എ.കെ.ജി എന്ന ത്രയാക്ഷരം

പാവങ്ങളുടെ പടത്തലവന്‍, മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരന്‍... എന്നീനിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ.കെ.ജി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 47 വര്‍ഷമാകുന്നു. 73-ാം വയസില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമര ജീവിതം. മാതൃരാജ്യത്തെ കൊളോ ണിയല്‍ നുകത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനും വേണ്ടി വിശ്രമരഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് […]

പാവങ്ങളുടെ പടത്തലവന്‍, മികച്ച പാര്‍ലമെന്റേറിയന്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരന്‍... എന്നീനിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ.കെ.ജി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 47 വര്‍ഷമാകുന്നു. 73-ാം വയസില്‍ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്ന തലമുറയ്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമര ജീവിതം. മാതൃരാജ്യത്തെ കൊളോ ണിയല്‍ നുകത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനും വേണ്ടി വിശ്രമരഹിതമായി പോരാടി. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകള്‍ക്കുള്ളിലായിരുന്നു. 20 തവണ തടവറയില്‍ അടയ്ക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു ജയില്‍വാസം.
ഭരണഘടന പഠിക്കുന്ന നിയമ വിദ്യാര്‍ത്ഥികള്‍ പലവട്ടം ഉരുവിടുന്ന വിധിപ്പേരാണ് എ.കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എ.കെ.ജി. ഏകാന്തതടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാല്‍ 1947 ഒക്ടോബര്‍ 12ന് എ.കെ.ജിയെ മോചിപ്പിച്ചു. എന്നാല്‍ ഡിസംബര്‍ 17ന് കരുതല്‍ തടങ്കല്‍ നിയമം അനുസരിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടങ്കിലാക്കിയത്.
വെല്ലൂര്‍, രാജമുന്ദ്രി, കോയമ്പത്തൂര്‍, കടലൂര്‍ എന്നിങ്ങനെ ജയിലുകളില്‍ മാറിമാറി രണ്ടുവര്‍ഷം. ഇതിനിടെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ.കെ.ജി യെ ഡല്‍ഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയില്‍ എ.കെ.ജിക്ക് വേണ്ടി വാദിച്ചത് ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍. ആറ് ദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ ഏഴ് ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഒരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതല്‍ തടങ്കല്‍ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ.കെ.ജി. അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ കേസ് വാദിച്ചത് എ.കെ.ജി. തന്നെയായിരുന്നു.
താരതമ്യം അസാധ്യമാകും വിധം വൈവിധ്യമാര്‍ന്ന പൊതുജീവിതവും സമര ജീവിതവുമായിരുന്നു അദ്ദേഹത്തിന്റേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശന സമരം, സാമുദായിക അനാചാരങ്ങള്‍ക്കെതിരെയുള്ള സമരം... ഇങ്ങനെ ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിന് മാത്രമല്ല നവോത്ഥാന പ്രവര്‍ത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സമുന്നത നേതാവായി. ജനസമരങ്ങള്‍ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി. കൊടുങ്കാറ്റുപോലെ സമരങ്ങള്‍ നയിക്കുകയും ആ കൊടുങ്കാറ്റില്‍ പല ജനവിരുദ്ധശക്തികളും തറപറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എ.കെ.ജിയുടെ വേഷവും ശൈലിയും പോലും ആളുകള്‍ അനുകരിച്ചത്.
കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. അതിന്റെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന എ.കെ.ജിക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു.
പിന്നീട് നാടിന്റെ പല ഭാഗത്തുനിന്നും അയിത്തോച്ചാടന സമരങ്ങളും പന്തിഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങളുണ്ടായി. ഇതിലെല്ലാം എ.കെ.ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത് ജനവിഭാഗങ്ങള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള സമരമായിരുന്നു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കണ്ടോത്ത് എ.കെ.ജി നടത്തിയത്. അന്ന് എതിരാളികള്‍ അദ്ദേഹത്തെ ബോധം കെടുംവരെ ക്രൂരമായി മര്‍ദ്ദിച്ചു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കള്‍ അപൂര്‍വ്വമാണ്.
രാജ്യത്ത് എവിടെയെല്ലാം ജനങ്ങളെ ഭരണകൂടവും ജന്മി-മുതലാളിത്ത ശക്തികളും പീഡിപ്പിക്കുന്നുവോ അവിടങ്ങളിലെല്ലാം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി ഓടിയെത്തുമായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷക സമരങ്ങളില്‍ അദ്ദേഹം ആവേശകരമായ സാന്നിധ്യമായി. തെലങ്കാനയിലെ കര്‍ഷക പോരാളികള കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ കൊടുങ്കാറ്റായി.
ആന്ധ്രയിലെ ഗ്രാമങ്ങളില്‍ എ.കെ.ജി നടത്തിയ പര്യടനവും അമരാവതിയിലെ കര്‍ഷകരെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നടത്തിയ നിരാഹാര സമരവും മുടവന്‍ മുകളില്‍ മതില്‍ ചാടിയ മിച്ചഭൂമി സമരവും കര്‍ഷക സമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

-പാറക്കോല്‍ രാജന്‍

Related Articles
Next Story
Share it