അഹ്‌മദ് മാഷ്: സ്‌നേഹത്തില്‍ മുങ്ങിക്കുളിച്ച സ്‌നേഹം

ഒന്ന്, ഒരാള്‍ സ്വന്തം ദേശത്തെ ഇതിഹാസ സമാനമായ ഒരു മിത്തോളജിക്കല്‍ ഫാന്റസിയാക്കുക എന്നത് അപൂര്‍വതയുടെ പുണ്യമാണ്. അധ്യാപന പരിശീലനം കഴിഞ്ഞിറങ്ങി, കുട്ടികള്‍ക്കിടയില്‍ നിന്ന്, ഭാഷയുടെ അതിരുകളില്ലാത്ത ലോകത്തിലേക്ക് കയറിപ്പോകുന്ന ഒരു വിസ്മയം. കാസര്‍കോട്ടുകാര്‍ക്കെല്ലാം, അറിഞ്ഞവര്‍ക്കും അറിയാത്തവര്‍ക്കും കണ്ടവര്‍ക്കും കാണാത്തവര്‍ക്കും അദ്ദേഹം മാഷായിരുന്നു. മനുഷ്യമനസ്സിലെ അജ്ഞത മായിക്കുമ്പോഴാണല്ലോ ഒരാള്‍ മാഷാവുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല ഇന്നും കാസര്‍കോടിന് പുറത്തുപോകുമ്പോള്‍ അറിയപ്പെടുന്ന പല എഴുത്തുകാരും രാഷ്ട്രീയനേതാക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അഹമ്മദ് മാഷിന്റെ നാടല്ലേ എന്ന്. കേവലം ആ ചോദ്യത്തില്‍ […]

ഒന്ന്,
ഒരാള്‍ സ്വന്തം ദേശത്തെ ഇതിഹാസ സമാനമായ ഒരു മിത്തോളജിക്കല്‍ ഫാന്റസിയാക്കുക എന്നത് അപൂര്‍വതയുടെ പുണ്യമാണ്. അധ്യാപന പരിശീലനം കഴിഞ്ഞിറങ്ങി, കുട്ടികള്‍ക്കിടയില്‍ നിന്ന്, ഭാഷയുടെ അതിരുകളില്ലാത്ത ലോകത്തിലേക്ക് കയറിപ്പോകുന്ന ഒരു വിസ്മയം. കാസര്‍കോട്ടുകാര്‍ക്കെല്ലാം, അറിഞ്ഞവര്‍ക്കും അറിയാത്തവര്‍ക്കും കണ്ടവര്‍ക്കും കാണാത്തവര്‍ക്കും അദ്ദേഹം മാഷായിരുന്നു. മനുഷ്യമനസ്സിലെ അജ്ഞത മായിക്കുമ്പോഴാണല്ലോ ഒരാള്‍ മാഷാവുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല ഇന്നും കാസര്‍കോടിന് പുറത്തുപോകുമ്പോള്‍ അറിയപ്പെടുന്ന പല എഴുത്തുകാരും രാഷ്ട്രീയനേതാക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അഹമ്മദ് മാഷിന്റെ നാടല്ലേ എന്ന്. കേവലം ആ ചോദ്യത്തില്‍ മാത്രം അത് ഒതുങ്ങാറില്ല. അദ്ദേഹം ഏതെങ്കിലും വിധത്തില്‍ അവരുടെ ജീവിതത്തില്‍ ചെലുത്തിയ സര്‍ഗ്ഗപരമായ, മാനുഷികമായ ഒരിടപെടലിലേക്ക് അത് വളരും. തിരുവനന്തപുരത്തെ എന്റെ ആദ്യകാല ജീവിതത്തിനിടയില്‍ എത്രയെങ്കിലും വലിയ മനുഷ്യര്‍ മാഷെക്കുറിച്ച് വാചാലമാകുന്നത് കേട്ടിട്ടുണ്ട്. ഒരിക്കല്‍ സുഗതകുമാരി ടീച്ചര്‍ പറഞ്ഞു: 'കാസര്‍കോട്ട് അഹമ്മദുണ്ടല്ലോ.. എല്ലാം അദ്ദേഹം നോക്കിക്കോളും...' ടീച്ചറുടെ അഭയുമായി ബന്ധപ്പെട്ട ഒരു കാര്യം വന്നപ്പോഴാണ് ടീച്ചര്‍ അത് പറഞ്ഞത്.
