.വി സ്മാരക കലാവേദിയും കണ്ണങ്കൈ നാടക വേദിയും കോറസ് മാണിയാട്ടുമൊക്കെ തന്നിലെ അഭിനേതാവിനെ പാകപ്പെടുത്തിയെടുക്കാന്‍ തണലൊരുക്കിയെന്ന് ഉണ്ണിരാജ് നന്ദിയോടെ ഓര്‍ക്കുന്നു. ആത്മാവിന്റെ ഇടനാഴി, ചായം തുടങ്ങിയ നാടകങ്ങള്‍ അതിന്റെ തിളങ്ങുന്ന സാക്ഷ്യപത്രങ്ങളാണ്.
കുട്ടിക്കാലത്തെ പരിമിതമായ സാഹചര്യങ്ങള്‍ കൊണ്ട് സ്‌കൂള്‍ തലത്തിനപ്പുറം കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സങ്കടം ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് പരിശീലകനായി കലോത്സവവേദികളില്‍ തിളങ്ങുന്ന താരമായതോടെയാണ് മധുര പ്രതികാരം പോലെ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടത്. മൂകാഭിനയത്തിന് പുതിയ വേഗവും താളവും നല്‍കികൊണ്ടാണ് കേരളത്തിലങ്ങോളമിങ്ങോളം കലോത്സവവേദികളെ കയ്യിലെടുത്തത്. ഒപ്പം നാടകത്തിലും സ്‌കിറ്റിലും തന്റെ കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തിരുന്നു. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം, സൗത്ത് ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍, പോളിടെക്‌നിക് കലോത്സവം തുടങ്ങിയവയില്‍ നിരവധി ഒന്നാം സ്ഥാനവും എ ഗ്രേഡും
നേടിക്കൊടുക്കാന്‍ ഉണ്ണിരാജിന്റെ പരിശീലന മികവ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി.
സീരിയലിലും സിനിമയിലുമൊക്കെ എത്ര തിരക്കുണ്ടെങ്കിലും കലോത്സവക്കാലമായാല്‍തിരക്കുകള്‍ ഒതുക്കി ഓടി വരും. രണ്ട് സിനിമ മാറ്റി വെച്ച് ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ എത്തിയിരുന്നു. നല്ല കഴിവുള്ളവരാണ് അവിടത്തെ കുട്ടികള്‍-ഉണ്ണിരാജ് പറഞ്ഞു.
കലോത്സവ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങളായിട്ടാണ് 2019ല്‍ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ കാണുന്നത്. ഏത് ജില്ലയില്‍ ചെന്നാലും കാസര്‍കോട്ടുകാരുടെ ആതിഥ്യമര്യാദയെക്കുറിച്ച് അവിടുത്തകാര്‍ ഇപ്പോഴും പറയും. നേരത്തെ പരിശീലിപ്പിച്ച പല വിദ്യാര്‍ത്ഥികളെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു അത്.
ആദ്യമൊക്കെ കലോത്സവ നാളുകളില്‍ വിശ്രമമില്ലാത്ത പരിശീലനങ്ങള്‍ കഴിഞ്ഞ് ബെഞ്ചുകള്‍ അടുപ്പിച്ച് വെച്ചായിരിക്കും കിടക്കുക. പുതക്കാന്‍ ഒരു നേരിയ തുണി പോലും ഉണ്ടാവില്ല. എങ്കിലും രാവിലെ ഉണര്‍ന്ന് ഫ്രഷായി വീണ്ടും പരിശീലനം തുടരും. ഒരു മടുപ്പും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഫലം വരുമ്പോഴായിരിക്കും ബെഞ്ചില്‍ കിടന്നിരുന്നയാള്‍ ചില്ലറക്കാരനല്ല എന്ന അധ്യാപകര്‍ പോലും മനസ്സിലാക്കുക.
പിന്നീട് മറിമായത്തിലും സിനിമയിലുമൊക്കെ ചെറിയ വേഷങ്ങളില്‍ തല കാണിച്ചു തുടങ്ങിയതോടെ ആളുകള്‍ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങി. ഏതൊരു കലാകാരനായാലും സ്വന്തമായൊരു സ്‌പെയ്‌സ് കണ്ടെത്തിയില്ലെങ്കില്‍ ആരും മൈന്‍ഡ് ചെയ്യില്ലെന്ന് ഉണ്ണിരാജ് പറയുന്നു. അതാണ് കലാകാരനെ സംബന്ധിച്ച് വലിയ വെല്ലുവിളി.
