ഓര്‍മയില്‍ അഹ്‌മദ്മാഷ്

കാസര്‍കോടിന്റെ സാഹിത്യ, സാംസ്‌കാരിക, കലാ രംഗങ്ങളില്‍ നിറഞ്ഞു നിന്ന അഹ്‌മദ് മാഷിന്റെ വേര്‍പാടിന് പതിനൊന്ന് വര്‍ഷം തികയുകയാണ്. കാസര്‍കോടിന് വലിയൊരു നഷ്ടം സംഭവിച്ചതിന്റെ 11-ാം വാര്‍ഷികമാണ് ഇതെന്ന് പറയുന്നതാവും ശരി. നാല് ദശകങ്ങള്‍ക്കു മുമ്പ്, പത്താം ക്ലാസില്‍ പഠിക്കുന്ന കാലം. ഉത്തരദേശം ദിനപ്പത്രത്തിലെ 'കത്തുകള്‍' എന്ന പക്തിയില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞാനന്ന് ആദ്യമായി ഉത്തരദേശത്തിലേക്ക് കയറി ചെല്ലുകയാണ്. പ്രിന്റിങ്ങ് പ്രസ്സിന്റെ കടകടാ ശബ്ദം അകത്തെ മുറിയില്‍ നിന്നും പുറത്തേക്ക് കേള്‍ക്കാം. ആളൊഴിഞ്ഞ പൂമുഖമുറിയില്‍ കുറച്ചു ഡസ്‌കുകളും ബഞ്ചുകളും മൂകസാക്ഷികളായി […]

കാസര്‍കോടിന്റെ സാഹിത്യ, സാംസ്‌കാരിക, കലാ രംഗങ്ങളില്‍ നിറഞ്ഞു നിന്ന അഹ്‌മദ് മാഷിന്റെ വേര്‍പാടിന് പതിനൊന്ന് വര്‍ഷം തികയുകയാണ്. കാസര്‍കോടിന് വലിയൊരു നഷ്ടം സംഭവിച്ചതിന്റെ 11-ാം വാര്‍ഷികമാണ് ഇതെന്ന് പറയുന്നതാവും ശരി.
നാല് ദശകങ്ങള്‍ക്കു മുമ്പ്, പത്താം ക്ലാസില്‍ പഠിക്കുന്ന കാലം. ഉത്തരദേശം ദിനപ്പത്രത്തിലെ 'കത്തുകള്‍' എന്ന പക്തിയില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞാനന്ന് ആദ്യമായി ഉത്തരദേശത്തിലേക്ക് കയറി ചെല്ലുകയാണ്. പ്രിന്റിങ്ങ് പ്രസ്സിന്റെ കടകടാ ശബ്ദം അകത്തെ മുറിയില്‍ നിന്നും പുറത്തേക്ക് കേള്‍ക്കാം. ആളൊഴിഞ്ഞ പൂമുഖമുറിയില്‍ കുറച്ചു ഡസ്‌കുകളും ബഞ്ചുകളും മൂകസാക്ഷികളായി നില്‍ക്കുന്നു. ആരുടെ കയ്യിലാണ് ഞാന്‍ ആ പ്രതികരണ കുറിപ്പ് ഏല്‍പ്പിക്കേണ്ടത് എന്നു ചിന്തിച്ചു കൊണ്ടിരിക്കെ അകത്തെ എഡിറ്റോറിയല്‍ മുറിയില്‍ നിന്നും അഹ്‌മദ് മാഷും ഒപ്പം കെ. കൃഷ്ണനും (പിന്നെയും മാസങ്ങള്‍ക്ക് ശേഷമാണ് അവരുടെ പേരും അവരാരെന്നും ഞാന്‍ അറിയുന്നത്) പുറത്തേക്കിറങ്ങി വന്നു. ഭയത്തോടും പുഞ്ചിരിയോടും കൂടി ഞാനാ എഴുത്ത് അവരുടെ മുമ്പിലേക്ക് നീട്ടി. അഹ്‌മദ് മാഷാണ് എന്റെ കയ്യില്‍ നിന്നും അതു വാങ്ങിയത്. അപ്പാടെ പൊട്ടിച്ചു അതു വായിക്കുകയും ചെയ്തു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റ ശോചനീയാവസ്ഥയെ കുറിച്ചാണ് എന്റെ കത്തിലെ ഉള്ളടക്കം. തായലങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന, വളരെ പഴക്കം ചെന്ന ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു അന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. മരം കൊണ്ടുണ്ടാക്കിയ പൊട്ടിപ്പൊളിഞ്ഞതും തുരുമ്പെടുത്തതുമായ ആണികളും നിറഞ്ഞ കോണിപ്പടിയില്‍ ചവിട്ടി കയറണമെങ്കില്‍ ജീവന്‍ തന്നെ പണയം വെക്കേണ്ട അവസ്ഥ.
