ദീപ്ത സ്മരണകളുമായി അഹ്മദ് മാഷ്

കാസര്‍കോട്ട് വലിയ മനുഷ്യരുടെ മരണം, നേട്ടങ്ങള്‍ സംഭവിക്കുമ്പോഴൊക്കെ അഹ്മദ് മാഷിന്റെ ഓര്‍മകള്‍ ജ്വലിച്ചുയരും. ഈയിടെ എന്‍ എ സുലൈമാന്‍ വിടവാങ്ങിയപ്പോഴും അതുണ്ടായി. കാസര്‍കോട് നഗരവും പരിസരവുമായി ബന്ധപ്പെട്ട് എന്റെ പാരസ്പര്യത്തിന് ഹേതു മാഷാണ്. സുലൈമാനെ എനിക്ക് പരിചയപ്പെടുത്തുന്നത് അതില്‍ തിളക്കമുള്ളത്. സുലൈമാന്റെ ഓരോ ചുവടുവെപ്പുകളെയും മാഷ് അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സുലൈമാന്‍ നടപ്പുശീലങ്ങളെ തകര്‍ക്കുന്ന ആളാണെന്ന് എപ്പോഴും പറയുമായിരുന്നു. ഉത്തരദേശത്തിന്റെ വാതിലുകള്‍ സുലൈമാന് എപ്പോഴും തുറന്നിട്ടു. സുലൈമാന് മാത്രമല്ല,സാമൂഹിക സാംസ്‌കാരിക കായിക മേഖലകളില്‍ താത്പര്യമുള്ള ഏവര്‍ക്കും മാഷ് പ്രോത്സാഹനം […]

