മംഗളൂരു: ബിജെപി നേതൃത്വത്തിനും കര്‍ണാടക സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അഖിലഭാരത് ഹിന്ദുമഹാസഭ രംഗത്ത്. കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദിയായ മന്ത്രി കെ എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെ അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് രാജേഷ് പവിത്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഹിന്ദു പ്രതിനിധി തന്റെ ജീവിതം അവസാനിപ്പിക്കുകയും ആത്മഹത്യയ്ക്ക് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് പറയുകയും ചെയ്തു. ഹിന്ദുത്വത്തിന്റെ പേരിലാണ് ബിജെപി അധികാരത്തില്‍ വന്നത്. സന്തോഷ് പാട്ടീല്‍ ഒരു ഹിന്ദുവായിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈശ്വരപ്പ രാജിവെച്ചത്. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടും ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്ന് ഹിന്ദുമഹാസഭ ചോദിച്ചു. ബിജെപി നേതാവ് വിനായക് ബാലിഗ കൊല്ലപ്പെട്ട കേസിലും കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അധികാരത്തിനുവേണ്ടി ഹിന്ദു പ്രതിനിധികളെ ബി.ജെ.പി ഉപയോഗിച്ചു. ഹിന്ദുത്വത്തിന് വേണ്ടി ബിജെപി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈശ്വരപ്പയുടെ രാജി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അജണ്ട മാത്രമാണെന്ന് ഹിന്ദുമഹാസഭ കുറ്റപ്പെടുത്തി. ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കിന് ഗംഗോളിയില്‍ വിലക്കിയതിനെയും രാജേഷ് പവിത്രന്‍ വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടത് ഹിന്ദുക്കളുടെ വോട്ട് മാത്രമാണ്. ഇന്ത്യയെ അഴിമതി മുക്തമാക്കുമെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതെന്ന് ഹിന്ദുമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഈ മുദ്രാവാക്യം സംസ്ഥാനത്ത് ബാധകമല്ലേ? കമ്മീഷന്‍ വാങ്ങുന്നുവെന്ന ആരോപണം ഈശ്വരപ്പ നിഷേധിച്ചു. ആത്മാര്‍ത്ഥതയും ധൈര്യവും ഉണ്ടെങ്കില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ വെച്ച് ഈശ്വരപ്പ സത്യം ചെയ്യണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു.