കാസര്‍കോട്: എയിംസ് വിഷയത്തില്‍ കേരളം കേന്ദ്രത്തിന് നല്കിയ പ്രൊപ്പോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ദയാബായും ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം ഏഴിന് സമരഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന സമരപരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലായിരിക്കും സമരം. ഇതുസംബന്ധിച്ചുള്ള പ്രചാരണത്തിന് ഇന്നും നാളെയും ദയാബായി ജില്ലയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. എയിംസ് കാസര്‍കോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 22 ദിവസം പിന്നിടുകയാണ്.
നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണയുമായി പന്തലിലെത്തത്തി. ചെയര്മാന് കെ.ജെ സജി, ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം, വര്‍ക്കിംഗ് ചെയര്മാന് നാസര്‍ ചെര്‍ക്കളം, അമ്പലത്തറ കുഞ്ഞികൃഷ്ണന്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.