കാസര്‍കോടിന്റെ ഉള്‍ഗ്രാമത്തിലൊരിടത്തുള്ള ഒരു ദളിത് പെണ്‍കുട്ടിയുടെ പീഡനവാര്‍ത്ത മാഷുടെ പത്രത്തില്‍ വലിയ പ്രാധാന്യത്തോടെ വന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധത കാണിച്ച് ടീച്ചര്‍ ആദ്യം വിളിച്ചത് മാഷെയാണ്. മാഷുടെ പ്രിയമിത്രമായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണമാഷിലൂടെയും അദ്ദേഹം തിരുവനന്തപുരത്ത് നിറസാന്നിധ്യമായി. മാതൃഭൂമിയില്‍ കൃഷ്ണന്‍ മാഷ് വരച്ച 'കുട്ടന്‍ കണ്ടതും കേട്ടതും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെയും അദ്ദേഹം പലരുടെയും കുട്ടനായി. മാഷുടെ കണ്ണാടിപോലെ നിര്‍മ്മലമായ മനസ്സ് ആ കാര്‍ട്ടൂണിലൂടെ വെളിവായി. മറ്റൊരിക്കല്‍ തിരുവനന്തപുരം മാതൃഭൂമി ഓഫീസില്‍ വെച്ച് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞ വാക്കുകളും ഓര്‍മ്മയില്‍ തെളിയുന്നു. മാഷുടെ പത്രപ്രവര്‍ത്തന ശൈലിയെക്കുറിച്ചാണ് മാതൃഭൂമിയുടെ എം.ഡി. കൂടിയായ അദ്ദേഹം പറഞ്ഞത്, 'അഹമ്മദ് ഫ്രീ ജേര്‍ണലിസത്തെ ഷാര്‍പ്പ് ജേര്‍ണിലിസമാക്കിയ പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, ഭാഷയില്‍ വടക്കന്‍ ശൈലിയുടെ സൗന്ദര്യം കൊണ്ടുവന്ന ആള് കൂടിയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. വീരേന്ദ്രകുമാറിന്റെ പ്രിയ ചങ്ങാതി മാത്രമായിരുന്നില്ല, ഇഷ്ട പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അഹമ്മദ് മാഷ്. ഒരധ്യാപകന്റെ സൂക്ഷ്മത അദ്ദേഹത്തിന്റെ എഴുത്തിനെ വൈവിധ്യപൂര്‍ണ്ണമാക്കി. മറ്റു ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സംസ്‌കൃതി നിറഞ്ഞുനിന്ന കാസര്‍കോടിന്റെ വാര്‍ത്തകള്‍ അതിന്റെ പാരമ്പര്യത്തനിമ കൈവിടാതെ പകര്‍ത്താന്‍, അല്ലെങ്കില്‍ പരിഭാഷപ്പെടുത്താന്‍ മാഷിന് കഴിഞ്ഞിരുന്നു. മനുഷ്യപക്ഷത്തു നില്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു ശൈലി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദനെ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് അഹമ്മദ് മാഷെക്കുറിച്ചായിരുന്നു.
