ഇനിയും ബുദ്ധി ഉദിക്കാത്ത വിമാന കമ്പനികള്‍

അല്ല; ഈ വിമാന കമ്പനികളിലുള്ളവര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ബിസിനസ് സ്ട്രാറ്റജിയിലൊന്നും വലിയ പിടിപാടില്ലേ? ഗൂഡ്‌സ് ആയാലും സര്‍വീസായാലും ഡിമാണ്ട് കൂടുമ്പോള്‍ കൂടുതല്‍ സപ്ലൈ ചെയ്തു ലാഭം വര്‍ധിപ്പിക്കുകയെന്നതാണ് പൊതുവേ കൊമേഴ്‌സ്യല്‍ സ്ട്രാറ്റജിയായി പഠിപ്പിക്കപ്പെടുന്നത്. ഡിമാണ്ടിനൊത്ത് സപ്ലൈ ചെയ്യാന്‍ സാധനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ചെറിയ തോതിലൊക്കെ വിലയോ ചാര്‍ജോ വര്‍ധിപ്പിക്കുന്നത് മനസിലാക്കാം.എന്നാല്‍ നമ്മുടെ വിമാന കമ്പനികള്‍, പ്രത്യേകിച്ച് കേരള- ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് നടത്തുന്നവ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടത്തുന്ന തീവെട്ടിക്കൊള്ള ഒരു ബിസിനസ് പോളിസിയുമായും പൊരുത്തപ്പെടുന്നതല്ല. മറിച്ച് 'കയ്യൂക്കുള്ളവന്‍ […]