'ഇത് നാളെത്തന്നെ പ്രസിദ്ധീകരിക്കാം'- അഹ്‌മദ് മാഷിന്റെ മറുപടി കേട്ട് സംതൃപ്തിയോടെ ഞാന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിക്കവെ മാഷ് ചോദിച്ചു 'ഏത് സ്‌കൂളിലാണ് ? എത്രാം ക്ലാസിലാ പഠിക്കുന്നത്?'
ഞാന്‍ പറഞ്ഞു: 'ബോര്‍ഡ് ഹൈസ്‌ക്കുളില്‍, പത്താം ക്ലാസ്സില്‍'
'നന്നായി പഠിക്കണം. എഴുതുകയും വേണം' മാഷ് എന്നെ ചേര്‍ത്ത് നിര്‍ത്തി. അന്ന് എനിക്ക് തന്ന ഏറ്റവുംവലിയ പ്രോത്സാഹനവും സ്‌നേഹ നിലാവിന്റെ ഉദയവുമായിരുന്നു അത്. പിന്നീട് എന്തെങ്കിലും കുത്തി കുറിച്ച് ഞാന്‍ ചെല്ലുമ്പോഴോന്നും മാഷ് അവിടെ ഉണ്ടാവാറില്ല. വളരെ തിരക്കു പിടിച്ച വാര്‍ത്താ ലേഖകന്‍ എന്നതിലുപരി കാസര്‍കോടിന്റെ കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വഴികാട്ടിയായും നിലകൊള്ളുകയായിരുന്നു അദ്ദേഹം. എന്നും തിരക്കോട് തിരക്കായിരുന്ന അഹ്‌മദ് മാഷ് സാമൂഹ്യ-സാംസ്‌കാരിക-പത്രപ്രവര്‍ത്തന രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മാഷിന്റെ ഈ സാന്നിധ്യം കാസര്‍കോട് എപ്പോഴും കൊതിച്ചിരുന്നു.
പിന്നീട് ഒരു പാട് ആഗ്രഹങ്ങളും അതിജീവന സ്വപ്‌നങ്ങളുമായി മരുഭൂമിലെത്തുന്ന അസംഖ്യം മനുഷ്യരില്‍ ഒരാളായി ഞാനും മാറി. ഭയപ്പാടുകള്‍ക്കിടയില്‍ അസ്ഥിത്വം നഷ്ടമാവുന്ന പ്രവാസത്തെക്കുറിച്ചെഴുതുമ്പോഴും എന്റെ ലേഖനങ്ങള്‍ക്ക് സാര്‍വലൗകികമായ മാനം നല്‍കാന്‍ അഹ്‌മദ് മാഷ് ബദ്ധശ്രദ്ധനായിരുന്നു. പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ക്കുറിച്ഛ് ശക്തമായ തൂലിക ചലിപ്പിച്ച ഒരു എഴുത്തുകാരനായിരുന്നു അഹ്‌മദ് മാഷ്. വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്ന ഒരു പറ്റം നന്മ മരങ്ങളെയാണ് സൗഹാര്‍ദ്ദത്തിലൂടെ അദ്ദേഹം ചേര്‍ത്തു വെച്ചത്. ബാല്യ കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച് പ്രവാസലോകത്ത് ജീവിതം നയിക്കുമ്പോഴും കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള മുന്നേറ്റം ജനങ്ങളിലൂടെ ശക്തി പ്രാപിക്കുന്നതറിഞ്ഞു. അഹ്‌മദ് മാഷിനെയും ഉത്തരദേശം ദിനപ്പത്രത്തെയും കാസര്‍കോട്ടെ പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞിരുന്നു. എഴുത്തുകാരന്‍ എന്നതിലുപരി സംഘാടകനും പ്രഭാഷകനുമായി അദ്ദേഹം മികവ് കാട്ടി. കെ.എം അഹ്‌മദ് മാഷിനെ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോട് ഓര്‍ക്കുന്നു. മാഷിന്റെ ഓര്‍മകള്‍ കാസര്‍കോടിന്റെ പോരാട്ട വഴിയില്‍ ഊര്‍ജം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles
Next Story
Share it