അഡ്വ. കെ.സുന്ദര്‍ റാവു ഒരുകാലത്ത് നഗരസഭയില്‍ ഉയര്‍ന്ന കനത്ത ശബ്ദം

നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു 1968ല്‍ നിലവില്‍ വന്ന കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സിലിലെ അംഗവും മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു. മൂന്നു തവണയായി 24 വര്‍ഷം സുന്ദര്‍റാവു നഗരസഭാംഗമായിട്ടുണ്ട്. 1995ല്‍ വൈസ് ചെയര്‍മാന്‍ പദവിയും അലങ്കരിച്ചു. ഒരു കാലത്ത് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമായിരുന്നു സുന്ദര്‍ റാവു. ഇംഗ്ലീഷും കന്നഡയും മലയാളവും കൂട്ടിക്കലര്‍ന്നൊരു ഭാഷയില്‍ ഭരണ മുന്നണിയായ മുസ്ലിംലീഗിനെതിരെ നിരന്തരം പൊരുതിയ പ്രതിപക്ഷ […]

നഗരഭരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളും ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍ റാവു വിട വാങ്ങി. സുന്ദര്‍റാവു 1968ല്‍ നിലവില്‍ വന്ന കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സിലിലെ അംഗവും മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു. മൂന്നു തവണയായി 24 വര്‍ഷം സുന്ദര്‍റാവു നഗരസഭാംഗമായിട്ടുണ്ട്. 1995ല്‍ വൈസ് ചെയര്‍മാന്‍ പദവിയും അലങ്കരിച്ചു.
ഒരു കാലത്ത് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമായിരുന്നു സുന്ദര്‍ റാവു. ഇംഗ്ലീഷും കന്നഡയും മലയാളവും കൂട്ടിക്കലര്‍ന്നൊരു ഭാഷയില്‍ ഭരണ മുന്നണിയായ മുസ്ലിംലീഗിനെതിരെ നിരന്തരം പൊരുതിയ പ്രതിപക്ഷ നേതാവ്. ഹമീദലി ഷംനാട് നഗരസഭാ ചെയര്‍മാന്‍ പദവിയിലിരുന്ന കാലത്ത് ഷംനാടും സുന്ദര്‍റാവുവും തമ്മിലുള്ള തര്‍ക്കം ഇംഗ്ലീഷ് പാര്‍ലമെന്റുകളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. ഒട്ടും വിട്ടുകൊടുക്കാതെ രണ്ടു പേരും ഇംഗ്ലീഷില്‍ തര്‍ക്കിക്കുന്ന രംഗങ്ങള്‍ കണ്ട് എല്ലാവരും വാ പൊളിച്ചിരുന്ന കാലം ആരും മറന്നിട്ടില്ല.
1968ല്‍ ആദ്യത്തെ നഗരസഭാ കൗണ്‍സിലിലേക്ക് അണങ്കൂര്‍ വാര്‍ഡില്‍ നിന്നാണ് സുന്ദര്‍റാവു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് മുപ്പത് വയസ് കഴിഞ്ഞതേയുള്ളൂ. കാസര്‍കോട് ബാറിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജനസംഘം തീരുമാനിക്കുകയായിരുന്നു. ബള്ളുക്കൂറായ അടക്കമുള്ളവരുടെ പിന്തുണയും സമ്മര്‍ദ്ദവും മത്സരിക്കാന്‍ ആവേശമേറ്റി. നഗരസഭയിലെ 20 