അല്ല; ഈ വിമാന കമ്പനികളിലുള്ളവര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ബിസിനസ് സ്ട്രാറ്റജിയിലൊന്നും വലിയ പിടിപാടില്ലേ? ഗൂഡ്‌സ് ആയാലും സര്‍വീസായാലും ഡിമാണ്ട് കൂടുമ്പോള്‍ കൂടുതല്‍ സപ്ലൈ ചെയ്തു ലാഭം വര്‍ധിപ്പിക്കുകയെന്നതാണ് പൊതുവേ കൊമേഴ്‌സ്യല്‍ സ്ട്രാറ്റജിയായി പഠിപ്പിക്കപ്പെടുന്നത്. ഡിമാണ്ടിനൊത്ത് സപ്ലൈ ചെയ്യാന്‍ സാധനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ചെറിയ തോതിലൊക്കെ വിലയോ ചാര്‍ജോ വര്‍ധിപ്പിക്കുന്നത് മനസിലാക്കാം.
എന്നാല്‍ നമ്മുടെ വിമാന കമ്പനികള്‍, പ്രത്യേകിച്ച് കേരള- ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് നടത്തുന്നവ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടത്തുന്ന തീവെട്ടിക്കൊള്ള ഒരു ബിസിനസ് പോളിസിയുമായും പൊരുത്തപ്പെടുന്നതല്ല. മറിച്ച് 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന കാട്ടുനീതിയുടെ പകര്‍പ്പായി മാത്രമേ കാണാന്‍ കഴിയൂ. ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ സെക്ടറുകള്‍ അടക്കമുള്ള മറ്റു റൂട്ടുകളില്‍ സീസണ്‍ നോക്കി വര്‍ധനയില്ല. ഗള്‍ഫില്‍ ധാരാളമായി ജോലിക്കാരുള്ള പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് ഭാഗങ്ങളിലേക്കുള്ള വിമാനങ്ങളും ഇങ്ങനെ കഴുത്തറുപ്പന്‍ ഫെയര്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ഇന്ത്യയില്‍ തന്നെ കേരളത്തിലും ചില അയല്‍ പ്രദേശങ്ങളിലും മാത്രമേ ഈ പിടിച്ചുപറി കാണുന്നുള്ളൂ.
ഇതിനെതിരെ ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ പാസാക്കിയ പ്രമേയങ്ങള്‍ സമാഹരിച്ചാല്‍ നിരവധി വാള്യങ്ങള്‍ വരുന്ന ഗ്രന്ഥങ്ങള്‍ രൂപപ്പെടും. അവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ മന്ത്രിമാരുടെയും നേതാക്കളുടെയും ഉറപ്പുകള്‍ കൂട്ടി വെച്ചാല്‍ വലിയ കോട്ടകള്‍ പണിയാം. നാട്ടില്‍ അതിന്റെ പേരില്‍ നല്‍കപ്പെട്ട നിവേദനങ്ങള്‍ നീങ്ങാത്ത വേദനകളായി അവശേഷിക്കുന്നു. എവിടെയാണ് കുഴപ്പം?
ആര്‍ക്കാണിങ്ങനെ ഗള്‍ഫിലെ തുച്ഛവരുമാനക്കാരായ പ്രവാസികളെ മാത്രം പിഴിയണമെന്ന് ഇത്ര നിര്‍ബന്ധം? ഇത് ഒരാള്‍ക്കും പരിഹാരത്തിന് വഴങ്ങാത്തത്ര സങ്കീര്‍ണ പ്രശ്‌നമാണോ? ശരിക്കും വിമാന കമ്പനിക്കാരുടെ സ്വന്തം കെടുകാര്യസ്ഥതയുടെ പ്രായശ്ചിത്തം പാവപ്പെട്ട ഗള്‍ഫ് തൊഴിലാളികള്‍ ഒടുക്കേണ്ടി വരുന്ന നെറികേടല്ലേ ഇവിടെ നടക്കുന്നത്? ഫെയര്‍ താങ്ങാവുന്ന നിലയിലാണെങ്കില്‍ സീസണ്‍ കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ തയ്യാറുള്ള നിരവധി പേരെ നേരിട്ടറിയാം. അത്തരം യാത്രക്കാരെ പ്രോത്സാഹിപ്പിച്ച്, അവര്‍ക്ക് വേണ്ടത്ര ട്രിപ്പുകളും സീറ്റുകളും വര്‍ധിപ്പിച്ചാല്‍ നല്ല ലാഭം കൊയ്യാന്‍ സാധ്യതയുണ്ടായിട്ടും അതൊന്നും ചെയ്യാതെ നിര്‍ബന്ധിതാവസ്ഥയില്‍ അടിയന്തര യാത്ര വേണ്ടി വരുന്നവരില്‍ നിന്ന് കഴുത്തറുപ്പന്‍ ഫെയര്‍ വസൂല്‍ ചെയ്യാന്‍ ഇവരെ പഠിപ്പിച്ചത് ഏത് തരം വാണിജ്യ സിദ്ധാന്തങ്ങളാണ്?
കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനത്തില്‍ എട്ട് യാത്രക്കാരായിരുന്നുവത്രെ. അവിടെയും തൊട്ടപ്പുറത്തുള്ള എയര്‍ പോര്‍ട്ടിലുമായി 10,000 രൂപയുടെ ഫെയര്‍ വ്യത്യാസം. സ്വാഭാവികമായും യാത്രക്കാര്‍ കുറഞ്ഞ നിരക്കിലുള്ള യാത്രക്ക് സ്ഥലം മാറിപ്പോകും. കേരളീയരായ യാത്രക്കാര്‍ പലരും നിരക്കിളവിന്റെ പേരില്‍ കോയമ്പത്തൂരും ചെന്നൈയും ബംഗളൂരും ഗോവയും മറ്റും ആശ്രയിക്കുന്നത് സാധാരണ സംഭവമാണ്. ഇത്രയും തലതിരിഞ്ഞ പോളിസിയുമായി മുന്നേറുന്ന വിമാന കമ്പനികളെ ബുദ്ധി ഉപദേശിക്കാന്‍ ഇവിടെ ആരുമില്ലേ?
അവധിക്കാലത്ത് നാട്ടില്‍ വരാന്‍ താല്‍പ്പര്യപ്പെടുന്നവരെ ഫെയര്‍ കുത്തനെ ഉയര്‍ത്തി വിരട്ടിയോടിക്കുക, ഗത്യന്തരമില്ലാതെ യാത്ര ചെയ്യുന്നവരെ അയല്‍ സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക, പകരം സ്വന്തം നാട്ടില്‍ നിന്ന് പറക്കാന്‍ ധൈര്യപ്പെട്ടവരെ മൂന്നിരട്ടിയും നാലിരട്ടിയും അധികം തട്ടിയെടുത്ത് ശിക്ഷിക്കുക ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി ഈ അനീതി നിര്‍ബാധം തുടരുന്നു. ഇതിന് അറുതി വരുത്താന്‍ ത്രാണിയുള്ളവര്‍ ഇവിടെ ആരുമില്ലേ?


-സ്വിദ്ദീഖ് നദ്‌വി ചേരൂര്‍

Related Articles
Next Story
Share it