കോട്ടയം: രാവിലെ ആര്.ഡി.ഓ ആയി ചുമതലയേറ്റ ഉദ്യോഗസ്ഥന് വൈകുന്നേരം വിരമിച്ചു. കോട്ടയത്ത് എല്‍.എ തഹസില്‍ദാരായിരുന്ന കാഞ്ഞിരപ്പള്ളി കൊന്നക്കല്പറമ്പില് ജി. അജിത് കുമാര്‍ ആണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചുമതല ഏല്ക്കുകയും സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തത്.
മെയ് 28നാണ് അജിത് കുമാര്‍ അടക്കം ഒമ്പതുപേര്‍ക്ക് സ്ഥാനക്കയറ്റം നല്കി ഉത്തരവിറങ്ങിയത്. കൊല്ലം ആര്.ഡി.ഒ ആയിട്ടായിരുന്നു നിയമനം. എന്നാല്‍ മെയ് 31ഓടെ അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി അവസാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പുതിയ ജോലിയില്‍ പ്രവേശിച്ച അജിത് കുമാര്‍ വൈകിട്ട് 30 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് വിരാമമിട്ട് ഓഫിസിന്റെ പടിയിറങ്ങി.
കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍.ഡി. ക്ലര്‍ക്കായാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വിസ് ആരംഭിച്ചത്. തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ജോലി ചെയ്തു. ജോലിക്കയറ്റം ലഭിച്ചു കാഞ്ഞിരപ്പള്ളി തഹസില്‍ദാരായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് കോട്ടയത്ത് എല്‍.എ തഹസില്‍ദാരായി എത്തിയത്. ഭാര്യ: ഗീത പൊന്‍കുന്നം കോപ്പറേറ്റീവ് ബാങ്കില്‍ സെക്രട്ടറിയാണ്. മക്കള്‍: അരവിന്ദ്. ആനന്ദ്.