ലഹരി പടരുന്ന വഴികള്‍

കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ പ്രദേശത്തെ ഒരു മഹല്ലില്‍ ഉണ്ടായ സംഭവം അതിലെ പുതുമയും വ്യത്യസ്തതയും ഫലപ്രാപ്തിയും കണക്കിലെടുത്തു ഇവിടെ പങ്കുവെക്കുകയാണ്. ജുമുഅ കഴിഞ്ഞ ഉടനെ ഖതീബ് എണീറ്റ് വളരെ ഗൗരവഭാവത്തില്‍ അറിയിക്കുകയാണ്: തികച്ചും ഗുരുതരവും അടിയന്തരസ്വഭാവമുള്ളതുമായ ഒരു കാര്യം നിങ്ങളുമായി ചര്‍ച്ച ചെയ്യാനുണ്ട്. അത് കൊണ്ട് ഈ മഹല്ലിലെ മുഴുവന്‍ ആളുകളും നാളെ ശനിയാഴ്ച രാത്രി 8.30 ന് മദ്‌റസാ ഹാളിലേക്ക് വരണം. ഉസ്താദുമാര്‍ക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്.കേട്ട് നിന്നവര്‍ക്ക് തികഞ്ഞ ജിജ്ഞാസ, ആകാംക്ഷ! എന്തോ […]

കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ പ്രദേശത്തെ ഒരു മഹല്ലില്‍ ഉണ്ടായ സംഭവം അതിലെ പുതുമയും വ്യത്യസ്തതയും ഫലപ്രാപ്തിയും കണക്കിലെടുത്തു ഇവിടെ പങ്കുവെക്കുകയാണ്. ജുമുഅ കഴിഞ്ഞ ഉടനെ ഖതീബ് എണീറ്റ് വളരെ ഗൗരവഭാവത്തില്‍ അറിയിക്കുകയാണ്: തികച്ചും ഗുരുതരവും അടിയന്തരസ്വഭാവമുള്ളതുമായ ഒരു കാര്യം നിങ്ങളുമായി ചര്‍ച്ച ചെയ്യാനുണ്ട്. അത് കൊണ്ട് ഈ മഹല്ലിലെ മുഴുവന്‍ ആളുകളും നാളെ ശനിയാഴ്ച രാത്രി 8.30 ന് മദ്‌റസാ ഹാളിലേക്ക് വരണം. ഉസ്താദുമാര്‍ക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്.
കേട്ട് നിന്നവര്‍ക്ക് തികഞ്ഞ ജിജ്ഞാസ, ആകാംക്ഷ! എന്തോ കാര്യമായ വല്ലതും നടന്ന് കാണണം, അല്ലെങ്കില്‍ നടക്കാന്‍ പോകുന്നു. കേട്ടവര്‍ കേട്ടവര്‍ പരസ്പരം സന്ദേശം കൈമാറി. വീട്ടില്‍ തിരിച്ചെത്തിയ ആണുങ്ങള്‍ പെണ്ണുങ്ങളോടും കാര്യം ധരിപ്പിച്ചു. എല്ലാവരും ആ സമയത്തിനായി അക്ഷമരായി കാത്തിരുന്നു.