കലോത്സവനാളുകളെക്കുറിച്ച് പറയുമ്പോള്‍ സന്തോഷകരമായ നിരവധി നിമിഷങ്ങള്‍ തെളിഞ്ഞുവരുമ്പോഴും മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ ഒരു സംഭവവും ഉണ്ണിരാജിന്റെ ഓര്‍മ്മകളിലുണ്ട്. ജില്ലയില്‍ നിന്ന് തഴയപ്പെട്ട മലപ്പുറം എം.എസ്.പി സ്‌കൂളിന് സംസ്ഥാന കലോത്സവത്തിന് രണ്ട് ദിവസം മുമ്പ് അപ്പീല്‍ അനുവദിച്ചു കിട്ടിയപ്പോള്‍ ആ രണ്ട് രാവും പകലും പരിശീലിപ്പിച്ച് ഇംഗ്ലീഷ് സ്‌കിറ്റിന് ഒന്നാം സ്ഥാനം വരെ വാങ്ങി കൊടുത്ത അനുഭവമടക്കം അഭിമാന നിമിഷങ്ങള്‍ ഏറെയുണ്ട്.
പക്ഷെ ഒഴിവാക്കാനാവാത്ത തിരക്കുകള്‍ കാരണം മറ്റൊരു ജില്ലയില്‍ പരിശീലനത്തിന് നാല് ദിവസം വൈകിയെന്നാരോപിച്ച് രാത്രി മുറിയില്‍ പൂട്ടിയിട്ട അനുഭവം ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ഉണ്ണിരാജ് പറയുന്നു. ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ് അതിക്രമം കാട്ടിയത്. 'മൂന്ന് മണിക്കൂറോളം വെള്ളം പോലും ചോദിച്ചിട്ട് തന്നില്ല. ഒടുവില്‍ പാതിരാത്രിയില്‍ ഇറക്കിവിട്ടെങ്കിലും താനും രണ്ടു സുഹൃത്തുക്കളും മണിക്കൂറുകളോളം നടന്നാണ് അതു വഴി വന്ന വാഹനത്തില്‍ കയറിയത്. നിസാര കാര്യത്തിന് ശത്രുക്കളോട് പോലും ചെയ്യരുതാത്ത ആ ഹീന കൃത്യത്തെക്കുറിച്ച് അധികമാരോടും പറഞ്ഞില്ലെങ്കിലും ഹൃദയത്തില്‍ ഒരു പൊട്ടുപോലെ ആ സംഭവം അവശേഷിക്കുന്നു-ഉണ്ണിരാജ് ഇളം ചിരിയില്‍ പൊതിഞ്ഞ സങ്കടത്തോടെ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിപ്പുറം താരപരിവേഷത്തോടെ കലോത്സവ വേദികളിലെത്തുമ്പോഴും ആര്‍പ്പുവിളികള്‍ക്കിടയിലും ആക്രോശിക്കുന്ന ആ മുഖങ്ങള്‍ കൊള്ളിയാന്‍ പോലെ മിന്നിമറയും. എങ്കിലും പക്വതയില്ലാത്ത ആ ചെറുപ്പക്കാരുടെ ചെയ്തികള്‍ ദൈവം പൊറുത്ത് കൊടുക്കട്ടെയെന്നാണ് ഉണ്ണിരാജിന്റെ പ്രാര്‍ഥന.
ഇരുപത്തഞ്ചോളം ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുന്നേറുമ്പോഴും സിനിമയുടെ വിസ്മയലോകത്തെത്തിപ്പെട്ടതിനെ ഒരു സ്വപ്‌നം പോലെ നോക്കിക്കാണുകയാണ് ഉണ്ണിരാജ്. എളിയ ജീവിതസാഹചര്യങ്ങളില്‍ ഒതുങ്ങിക്കഴിയുമ്പോഴും സിനിമ ആവേശമായിരുന്നു. പക്ഷെ എത്തിപ്പിടിക്കാവുന്നതേ ആഗ്രഹിക്കാവു എന്ന് കുഞ്ഞുനാളുകളില്‍ തന്നെ സ്വയം പഠിച്ചു വെച്ചിരിക്കുന്നതിനാല്‍ അഭിനയ മോഹം വലുതുണ്ടായിരുന്നില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ശ്യാംജിത്താണ് കാഞ്ഞങ്ങാട്ട് വെച്ച് ചിത്രീകരിച്ച 'ഞാന്‍' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് വിളിച്ചത്. ചില രംഗങ്ങളില്‍ മുഖം കാണിക്കുകയും ചെയ്തു. പിന്നീട് ദിലീഷ് പോത്തന്റെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ ഓഡീഷന് പോയിരുന്നു. വളരെ അപ്രതീക്ഷിതമായി സെറ്റിലേക്ക് വിളിപ്പിക്കുകയും കവി രാജേഷ് അമ്പലത്തറയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.