കഥ വായിക്കുന്നതു പോലെ ഹൃദ്യമാണ് മാഷുടെ പത്രറിപ്പോര്‍ട്ടുകള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള സിനിമയെ ലോകനെറുകയില്‍ പ്രതിഷ്ഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞതും അഭിമാനത്തോടെ ഓര്‍ക്കുന്നു. കാസര്‍കോടിന്റെ ഭാഗ്യമാണ് അഹമ്മദ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതെ, കാസര്‍കോട്ടുകാരുടെ ഭാഗ്യം മാത്രമല്ല സ്‌നേഹവുമാണ് അദ്ദേഹം. മാഷുമായി ബന്ധപ്പെട്ട എത്രയെങ്കിലും ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടെങ്കിലും രണ്ടു മൂന്ന് കാര്യങ്ങള്‍ മാത്രം പറയാം.

രണ്ട്,
ഉത്തരദേശത്തിലും ഈയാഴ്ച വാരികയിലും അദ്ദേഹത്തിന്റെ ശിഷ്യനായി ജോലി ചെയ്യാനുള്ള നിയോഗം എനിക്കുണ്ടായി. ഇന്നോര്‍ക്കുമ്പോള്‍ എന്റെ ഭാഷാസ്‌നേഹം രൂപപ്പെടുത്തിയതില്‍ അതിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് തിരിച്ചറിയുന്നു. ശരി -സത്യങ്ങള്‍ പലപ്പോഴും രണ്ടാണെങ്കിലും മാഷ് ശരിയുടെ സത്യത്തെ ഹൃദയത്തില്‍ നിറച്ച ഒരാളായിരുന്നു. കാല്‍പ്പനികമായ ഒരു പരികല്‍പനയില്‍ മാഷ് ഒരു സത്യകവി കൂടിയായിരുന്നു. ഏതൊരു പ്രതിഭാശാലിയുടേതും പോലെ നര്‍മ്മം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മറ്റൊരു രസവിദ്യയാണ്.
ഒരിക്കല്‍ വി.കെ.എന്നിന്റെ പ്രസിദ്ധമായ ഒരു ഫലിതത്തിന് മാഷുണ്ടാക്കിയ പാരഡി വി.കെ.എന്‍ ചിരിപ്പിച്ചതിലും കൂടുതല്‍ എന്നെ ചിരിപ്പിച്ചു. ഒരു പാവംചക്രവര്‍ത്തിയുടെ ദയനീയതയുടെ ചിത്രം വരച്ച നാലുവരികള്‍.
ചക്രവര്‍ത്തി: ആരവിടെ? അണിയറയില്‍ നിന്ന്: ആരുമില്ല..
ചക്രവര്‍ത്തി: സാരമില്ല! ഇതാണ് വി.കെ.എന്‍ തമാശ..
മാഷ് ചക്രവര്‍ത്തിയുടെ ആ ഗതികേടോര്‍ത്ത് ..നിരുദ്ധകണ്ഠനായി പറഞ്ഞു: അങ്ങ് വിഷമിക്കണ്ട പ്രഭോ, ഞാനുണ്ട്.. തരാന്‍ ഒരു പത്രമേ കയ്യിലുള്ളു...
അതാണ് മാഷ്. നിസ്സഹായര്‍ക്കും അരികുപറ്റി ജീവിക്കുന്നവര്‍ക്കും ഒപ്പമേ നില്‍ക്കു... എന്നാല്‍ അത്തരത്തിലുള്ള ഒരു ഭാവം ഒട്ടുമില്ലതാനും. ഉത്തരദേശത്തില്‍ ജോലി ചെയ്യുമ്പോള്‍ മിക്കവാറും വൈകുന്നേരങ്ങളില്‍ മാഷോടൊപ്പം കുറെനേരം ചെലവഴിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. വായിച്ച പുസ്തകങ്ങളെക്കുറിച്ചാണ് ഏറെയും പറയുക. ഒമര്‍ഖയ്യാം ഇഷ്ടകവിയായിരുന്നു. ജിബ്രാനേയും ഇഷ്ടമാണ്; സൂഫികവി ജലാലുദ്ദീന്‍ റൂമിയും! 'നീ നിന്റെ ഉദ്യാനത്തെ പൂക്കളിലെ തേന്‍ കൊണ്ട് മധുശാലയാക്കൂ' എന്ന ഒമര്‍ ഖയ്യാമിന്റെ വരികളെ ജിബ്രാന്റെ 'കണ്ണുനീര്‍ത്തുള്ളിയുടെ മധുരം കൊണ്ട് നീ ഹൃദയത്തെ ഉന്മാദമുള്ളതാക്കൂ' എന്ന വരികളിലേക്ക് ചേര്‍ത്തുവെക്കും. ഉത്തരദേശത്തിലെ ഏറ്റവും മനോഹരമായ ആ കാലം ജീവിത്തത്തിലെ മറ്റൊരു ലഹരിയാണ്; എഴുത്തു പോലെ...
