അഡ്വ:എ.എം സാഹിദ് സൗമ്യതയുടെ നിറകുടം
ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ് സൗമ്യതയുടെ നിറകുടമായിരുന്നു. വളരെ ശാന്തനായി സംസാരിച്ചിരുന്ന, പെരുമാറിയിരുന്ന, മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും ഉരിയാടത്ത അദ്ദേഹം മാതൃകാ മനുഷ്യ സ്‌നേഹിയായിരുന്നു. ഞാന്‍ അദ്ദേഹവുമായി അടുത്തിടപഴകുന്നത് 1995 കാലഘട്ടത്തിലായിരുന്നു. കാസര്‍കോട് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു തോല്‍വിയുണ്ടായ സമയം. രാഷ്ട്രീയ ശത്രുക്കള്‍ നിരന്തരം പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും പരിഹസിക്കുകയും ചെയ്ത കാലം. ബാബരി മസ്ജിദ് ദുരന്തത്തെ തുടര്‍ന്ന് മുസ്ലിം […]
ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ് സൗമ്യതയുടെ നിറകുടമായിരുന്നു. വളരെ ശാന്തനായി സംസാരിച്ചിരുന്ന, പെരുമാറിയിരുന്ന, മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും ഉരിയാടത്ത അദ്ദേഹം മാതൃകാ മനുഷ്യ സ്‌നേഹിയായിരുന്നു. ഞാന്‍ അദ്ദേഹവുമായി അടുത്തിടപഴകുന്നത് 1995 കാലഘട്ടത്തിലായിരുന്നു. കാസര്‍കോട് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു തോല്‍വിയുണ്ടായ സമയം. രാഷ്ട്രീയ ശത്രുക്കള്‍ നിരന്തരം പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും പരിഹസിക്കുകയും ചെയ്ത കാലം. ബാബരി മസ്ജിദ് ദുരന്തത്തെ തുടര്‍ന്ന് മുസ്ലിം […]
ഇന്നലെ നമ്മോട് വിട പറഞ്ഞ കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും ഉദുമ മാങ്ങാട് താമസക്കാരനുമായിരുന്ന അഡ്വ. എ.എം സാഹിദ് സൗമ്യതയുടെ നിറകുടമായിരുന്നു.
വളരെ ശാന്തനായി സംസാരിച്ചിരുന്ന, പെരുമാറിയിരുന്ന, മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും ഉരിയാടത്ത അദ്ദേഹം മാതൃകാ മനുഷ്യ സ്‌നേഹിയായിരുന്നു. ഞാന്‍ അദ്ദേഹവുമായി അടുത്തിടപഴകുന്നത് 1995 കാലഘട്ടത്തിലായിരുന്നു. കാസര്‍കോട് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു തോല്‍വിയുണ്ടായ സമയം. രാഷ്ട്രീയ ശത്രുക്കള്‍ നിരന്തരം പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും പരിഹസിക്കുകയും ചെയ്ത കാലം. ബാബരി മസ്ജിദ് ദുരന്തത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രതിരോധത്തിലായ സമയം. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ന്നു പോകുമോയെന്ന് സംശയിച്ച ആ സന്ദര്‍ഭത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ ഘട്ടത്തില്‍ ഒരു സഹായിയായി സ്വയം മുന്നോട്ട് വന്ന വലിയ പ്രസ്ഥാന ബന്ധുവായിരുന്നു എ.എം സാഹിദ്. പ്രതിസന്ധി സമയത്ത് എതിര്‍പക്ഷത്തായിരുന്ന സ്വന്തം സഹോദരിയെ മുസ്ലിം ലീഗില്‍ എത്തിച്ച് കാസര്‍കോട് നഗരസഭയില്‍ ലീഗിന് കരുത്ത് പകരാന്‍ വലിയ ത്യാഗം നടത്തിയത് സാഹിദായിരുന്നു. അത് വഴി പിന്നീട് നഗരസഭയില്‍ വീണ്ടും ലീഗ് അധികാരത്തില്‍ വരികയും ഇപ്പോഴും അത് തുടരുകയുമാണ്.
