കാസര്‍കോട്: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കറിന്റെ ‘ചന്ദ്രഗിരിക്കരയില്‍’ എന്ന നോവലിന്റെ മലയാള പരിഭാഷ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകമായി പുറത്തിറങ്ങി. പ്രമുഖ വിവര്‍ത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പരേതനായ സി. രാഘവന്‍ പരിഭാഷപ്പെടുത്തിയ പ്രസ്തുത നോവല്‍ 1984ല്‍ ഈയാഴ്ച ദ്വൈവാരികയില്‍ അച്ചടിച്ച് വരികയും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം സാറാ അബൂബക്കര്‍ വിട പറഞ്ഞതോടെ അവരുടെ ഏറ്റവും പ്രശസ്തമായ ഈ നോവല്‍ വീണ്ടും ചര്‍ച്ചയായി. ‘ചന്ദ്രഗിരിക്കരയില്‍’ ഒരു പുസ്തകമാക്കണമെന്ന് പലരില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ സി. രാഘവന്റെ മകനും കവിയുമായ ഗിരിധര്‍ രാഘവന്‍ പ്രസ്തുത ദൗത്യം ഏറ്റെടുത്ത് രംഗത്ത് വരികയായിരുന്നു. ഗിരിധറിന്റെ പക്കലുണ്ടായിരുന്ന ഈയാഴ്ചയുടെ കോപ്പികള്‍ ചെമ്പരത്തി പ്രസാദകനായ അത്തീഖ് റഹ്മാന്‍ ബേവിഞ്ചയെ ഏല്‍പ്പിച്ച് മാസങ്ങള്‍ക്കകം തന്നെ പുസ്തകമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരി ഡോ. ഖദീജാ മുംതാസ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. സ്ത്രീകളെ മഹത്വവത്കരിച്ചു പുരുഷന്‍മാര്‍ എഴുതുന്ന രചനകള്‍ വാഴ്ത്തപ്പെടാറുണ്ടെങ്കിലും സ്ത്രീ എഴുത്തുകാരുടെ രചനകള്‍ ചരിത്രത്തിലുടനീളം തമസ്‌ക്കരിക്കുന്ന രീതിയാണ് കാണുന്നതെന്നും അതു സമൂഹം പുരുഷാധിപത്യപരമായതു കൊണ്ടാണെന്നും ഖദീജ മുംതാസ് പറഞ്ഞു. ചരിത്രത്തില്‍, ആണ്ടാളിന്റെ രചനകള്‍ നൂറ്റാണ്ടുകളോളം തമസ്‌ക്കരിക്കപ്പെട്ടു. സാറാ അബൂബക്കറിന്റെ ഈ നോവല്‍ നാലു പതിറ്റാണ്ടിന് ശേഷമാണ് മലയാളത്തില്‍ വായനക്കാര്‍ക്കു പുസ്തക രൂപത്തില്‍ ലഭിച്ചത്-അവര്‍ പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ. പത്മാവതി പുസ്തകം ഏറ്റുവാങ്ങി.
കെ.വി മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു. കെ.വി. കുമാരന്‍, കെ.ദാമോദരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, നാരായണന്‍ പേരിയ, വി.വി പ്രഭാകരന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, മുജീബ് അഹമ്മദ്, ബി.കെ സുകുമാരന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സംസാരിച്ചു. അത്തീഖ് ബേവിഞ്ച സ്വാഗതവും ഗിരിധര്‍ രാഘവന്‍ നന്ദിയും പറഞ്ഞു. സുലേഖ മാഹിന്‍, എം.എ മുംതാസ്, ചരിഷ്മ ഹനീഫ്, ആബിദ, തമീമ ഇബ്രാഹിം, ജയലക്ഷമി ടീച്ചര്‍, ആര്‍. വീണാറാണി, സുനിത, പത്മിനി, രുഗ്മിണി ജനാര്‍ദ്ദന്‍, രാധ ബേഡകം, അമ്പിളി സുബിന്‍, കവിത ചെര്‍ക്കള എന്നിവര്‍ നോവല്‍ വായന നടത്തി.
കാസര്‍കോട് സാഹിത്യ വേദിയുടെയും പുരോഗമന കലാ സമിതി കാസര്‍കോട് ഏരിയ കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.