കാസര്‍കോട്ട് വലിയ മനുഷ്യരുടെ മരണം, നേട്ടങ്ങള്‍ സംഭവിക്കുമ്പോഴൊക്കെ അഹ്മദ് മാഷിന്റെ ഓര്‍മകള്‍ ജ്വലിച്ചുയരും. ഈയിടെ എന്‍ എ സുലൈമാന്‍ വിടവാങ്ങിയപ്പോഴും അതുണ്ടായി. കാസര്‍കോട് നഗരവും പരിസരവുമായി ബന്ധപ്പെട്ട് എന്റെ പാരസ്പര്യത്തിന് ഹേതു മാഷാണ്. സുലൈമാനെ എനിക്ക് പരിചയപ്പെടുത്തുന്നത് അതില്‍ തിളക്കമുള്ളത്. സുലൈമാന്റെ ഓരോ ചുവടുവെപ്പുകളെയും മാഷ് അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സുലൈമാന്‍ നടപ്പുശീലങ്ങളെ തകര്‍ക്കുന്ന ആളാണെന്ന് എപ്പോഴും പറയുമായിരുന്നു. ഉത്തരദേശത്തിന്റെ വാതിലുകള്‍ സുലൈമാന് എപ്പോഴും തുറന്നിട്ടു. സുലൈമാന് മാത്രമല്ല,സാമൂഹിക സാംസ്‌കാരിക കായിക മേഖലകളില്‍ താത്പര്യമുള്ള ഏവര്‍ക്കും മാഷ് പ്രോത്സാഹനം ഒരുക്കി. ഈയിടെ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഈ ലോകത്തോട് വിട പറഞ്ഞപ്പോഴും എന്റെ മനസില്‍ ആദ്യം പടികടന്നുവന്നത് മാഷിന്റെ മുഖമാണ്. ഉണ്ണിയെ കാസര്‍കോട്ടേക്ക് കൈപിടിച്ചു കൊണ്ടുവന്നത് മാഷാണ്. അതുവരെ കാഞ്ഞങ്ങാടായിരുന്നു ഉണ്ണിയുടെ തട്ടകം. കഥാകൃത്ത് വി പി മനോഹരന്‍ ഇരുന്നിരുന്ന കസേര ഉണ്ണിക്ക് നല്‍കി. വി പി മനോഹരന്റെ ഉയര്‍ച്ചയും മാഷിലൂടെയാണ് ഞാന്‍ കണ്ടത്.എണ്‍പതുകളുടെ അവസാനം മനോഹരന്‍ കേരളമാകെ അറിയപ്പെടുന്ന കഥാകൃത്തായി. ഉത്തരദേശം ഓഫീസ് അന്ന് എം ജി റോഡിന് സമീപം വാഹനങ്ങള്‍ തിരിയുന്നസ്ഥലത്തായിരുന്നു. അവിടെ മാഷിന്റെ നിശബ്ദ പ്രോത്സാഹനത്തിലാണ് മനോഹരന്‍, ഉത്തരദേശത്തിലെ പത്രാധിപക്കുറിപ്പുകള്‍ക്ക് പുറമെ, മികച്ച കഥകള്‍ എഴുതിയിരുന്നത്. മാഷിലൂടെ ഞാന്‍ അനേകം മഹാ പ്രതിഭകളെ പരിചയപ്പെട്ടു. കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്‍ മാഷ്, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍ മാങ്ങാട്, സി.വി ബാലകൃഷ്ണന്‍, സതീഷ് ബാബു പയ്യന്നൂര്‍ എന്നിങ്ങനെ ധാരാളം പേര്‍. ഇവരില്‍ പലരും നമ്മെ വിട്ടുപോയി. ഈയടുത്ത് സതീഷ്ബാബുവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മാഷിന്റെ മുഖം പിന്നെയും തെളിഞ്ഞു വന്നു.എന്റെ യൗവനജീവിതത്തിന്റെ ഓരോ ആശ്വാസനിശ്വാസങ്ങളിലും മാഷ് നിറഞ്ഞു നിന്നിരുന്നു.അത് നല്‍കിയ കരുത്തിലാണ് ഞാന്‍ എന്റെ പാത കണ്ടെത്തിയത്.ഞാന്‍ ഗള്‍ഫിലെത്തിയപ്പോള്‍ മാഷിന്റെ ശിഷ്യന്‍ എന്ന മേല്‍വിലാസത്തിലായിരുന്നു അറിയപ്പെട്ടത്. യഹ്യ തളങ്കര, ഖാദര്‍ തെരുവത്ത്, അബ്ദുല്ല ബേവിഞ്ച, കെസഫ് ചെയര്‍മാന്‍ മഹ്മൂദ്, ഹുസൈന്‍ പടിഞ്ഞാര്‍, മജീദ് തെരുവത്ത്, നിസാര്‍ തളങ്കര തുടങ്ങിയവരൊക്കെ പരിഗണന തന്നത് ആ നിലയിലാണ്. ദുബൈയില്‍ ഹയാത്ത് റീജന്‍സി പരിസരത്ത് ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണം മാഷിനെ കാസര്‍കോട്ടുകാര്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അടയാളപ്പെടുത്തി.അന്ന് മാഷെ വേദിയില്‍ പരിചയപ്പെടുത്താന്‍ ഞാന്‍ നിയുക്തനായി. മാഷ് എന്നില്‍ മാത്രമല്ല, അവരിലൊക്കെ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് നേരിട്ടറിഞ്ഞു. കാസര്‍കോടിന്റെ ഇപ്പോഴത്തെ സാംസ്‌കാരിക മുന്നേറ്റത്തിന് അടിത്തറ പാകിയത് മാഷാണ്. വൈക്കം മുഹമ്മദ് ബഷീര്‍ കാസര്‍കോട്ട് എത്തിയത് മാഷിലൂടെ. മഹാകവി പി കുഞ്ഞിരാമന്‍നായര്‍ തിരിച്ചുവന്നപ്പോള്‍ ആതിഥ്യം നല്‍കിയത് മാഷ്. മറ്റൊരു മഹാകവി ടി ഉബൈദിന്റെ പരിലാളനകള്‍ ഏറെയും ഏറ്റുവാങ്ങിയത് മാഷിന്റെ സര്‍ഗശേഷി. കേരളത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായി മാഷ് എക്കാലവും ഓര്‍മിക്കപ്പെടും. കുലപതി കേസരി ബാലകൃഷ്ണപ്പിള്ളയുടെ പരമ്പരയിലെ ഈടുറ്റ കണ്ണിയാണ് മാഷ്. മലയാള മാധ്യമപ്രവര്‍ത്തനത്തിന് ഓജസും ദിശാബോധവും നല്‍കിയവരുടെ കൂട്ടത്തില്‍ മാഷുണ്ട്. അത് സാമുഹിക മാധ്യമാനന്തര കാലത്തിനപ്പുറത്തും ഈടുവെപ്പായി നില്‍ക്കും.


-കെ.എം അബ്ബാസ്‌

Related Articles
Next Story
Share it