നല്ല സിനിമകളോടുള്ള എന്റെ താല്‍പര്യം തിരിച്ചറിഞ്ഞ്, ചലച്ചിത്രോല്‍സവങ്ങള്‍ വരുമ്പോള്‍ പത്രത്തില്‍ നല്ല സിനിമകളെക്കുറിച്ചും എഴുതിക്കും. ഋത്വക് ഘട്ടക്കിന്റെ അജാന്ത്രിക്, മേഘേധക്കാധാര, ബെര്‍ഗ് മാന്റെ സെവന്‍ത് സീല്‍, ഫെല്ലിനിയുടെ എയിറ്റ് ആന്‍ഡ് ഹാഫ് തുടങ്ങിയ ക്ലാസിക്കുകളെക്കുറിച്ചെഴുതിപ്പിച്ചത് ഓര്‍ക്കുന്നു.

മൂന്ന്,
മഹാകവികളായ ഉബൈദും പി.യും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ രണ്ടറകളാണെങ്കിലും അധികമാര്‍ക്കും അറിയാത്ത മറ്റൊരു സത്യം ജി. ശങ്കരക്കുറുപ്പിന്റെ വലിയ ആരാധകനായിരുന്നു അഹ്‌മദ്മാഷ്. ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴല്‍' ഏറെക്കുറെ ഹൃദ്യസ്ഥമായിരുന്നു. 'വാര്‍മഴവില്ലേ വന്നാലും' എന്ന കവിത ഇടയ്ക്കിടെ മൂളും: 'വാര്‍മഴവില്ലേ വന്നാലും വാനില്‍ മടിയിലിരുന്നാലും, കണ്‍കുളിരുന്നു കാണുമ്പോള്‍, കരള്‍നോവുന്നു മായുമ്പോള്‍, ആരു നിനക്കീ നിറമേകി, ആരു നിനക്കീ നില നല്‍കി, എന്നെക്കൂടി വിളിക്കാമോ നിന്നരികിലിരുത്താമോ, താഴത്തേക്ക് വരുന്നില്ലേ, താനെയിരുന്നാല്‍ മുഷിയില്ലേ, ആരു നിനക്കൊരു കഥ പറയാന്‍, ആരുണ്ടവിടെയൊരുമ്മ തരാന്‍!' ഒരു കുട്ടിയുടെ നിഷ്‌കളങ്ക മനസായിരുന്നു മാഷിനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പി. കുഞ്ഞിരാമന്‍ നായര്‍ എവിടെപ്പോയാലും പറയുന്ന ഒരു പേരാണ് കെ.എം. അഹമ്മദ്. 'കവിയുടെ കാല്‍പ്പാടുകളില്‍' മഹാകവി പ്രിയ സോദരനെക്കുറിച്ച് എഴുതിയത് നോക്കൂ: 'ഒരു ദിവസം രാത്രി പെട്ടെന്ന് വിളി തോന്നി- പിറന്ന നാടിന്റെ വിളി-മണ്‍മറഞ്ഞ ഉബൈദ് സാഹിബിന്റെ വിളി-അബ്ദുള്ളയുടെ-അഹമ്മദിന്റെ-പിറന്ന നാടിന്റെ കാസര്‍കോടിന്റെ വിളി - ഇരുട്ടില്‍ നില്‍ക്കാതെ പായുന്ന സൂപ്പറില്‍ കേറിപ്പറ്റി-പുതിയ ഉദയം. കാസര്‍കോട്ടിറങ്ങി. മാതൃഭൂമി പ്രതിനിധി-ഉബൈദ് ശിഷ്യന്‍, അഹമ്മദ്. മുബാറക്ക് പ്രസ്. ലക്ഷ്യമതാണ്. കേറിച്ചെന്നു. കാര്യം തുറന്നു പറഞ്ഞു. എഴുത്തുകാരന്‍ മനോരമ ബാലകൃഷ്ണനുണ്ട്. ഇളനീരൊത്ത അഹമ്മദ്-കാസര്‍കോടിന്റെ കരിമ്പ് ബാലകൃഷ്ണന്‍ - ഇളനീരും കരിമ്പും തുണനിന്നു. അഹമ്മദ് പറഞ്ഞു: കാപ്പി കുടിക്കാം.. കാര്യം ശരിപ്പെടുത്തി നാളെ മറുപടി തരാം....
