കാസര്‍കോട്: കൊറോണ വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൊറോണ ചികിത്സക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാനും ആവശ്യപ്പെട്ടു.
ബദിയടുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാരെയെല്ലാം നാടുകടത്തിയിരിക്കുകയാണ്. ചുരുക്കം ചില ജൂനിയര്‍ ഡോക്ടര്‍ മാത്രമേ അവിടെയുള്ളൂ. ഐ.സി.യുവും വെന്റിലേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല.
അത്യാസന്നനിലയില്‍ രോഗിയെ പ്രവേശിപ്പിച്ചാല്‍ മതിയായ ചികിത്സ സൗകര്യമില്ലാത്തതിനാല്‍ മൃതദേഹങ്ങളാണ് തിരിച്ച് ലഭിക്കുന്നത്.
സര്‍ക്കാറും ജില്ലാ ഭരണകൂടവും വലിയ രീതിയില്‍ കൊട്ടിഘോഷിച്ച ടാറ്റ ഹോസ്പിറ്റല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് മാസങ്ങള്‍ പിന്നിട്ടു. ജില്ലയില്‍ കൊറോണ ചികിത്സക്കടക്കം മതിയായ സൗകര്യമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ടാറ്റ സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ഹോസ്പിറ്റല്‍പോലും തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത് ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. ആരോഗ്യമേഖലയില്‍ ജില്ലയോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.