പ്രയാസപ്പെടുന്ന ആരെയും അകമഴിഞ്ഞ് സഹായിക്കുകയും അവരുടെ സങ്കടങ്ങളിലും വേദനകളിലും പങ്ക് ചേരുകയും അവരോടൊപ്പം നിലനില്‍ക്കുകയും ചെയ്തിട്ടുള്ള സാഹിദ് നിസ്സാര പ്രശ്‌നമുണ്ടായാലും പെട്ടെന്ന് സങ്കടം വരുന്നയാളായിരുന്നു. എനിക്ക് അദ്ദേഹം ഒരു ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു. എന്റെ കുടുംബവുമായി വലിയ അടുപ്പം പുലര്‍ത്തുകയും ബന്ധപ്പെടുകയും ചെയ്തിരുന്ന സാഹിദിന്റെ മരണം വിശ്വസിക്കാന്‍ പോലും മനസ്സ് തയ്യാറാവുന്നില്ല. അദ്ദേഹത്തിന്റെ ഹൃദയവിശാലത കൊണ്ട് മാത്രം അടുപ്പു പുകയുന്ന ഒട്ടനവധി വീടുകളെ എനിക്കറിയാം.
പാര്‍ട്ടിയുടെ എല്ലാ പരിപാടികളേയും നിശബ്ദമായി നിരീക്ഷണം നടത്തിയിരുന്ന അദ്ദേഹം ഇടയ്ക്കിടക്ക് തരുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. ഞാന്‍ ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നിന്നും നഗരസഭയിലേക്ക് മത്സരിച്ചപ്പോള്‍ അവിടെ ആരെയൊക്കെ കാണണം, ബന്ധപ്പെടണമെന്ന് കൃത്യമായി പറഞ്ഞ് തന്നത് അദ്ദേഹമായിരുന്നു.
വലിയ സുഹൃദ്ബന്ധത്തിന്റെ ഉടമയായിരുന്നു സാഹിദ്. പഴയ കാല ബന്ധങ്ങള്‍ അറ്റുപോകാതെ സൂക്ഷിക്കാന്‍ മരണം വരെ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഞാന്‍ അസുഖബാധിതനായി കിടപ്പിലായപ്പോള്‍ അദ്ദേഹം ദുബായിലായിരുന്നു. എല്ലാ ദിവസവും വിളിക്കും, ധൈര്യം പകരും, ആശ്വസിപ്പിക്കും, വീഡിയോ കോളിലൂടെ കണ്ട് സംസാരിക്കും. ഫിസിയോതെറാപ്പി മുടങ്ങാതെ നടത്താന്‍ ഉപദേശിക്കും. അടുത്ത കാലത്ത് നടന്ന മകന്റെ കല്യാണത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ശഠിച്ചു. ഞാന്‍ ചെന്നപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണ് നനഞ്ഞു പോയി. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ട പാലിച്ചിരുന്ന സാഹിദ് എല്ലാ നമസ്‌കാരങ്ങളും മുറ തെറ്റാതെ ജമാഅത്തായി നമസ്‌കരിക്കുമായിരുന്നു. അദ്ദേഹം നല്ല ഒരു വക്കീലായിരുന്നു. കര്‍ണ്ണാടക ഹൈക്കോടതിയില്‍ ജഡ്ജി ആയി പ്രവര്‍ത്തിച്ച നമ്മുടെ നാട്ടുകാരനായ ജസ്റ്റിസ് ഫാറൂഖിന്റെ വക്കീല്‍ ആഫീസില്‍ അദ്ദേഹത്തിന്റെ കൂടെ ജൂനിയറായി പ്രാക്ടീസ് നടത്തിയിരുന്നു.
എല്ലാ ജീവനുകളും മരണത്തിന്റെ രുചി അനുഭവിക്കും. മരണം സത്യമാണ്, നിര്‍ബ്ബന്ധമാണ്. പക്ഷെ ചില മരണങ്ങള്‍ നമ്മളിലുണ്ടാക്കുന്ന നടുക്കവും വേദനയും സഹിക്കാന്‍ പറ്റുന്നതല്ല. പറയത്തക്ക അസുഖങ്ങളില്ലാതെ, നല്ല ആരോഗ്യവാനായ സാഹിദ് ദുബായില്‍ നിന്നും നാട്ടില്‍ വന്നത് പതിനഞ്ച് ദിവസം മുമ്പാണ്.
ഒരാഴ്ച മുമ്പ് കുടുംബസമേതം അദ്ദേഹം എന്റെ വീട്ടില്‍ വന്നിരുന്നു. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഫോണിലൂടെ സംസാരിക്കുകയും എന്നെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് മടങ്ങുകയുമായിരുന്നു. അല്ലാഹുവിന്റെ വിധി ഇതായിരുന്നു.
സര്‍വ്വശക്തനായ അല്ലാഹു സാഹിദിന് പൊറുത്ത് കൊടുത്ത് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍
-എ.അബ്ദുല്‍ റഹ്മാന്‍