കാലത്ത് ഒമ്പത് മണി. മധൂര്‍ മഹാഗണപതിയെ ഓര്‍ത്തു. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ കിരാതമൂര്‍ത്തിയെ ഓര്‍ത്തു. ഒരിളനീര്‍ വാങ്ങി അഭിഷേകത്തിന് നടയില്‍ വെച്ചു. പ്രസില്‍ ച്ചെന്നു. അഹമ്മദ് എത്തിയില്ല. കാത്തിരുന്നു. പത്തടിച്ചു. അഹമ്മദ് വന്നു-ചിരിച്ച മുഖം.
കാര്യം ശരിപ്പെട്ടു....അഹമ്മദിന്റെ കൈ. ഉബൈദ് സാഹിബിന്റെ കൈ. കനകം വിളയുന്ന കാസര്‍കോട് കടല്‍ക്കരയുടെ കൈ !'
(കവിയുടെ കാല്‍പ്പാടുകള്‍: പുറം 473-474) ഒരു പുസ്തകം ഇറക്കാനുള്ള സഹായം തേടിയാണ് പി. വന്നത്.
മഹാകവി മാഷെ വിശേഷിപ്പിച്ച ആ വാക്ക് - ഇളനീരിനൊത്ത അഹമ്മദ്. മാഷുടെ ഹൃദയം നിറയെ കരിക്കിന്‍ വെള്ളമാണ്. അത് ബോധ്യപ്പെട്ട രണ്ട് സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയില്‍ പൊട്ടി വിടരുന്നു. രക്താര്‍ബുദം വന്ന് എന്റെ ഭാര്യ അകാലത്തില്‍ മരിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ചു പറഞ്ഞു: നിനക്ക് എഴുത്ത് കൂട്ടുണ്ട്, ധൈര്യം കൈവിടരുത്.. ഞങ്ങളുടെ ഇഷ്ടവും പ്രേമവിവാഹവും ഒക്കെ അറിയുന്ന ആളാണ്. ആ വാക്കുകള്‍ ഇളനീരായി ഹൃദയത്തെ അഭിഷേകം ചെയ്തു. മറ്റൊന്ന് മാതൃഭൂമി ബുക്‌സ് 'ദൈവപ്പനി' എന്ന നോവല്‍ ഇറക്കിയപ്പോള്‍ മാഷ് അതിന് നല്‍കിയ പ്രോല്‍സാഹനം... മറക്കില്ല മാഷെ, ഒന്നും! അങ്ങയുടെ ഇടം ഇപ്പോഴും ഇവിടെ ഒഴിഞ്ഞുതന്നെയാണ്.
സ്‌നേഹത്തില്‍ മുങ്ങിക്കുളിച്ച ആ സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റെന്തുണ്ട്!

Related Articles
Next Story
Share it