എയിംസ് കാസര്‍കോട്ട് വേണം; ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസിനായുള്ള പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്താത്ത സംസ്ഥാനസര്‍ക്കാറിന്റെ നടപടിക്കെതിരെ കാസര്‍കോട്ട് നടത്തിയ ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി. എയിംസ് കാസര്‍കോട് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. റാലി കറന്തക്കാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച് താലൂക്ക് ഓഫീസ് ചുറ്റി എം.ജി റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എയിംസിന് വേണ്ടി കാസര്‍കോട്ട് പൊതുജനങ്ങള്‍ നടത്തുന്ന സമരത്തെ ജില്ലയിലെ ഭരണപക്ഷക്കാരായ ജനപ്രതിനിധികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് […]

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസിനായുള്ള പ്രപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്താത്ത സംസ്ഥാനസര്‍ക്കാറിന്റെ നടപടിക്കെതിരെ കാസര്‍കോട്ട് നടത്തിയ ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി.
എയിംസ് കാസര്‍കോട് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. റാലി കറന്തക്കാട് ജംഗ്ഷനില്‍ നിന്നാരംഭിച്ച് താലൂക്ക് ഓഫീസ് ചുറ്റി എം.ജി റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എയിംസിന് വേണ്ടി കാസര്‍കോട്ട് പൊതുജനങ്ങള്‍ നടത്തുന്ന സമരത്തെ ജില്ലയിലെ ഭരണപക്ഷക്കാരായ ജനപ്രതിനിധികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ പോയി കണ്ട ഈ ജനപ്രതിനിധികള്‍ ഇപ്പോള്‍ ഉള്‍വലിഞ്ഞിരിക്കുകയാണ്. ജില്ലയിലെ ഭരണപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കവാത്ത് മറക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ഭയം കാരണം ഇവര്‍ മൗനിബാബമാരായി മാറിയിരിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ പേര് സംസ്ഥാനം പ്രപ്പോസലായി കൊടുത്താല്‍ മാത്രമേ ഇവിടെ എയിംസ് ലഭ്യമാക്കുന്നതിന് എം.പി എന്ന നിലയില്‍ തനിക്ക് ഇടപെടാനാവുകയുള്ളൂവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വ്യക്തമാക്കി. കാസര്‍കോടിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ പ്രപ്പോസല്‍ നല്‍കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് എം.പി എന്ന നിലയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ അറിയിച്ചത്. കേരള മുഖ്യമന്ത്രി കാസര്‍കോടിനോടുള്ള വിവേചനം അവസാനിപ്പിക്കണം. ജില്ലയിലെ ആസ്പത്രികളെല്ലാം റഫറല്‍ ആസ്പത്രികളാണ്. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പോലും അപൂര്‍ണമാണ്. 7627 എന്‍ഡോസള്‍ഫാന്‍ രോഗികളുള്ള ജില്ലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കാന്‍ പോലും തയ്യാറാകുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഒരു വിദഗ്ദ്ധ ചികിത്സാകേന്ദ്രം അനിവാര്യമാണെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ബഹുജനറാലി സംഘാടകസമിതി ചെയര്‍മാന്‍ ഗണേഷ് അരമങ്ങാനം, കെ. അഹമ്മദ് ഷെരീഫ്, കെ.ജെ സജി, യു.കെ യൂസഫ്, നാസര്‍ ചെര്‍ക്കളം, ഫറീന കോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഭരണകക്ഷി എം.എല്‍.എമാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

Related Articles
Next Story
Share it