അയല്‍വീട്ടില്‍ ടവര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായിരുന്നു രംഗം. സ്‌ക്രിപ്റ്റില്‍ നിന്ന് മാറി സ്വന്തം ശൈലിയിലാണ് സംഭാഷണം തയ്യാറാക്കിയത്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ വര്‍ഷത്തെ ദേശീയ പുരസ്‌കാര നിര്‍ണയവേളയില്‍ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ഈ കഥാപാത്രത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശം നടത്തിയത് അഭിമാനം തോന്നിയ നിമിഷമാണ്-ഉണ്ണിരാജ് പറഞ്ഞു.
കായംകുളം കൊച്ചുണ്ണി, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗര്‍ണമിയും, പുഴയമ്മ, ചന്ദ്രഗിരി, ഓട്ടര്‍ഷ തുടങ്ങിയ ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സറ്റയര്‍ സീരീസായ മറിമായമാണ് സിനിമയിലേക്ക് വഴി തുറക്കാന്‍ വഴിത്തിരിവായതെന്ന് ഉണ്ണിരാജ് പറയുന്നു. സുഹൃത്ത് പ്രദീപ് വഴിയാണ് മറിമായം സെറ്റിലേക്കെത്തിയത്. മറിമായം സെറ്റ് ഒരു പാഠശാല പോലെയാണ്. അവിടെ നിന്ന് ലഭിച്ച ഊര്‍ജ്ജം സിനിമയില്‍ മുന്നേറാന്‍ കുറച്ചൊന്നുമല്ല സഹായിച്ചതെന്ന് ഉണ്ണിരാജ് നന്ദിയോടെ ഓര്‍ക്കുന്നു.
സീരിയലിലും സിനിമയിലും തിരക്ക് കൂടി വരുന്നുണ്ടെങ്കിലും രണ്ടു ദിവസം അടുപ്പിച്ച് ഒഴിവുണ്ടെങ്കില്‍ ചെറുവത്തൂരിലെ വീട്ടിലേക്ക് ഉണ്ണിരാജ് ഓടിയെത്തും. സുഹൃത്തുക്കളുടെ തോളില്‍ കയ്യിട്ട് ടൗണിലൂടെ നടക്കും. നാട്ടിലെ കുട്ടി ആരാധകരുടെ ആഹ്ലാദനിമിഷങ്ങളില്‍ അവര്‍ക്കൊപ്പം ചെലവഴിക്കും. ആദ്യകാലത്ത് പെയിന്റിംഗ് പണിക്ക് പോയിരുന്ന വീട്ടുകാരുമായി കുശലാന്വേഷണം നടത്തും...അങ്ങനെ നാട്ടുമ്പുറത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ഒപ്പം കൂടും. അത് കൊണ്ട് തന്നെ അഭിനയരംഗത്ത് എത്ര തിരക്കുണ്ടെങ്കിലും കൂടുതല്‍ സാധ്യതകളുള്ള മറ്റൊരു നഗരത്തിലേക്ക് ചേക്കേറാന്‍ ഉണ്ണിരാജ് ഒരിക്കലും ഒരുക്കമല്ല. നാട്ടുകാരുടെ ഉണ്ണിയേട്ടനായി വിലസി നടക്കുമ്പോഴുള്ള ആഹ്ലാദം മറ്റെവിടെയും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രം ഹിറ്റായതിന് ശേഷം പല ഭാഗത്ത് നിന്നും ഫോണ്‍ വിളികള്‍ തുരുതുരാ വന്നു കൊണ്ടിരിക്കുകയാണ്. കോട്ടയത്ത് അഖിലേഷേട്ടന്‍ ഷോ തന്നെ നടന്നു കഴിഞ്ഞു. കോവിഡ് കാലത്ത് പല ഓണ്‍ലൈന്‍ മീറ്റിംഗുകളിലും മുഖ്യാതിഥിയായും ചര്‍ച്ചകള്‍ക്കുമൊക്കെ പങ്കെടുക്കാന്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും വിളി വന്നു കൊണ്ടിരിക്കയാണ്. അഖിലേഷേട്ടന്‍ എന്ന കഥാപാത്രത്തിലേക്ക് തന്നെ എത്തിച്ച സാഹചര്യത്തെ ചിരിയോടെയാണ് ഉണ്ണിരാജ് വിവരിച്ചത്.