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 9 വാര്‍ഡുകളില്‍ മുസ്ലിംലീഗും 9 വാര്‍ഡുകളില്‍ ജനസംഘം-കര്‍ണാടക സമിതി സഖ്യവും വിജയിച്ചു. ജനസംഘവും കര്‍ണാടക സമിതിയും ചേര്‍ന്ന് നഗരസഭ ഭരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുസ്ലിം ലീഗിന്റെ തന്ത്രത്തിന് മുന്നില്‍ ജനസംഘത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അന്ന് മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന തലത്തില്‍ സഖ്യത്തിലായിരുന്നു. ജനസംഘം അധികാരത്തില്‍ വരുന്നത് തടയാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ തലപുകഞ്ഞ് ആലോചിച്ചു. ഒടുവില്‍ ഒരംഗം മാത്രമുണ്ടായിരുന്ന സി.പി.എമ്മിലെ എം. രാമണ്ണ റൈയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നിര്‍ദ്ദേശിക്കുകയായിരുന്നു. ലീഗിന്റെ ഈ തന്ത്രം ഫലം കണ്ടു. അന്ന് ജനസംഘത്തിന് ഭരണം കിട്ടിയിരുന്നുവെങ്കില്‍ നഗരസഭ പില്‍കാലത്തും ബി.ജെ.പി. ഭരിക്കുമായിരുന്നുവെന്ന് കരുതിയിരുന്ന ഒരാളാണ് സുന്ദര്‍റാവു. 11 വര്‍ഷമാണ് ആദ്യ നഗരസഭയുടെ കാലാവധി നീണ്ടത്. അന്നത്തെ കൗണ്‍സിലിലെ അംഗങ്ങളില്‍ ജീവിച്ചിരുന്ന രണ്ടുപേരില്‍ ഒരാളാണ് ഇന്ന് വിടപറഞ്ഞത്. മുസ്ലിം ലീഗ് നേതാവ് കെ.എം. അബ്ദുല്‍ ഹമീദ് ഹാജിമാത്രമാണ് ആ സഭയിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍. കെ. നാരായണ, കെ.പി. ബള്ളുക്കുറായ, കെ. ശാന്താനായ്ക്, ടി. മൊയ്തീന്‍ കുഞ്ഞി, കെ. സോമനാഥ, പ്രേമലത, അഡ്വ. പി.എ. ഹമീദ്, പി. അബൂബക്കര്‍, കെ. അബ്ബാസ്, ടി.എ. ഇബ്രാഹിം, ടി.പി. അബ്ദുല്ല, എന്‍.കെ. മുഹമ്മദ് കുഞ്ഞി, രാമനാഥ്, വൈ.എസ്.വി. ഭട്ട്, കെ.വി. മാധവന്‍, ബി.എം. അബ്ദുല്‍ റഹ്‌മാന്‍, കെ.പി. മാധവ റാവു എന്നിവരായിരുന്നു പ്രഥമ കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍.
നല്ല ഐക്യത്തോടെയാണ് നഗരഭരണം മുന്നോട്ട് പോയത്. അതുകൊണ്ട് പ്രഥമ നഗരസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുലിക്കുന്നില്‍ നഗരസഭാ കാര്യാലയം നിര്‍മ്മിക്കാനും ഉദ്ഘാടനം ചെയ്യാനും കഴിഞ്ഞു. ചില വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്നത്തെ പോലെ കൗണ്‍സില്‍ യോഗങ്ങള്‍ കലുഷിതമായിരുന്നില്ല. ഭരണ പക്ഷത്തിന് ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമായതിനാല്‍ രാമണ്ണറൈ ആരെയും പിണക്കാനും നിന്നില്ല.
