കാസര്‍കോട്: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ് കാസര്‍കോടിന്റെ ചുമതല.
ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് വയനാടിന്റെ ചുമതലയും നല്കി.
കാസര്‍കോട്, വയനാട് ഒഴികെ മറ്റ് 12 ജില്ലകളില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് 3 മന്ത്രിമാര്‍ വീതവും കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്. മറ്റ് 10 ജില്ലകള്‍ക്ക് ഓരോന്നു വീതമാണ് മന്ത്രിസ്ഥാനം.
കോഴിക്കോട് സൗത്തില്‍ നിന്ന് ഇത്തവണ വിജയിച്ച അഹ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്. ഐഎന്‍എല്ലിന് വേരോട്ടമുള്ള ജില്ല എന്ന നിലയില്‍ കാസര്‍കോടുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രി അഹമദ് ദേവര്‍കോവിന് കാസര്‍കോടിന്റെ ചുമതല നല്‍കിയത് നേട്ടമാകുമെന്നാണ് കരുതുന്നത്.
ദീര്‍ഘകാലം മുംബൈയിലുണ്ടായിരുന്ന അഹ്മദ് ദേവര്‍കോവിലിന് ഒപ്പമുണ്ടായിരുന്ന കാസര്‍കോട്ടുകാരില്‍ നിന്ന് ഈ ജില്ലയിലെക്കുറിച്ചും ഇവിടത്തെ വികസന പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനും സാധിച്ചിരുന്നു. മന്ത്രിയായതിന് ശേഷം നല്കിയ അഭിമുഖത്തില്‍ കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പോരാടാമെന്ന ആശയം പങ്കുവെച്ചിരുന്നു.
നേരത്തെ ബോംബെ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അഹ്മദ് ദേവര്‍കോവില്‍ ആ നിലക്കും കാസര്‍കോട്ടുകാര്‍ക്ക് ഏറെ സുപരിചിതനാണ്.
ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് അദ്ദേഹം എംഎല്‍എമാരുടെ യോഗം 29ന് രാവിലെ 10.30ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചിട്ടുണ്ട്.
നിയമസഭയിലേക്കുള്ള ആദ്യ വരവില്‍ തന്നെ മന്ത്രിയായ തങ്ങളുടെ നേതാവിന് കാസര്‍കോടിന്റെ ചുമതല കൂടി ലഭിച്ചത് ഐഎന്‍എല്‍ പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു.