അമരനായി അഹ്‌മദ് മാഷ്; ഓര്‍മ്മകള്‍ പങ്കുവെച്ച് സാഹിത്യവേദി അനുസ്മരണം

കാസര്‍കോട്: വേര്‍പാടിന്റെ 11-ാം വാര്‍ഷികത്തിലും അഹ്‌മദ് മാഷ് എല്ലാവരുടേയും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുണ്യം ചെയ്ത ഒരു ജന്മം തന്നെയാണെന്ന് കെ.എം അഹ്‌മദ് മാഷിന്റെ സഹപ്രവര്‍ത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി.പി ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി ഡയലോഗ് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ ജീവിതത്തോട് ഇഴകിചേര്‍ന്ന് ഈ മണ്ണിലെ സാഹിത്യ, സാംസ്‌കാരിക മേഖലകളിലെല്ലാം നിറഞ്ഞുനിന്ന അഹ്‌മദ് മാഷ്, രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തിലും പ്രഭാഷണത്തിലും […]

കാസര്‍കോട്: വേര്‍പാടിന്റെ 11-ാം വാര്‍ഷികത്തിലും അഹ്‌മദ് മാഷ് എല്ലാവരുടേയും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുണ്യം ചെയ്ത ഒരു ജന്മം തന്നെയാണെന്ന് കെ.എം അഹ്‌മദ് മാഷിന്റെ സഹപ്രവര്‍ത്തകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ പി.പി ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി ഡയലോഗ് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ ജീവിതത്തോട് ഇഴകിചേര്‍ന്ന് ഈ മണ്ണിലെ സാഹിത്യ, സാംസ്‌കാരിക മേഖലകളിലെല്ലാം നിറഞ്ഞുനിന്ന അഹ്‌മദ് മാഷ്, രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തിലും പ്രഭാഷണത്തിലും സൗഹൃദത്തിലും കുടുംബ സ്‌നേഹത്തിലുമെല്ലാം ഒരുപോലെ തിളങ്ങിനിന്ന അദ്ദേഹം പലരുടേയും മനസ്സിലെ തിരയൊടുക്കുന്നതിലും അഗ്‌നി ജ്വലിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.
'ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരനുഭവം എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. സി.ടി. അഹമ്മദലി മന്ത്രിപദം രാജിവെക്കാന്‍ ഒരുങ്ങുന്നതിന്റെ തലേന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഓഫീസില്‍ മന്ത്രിയെ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്തതും അസാധാരണവുമായ ഒന്നാണ്. സി.ടി അഹമ്മദലി അന്ന് രാത്രിയോ അല്ലെങ്കില്‍ പിറ്റേന്ന് രാവിലെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന ഒരവസ്ഥയിലായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ യോഗവുമായി ബന്ധപ്പെട്ട് അഹ്‌മദ് മാഷും ഞാനും അന്ന് തിരുവനന്തപുരത്തുണ്ട്. സി.ടി അഹമ്മദലിയെ കണ്ടുവരാമെന്ന് പറഞ്ഞ് മാഷ് എന്നെയും ക്ഷണിച്ചു. സി.ടിയെ എനിക്ക് അന്ന് വലിയ പരിചയമില്ല. ഞങ്ങളദ്ദേഹത്തിന്റെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥരും നേതാക്കളുമടക്കം പത്തമ്പത് പേര്‍ അവിടെ കൂടി നില്‍ക്കുന്നു. ആകാംക്ഷയിലാണ് എല്ലാവരും. അവിടെ നില്‍ക്കുകയായിരുന്ന ഒരാളോട് അഹ്‌മദ് മാഷ് ഞാന്‍ വന്നിട്ടുണ്ടെന്ന് മന്ത്രിയോട് പറയാന്‍ പറഞ്ഞു. ഓഫീസിന്റെ കാബിന്‍ തുറന്ന് ഓടിവന്ന മന്ത്രി 'എന്റെ മാഷേ...' എന്ന് പറഞ്ഞ് അഹ്‌മദ് മാഷിന്റെ നെഞ്ചിലേക്ക് ഒരു വീഴ്ചയായിരുന്നു. ഞാനാ കാഴ്ചകണ്ട് അത്ഭുതപ്പെട്ടുപോയി. മന്ത്രി തന്റെ ഏറ്റവും വലിയൊരു വിഷമാവസ്ഥയില്‍ ഒരു സുഹൃത്തോ അഭ്യുദയകാംക്ഷിയോ ആയ ഒരാളുടെ നെഞ്ചിലേക്ക് തന്റെ മുഴുവന്‍ സമ്മര്‍ദ്ദവും ഭാരവും ചൊരിയുകയായിരുന്നു. 'അഹമദലിച്ച ബേജാറാവണ്ട, നമുക്ക് നാട്ടിലേക്ക് പോകാം..' എന്ന് അഹ്‌മദ് മാഷ് പറഞ്ഞപ്പോള്‍ മന്ത്രിയുടെ മനസ്സിലെ തിര ഒന്നടങ്ങിയിട്ടുണ്ടാവണം. ഇതായിരുന്നു അഹ്‌മദ് മാഷ്. പലരുടേയും മനസ്സിലെ തിരയൊടുക്കാന്‍ മാഷെന്ന മനുഷ്യ സ്‌നേഹിക്ക് കഴിഞ്ഞിരുന്നു'-ശശീന്ദ്രന്‍ ഓര്‍മ്മപങ്കുവെച്ചു.
സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് രാധാകൃഷ്ണന്‍ പട്ടാനൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഹ്‌മദ് മാഷ് വിട പറഞ്ഞുപോയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിലെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും മാതൃകയാക്കുന്ന പത്രപ്രവര്‍ത്തകനാണ് അദ്ദേഹമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. പത്മനാഭന്‍ ബ്ലാത്തൂര്‍, സി.എല്‍ ഹമീദ്, പി.എസ് ഹമീദ്, വി.വി പ്രഭാകരന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, മുജീബ് അഹ്‌മദ് പ്രസംഗിച്ചു. ആര്‍.എസ്. രാജേഷ് കുമാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it