നഗരസഭയിലേക്കുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പിലും സുന്ദര്‍ റാവു മത്സരിച്ചുവെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥിയായ ജനാര്‍ദ്ദനനോട് 16 വോട്ടിന് തോറ്റു. ആ തോല്‍വി അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടാക്കി. ആരോ ചതിച്ചതാണെന്ന തോന്നല്‍ കുറേകാലമുണ്ടായി. തോല്‍ക്കേണ്ട ഒരു സാഹചര്യമായിരുന്നില്ല. തോല്‍വിയുടെ കാരണം ഇപ്പോഴും തനിക്ക് അറിയില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരദേശത്തിന് അഭിമുഖത്തിന് വേണ്ടി വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്. തോല്‍വിയോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സുന്ദര്‍റാവു ആലോചിച്ചതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി നിലകൊള്ളുകയും ചെയ്തു. കെ.ജി. മാരാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ വേണ്ടി കഠിനമായ പ്രവര്‍ത്തനം നടത്തിയിരുന്ന കാലമാണത്. പാര്‍ട്ടി അന്ന് ഇത്ര വളര്‍ന്നിരുന്നില്ല. എങ്കിലും നഗരസഭയില്‍ ബി.ജെ.പി. അംഗങ്ങളുടെ എണ്ണം കൂടി വന്നു. കാസര്‍കോട് പാര്‍ട്ടിക്ക് ഗ്രോത്ത് ഉള്ള ഒരു മണ്ണാണ് എന്ന് പാര്‍ട്ടി നേതാക്കള്‍ മനസിലാക്കി. നഗരസഭാ ഭരണം പിടിച്ചെടുക്കുക തന്നെയായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെയാണ് സുന്ദര്‍റാവുവിനെ 1988ല്‍ വീണ്ടും മത്സരിപ്പിക്കുന്നത്. 1988 മുതല്‍ 1994 വരെ, ഹമീദലി ഷംനാട് ചെയര്‍മാനായിരുന്ന കാലത്ത് സുന്ദര്‍ റാവു പ്രതിപക്ഷ നേതാവായിരുന്നു. ടൗണ്‍ ഉള്‍പ്പെടുന്ന കൊറക്കോട് വാര്‍ഡില്‍ നിന്നാണ് അന്ന് അദ്ദേഹം വിജയിച്ചത്. അടുത്ത തവണ(1995ല്‍) കൊറക്കാട് വാര്‍ഡില്‍ തന്നെ മത്സരിച്ച് വിജയിച്ചു. ആ കാലയളവില്‍ നഗരസഭാ വൈസ് ചെയര്‍മാനുമായി. സി.പി.എം.-ഐ.എന്‍.എല്‍ കൂട്ടുകെട്ടാണ് അന്ന് നഗരസഭ ഭരിച്ചതെങ്കിലും വോട്ടെടുപ്പില്‍ സുന്ദര്‍റാവു വിജയിച്ച് വൈസ് ചെയര്‍മാനായത് ഏറെ ചര്‍ച്ചയായ കാര്യമാണ്. ഈ കൗണ്‍സിലില്‍ ബി.ജെ.പിക്ക് 11 ഉം സി.പി.എം.-ഐ.എന്‍.എല്‍. കൂട്ടുകെട്ടിന് 11 ഉം മുസ്ലിം ലീഗിന് 10ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ കെ.എം. അബ്ദുല്‍ ഹമീദും ബി.ജെ.പിയിലെ കെ. സുന്ദര്‍ റാവുവും ഐ.എന്‍.എല്ലിലെ സലീം സാല്‍ക്കോയും മത്സരിച്ചു. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഐ.എന്‍.എല്‍.-സി.പി.എം. കൂട്ടുകെട്ടില്‍ നിന്ന് ഒരു വോട്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് മാറിവീണു. ഇതോടെ മുസ്ലിം ലീഗിനും ബി.ജെ.പിക്കും 11 വോട്ട് വീതവും ഐ.എന്‍.എല്‍.-സി.പി.എം. കൂട്ടുകെട്ടിന് 10 വോട്ടുമായി. വോട്ട് ചോര്‍ന്നതിനെ ചൊല്ലി ഐ.എന്‍.എല്ലും സി.പി.എമ്മും തമ്മില്‍ തര്‍ക്കമായി. ഏറെ നേരം വാക്കേറ്റവും ബഹളവും നടന്നു. രണ്ടാം റൗണ്ടില്‍ ഹമീദ് ഹാജിയും സുന്ദര്‍റാവുവും വീണ്ടും മത്സരിച്ചപ്പോള്‍ ഐ.എന്‍.എല്ലും സി.പി.എമ്മും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇത് സുന്ദര്‍റാവുവിന് ഗുണകരമായി. പത്തിനെതിരെ 11 വോട്ടുകള്‍ നേടി സുന്ദര്‍റാവു വൈസ് ചെയര്‍മാന്‍ പദവിയില്‍ എത്തുകയും ചെയ്തു.

Related Articles
Next Story
Share it