ചെറിയ ചെറിയ വേഷങ്ങള്‍ക്ക് പലരും വിളിക്കാറുണ്ട്. പോയി ചെയ്യും. ഉടനെ മടങ്ങും. ആദ്യമായിട്ടാണ് നിങ്ങള്‍ക്ക് മാത്രമായി ഒരു വേഷമുണ്ടെന്ന് പറഞ്ഞ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. പയ്യന്നൂര്‍ കോളേജിലും കണ്ണൂര്‍ ചിന്മയ കോളേജിലും കലോത്സവം നടക്കുന്നതിനാലും കല്യശ്ശേരിയില്‍ തെരുവ് നാടക മത്സരത്തിന്റെ ഗസ്റ്റായി പോവാനുള്ളത് കൊണ്ടും പോവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഞാന്‍ പോയില്ലെങ്കില്‍ മറ്റാരെയെങ്കിലും വെച്ച് എടുക്കുമെന്നതിനാല്‍ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല.
പിന്നീടാണ് എന്നെ മുന്നില്‍ കണ്ട് എഴുതിയ വേഷമാണ് എന്നും നിര്‍ബന്ധമായും പോവണമെന്നും അറിയിച്ചത്. തനിക്ക് വേണ്ടി തയ്യാറാക്കിയ കഥാപാത്രമോ? ആദ്യം അമ്പരപ്പാണുണ്ടായത്. എങ്കിലും പോയി. രാവിലെ ലൊക്കേഷനിലെത്തി. ടീഷര്‍ട്ടും ട്രൗസറും ധരിച്ചു. ഡയലോഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അതെ അഖിലേഷേട്ടനാണ്' എന്ന് മാത്രം മതിയെന്ന് പറഞ്ഞു. ഇത്രയും ദൂരം വിളിച്ചുവരുത്തി അത്രമാത്രമേയുള്ളോയെന്ന് വീണ്ടും വീണ്ടും ചോദിച്ചു. ഇല്ല എന്ന് തന്നെയായിരുന്നു മറുപടി.
സിനിമ ഇറങ്ങിയപ്പോഴാണ് എത്രമാത്രം പ്രാധാന്യമുള്ള വേഷമാണ് അതെന്ന് തിരിച്ചറിഞ്ഞത്.
ചിത്രത്തില്‍ കാമുകി ഉണ്ടെങ്കിലും നേരിട്ട് കാണാന്‍ പോലും കഴിഞ്ഞില്ലെന്ന് പൊട്ടിച്ചിരിച്ച് ഉണ്ണിരാജ് പറഞ്ഞു. കുറ്റാന്വേഷണ ചിത്രങ്ങളുടെ പതിവ് ശൈലികളില്‍ നിന്ന് മാറി വ്യത്യസ്തമായ സമീപനത്തോടെയാണ് തരുണ്‍ മൂര്‍ത്തി ചിത്രം ഒരുക്കിയത്. കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകന്റെ മികവാണ് അഖിലേഷേട്ടനെ ശ്രദ്ധേയമാക്കിയത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിഗ്വിറ്റ, മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ്, ഒരു താത്വികഅവലോകനം (ഇരട്ടവേഷം), പുള്ളി, വാതില്‍, പ്രകാശന്‍ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ റിലീസ് അനിശ്ചിതത്വത്തിലാണ്. കോവിഡ് കാലം കലാകാരന്മാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും താരപരിവേഷമുള്ളത് കൊണ്ടു മറ്റു ജോലികള്‍ക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉണ്ണിരാജ് പറയുന്നു.
കലോത്സവവേദികളും തീയേറ്ററുകളും സിനിമാ സെറ്റുകളും സജീവമാവുന്ന നാളുകളിലേക്ക് പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കാസര്‍കോടിന്റെ സ്വന്തം ഉണ്ണി!
ഉണ്ണിരാജുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാഗം 1: https://www.youtube.com/watch?v=FZD0gd1IsRo&t=2s
ഭാഗം 2: https://www.youtube.com/watch?v=9Nf9l7_lJpg