കഴിഞ്ഞ ദിവസം മദ്‌റസാ ഹാളില്‍ ഒത്തുകൂടിയവരുടെ മുന്നില്‍ ഖത്തീബ് കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീകളും പുരുഷന്‍മാരും വിവിധ ക്ലബുകളിലേയും സംഘങ്ങളിലേയും യുവാക്കളും അടക്കമുള്ള വന്‍ ജനാവലി തിങ്ങിനിറഞ്ഞ സദസ് കാതു കൂര്‍പ്പിച്ചു നിന്നു. വിഷയം വളരെ ഗൗരവത്തിലുള്ളത് തന്നെ. നമ്മുടെ പ്രദേശങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളും മയക്കുമരുന്നുകളും എങ്ങനെ പിടിമുറുക്കാന്‍ വഴികള്‍ തേടുന്നുവെന്നതിന്റെ ഞെട്ടിപ്പിക്കുന്ന ചില സൂചനകളാണ് അവിടെ വിവരിക്കപ്പെട്ടത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പോലും ലഹരിയുടെ ബാലപാഠമായി കണക്കാക്കപ്പെടുന്ന ചില വസ്തുക്കള്‍ നല്‍കി, അവരെ അതിന്റെ അടിമകളാക്കി, ഭാവിയില്‍ ലഹരി ഉപയോഗവും വിനിമയവും സാര്‍വത്രികമാക്കുക. അത് വഴി തങ്ങളുടെ ബിസിനസ് സാധ്യതകള്‍ ഭദ്രമാക്കുക, പുതിയ തലമുറകളെ ലഹരിയുടെ മായിക ലോകത്ത് തളച്ചിട്ട്, അവരെ ലക്ഷ്യബോധമില്ലാത്ത, കുത്തഴിഞ്ഞ ജീവിതത്തിലേക്ക് തള്ളിവിടുക. ഇതിന് വേണ്ടിയുള്ള ആസൂത്രിതമായ നീക്കങ്ങള്‍ മിക്ക പ്രദേശങ്ങളിലും നടന്നു വരുന്നു. പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍. അതിന്റെ ചെറിയൊരു സാമ്പിളാണ് ഈ മഹല്ലില്‍ മുള പൊട്ടിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വദര്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ ഏതാനും മുഅല്ലിംകള്‍ ഇത്തരം ചില നീക്കങ്ങള്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു തികഞ്ഞ ജാഗ്രതയോടെ, അവധാനതയോടെ വിഷയം കൈകാര്യം ചെയ്തു. പല വീടുകളിലും കയറിയിറങ്ങി, നിജസ്ഥിതി ചോദിച്ചറിയുകയും വീട്ടുകാര്‍ക്ക് ഇതിലെ അപകടവും ഗൗരവവും ബോധ്യപ്പെടുത്തുകയും ചെയ്തു. അവരില്‍ ചിലരില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ കയ്യോടെ പിടികൂടുക വരെ ചെയ്തു. അപ്പോഴാണ് തങ്ങളുടെ കുട്ടികള്‍ ചെന്ന് പെട്ട ചതിക്കുഴികളെ സംബന്ധിച്ച് വീട്ടുകാര്‍ അറിയുന്നത്.
ഇതില്‍ ഏറെ ഗൗരവം അര്‍ഹിക്കുന്ന കാര്യം;
1. ഇതുമായി ബന്ധം പുലര്‍ത്തിയ കുട്ടികള്‍ക്കൊന്നും ഇതിന്റെ ഗുരുതരാവസ്ഥ അറിയില്ല.
2. ഇവര്‍ക്ക് ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ പോലും ഉണ്ട്. -അത് പോലെ തൊട്ടടുത്ത ബസാറിലെ ചില കടകള്‍ ഇത്തരം പറ്റുകാരുടെ താവളങ്ങളാണ്.
3. വളരെ രഹസ്യമായാണവര്‍ പറ്റുകാരെ കൈകാര്യം ചെയ്യുന്നത്. ഇതില്‍ താല്‍പ്പര്യം ജനിച്ച കുട്ടികള്‍ അറിഞ്ഞും അറിയാതെയും വന്‍തുകകള്‍ വീടുകളില്‍ നിന്ന് കൈക്കലാക്കുന്നു.
4. ഇതിലൂടെ മുന്നോട്ട് പോകുന്നവര്‍ നാളെ ശരിക്കും കൂടുതല്‍ മാരകമായ ലഹരി വസ്തുക്കള്‍ തേടിപ്പോകുമെന്നുറപ്പാണ്.
ഏതായാലും കുറേ കുട്ടികളെ ബോധവല്‍ക്കരിച്ച് അതില്‍ നിന്ന് പിന്തിരിപ്പിക്കാനും രക്ഷിതാക്കളെ ഗൗരവാവസ്ഥ തെര്യപ്പെടുത്താനും തല്‍ക്കാലത്തേക്ക് നാട്ടുകാരെ വിഷയത്തില്‍ ജാഗരൂകരാക്കാനും ഈ നടപടികള്‍ സഹായകമാകുമെന്നുറപ്പാണ്. അതിനായി ഏറെ ശ്രമകരമായും സാഹസികമായും ഇറങ്ങിത്തിരിച്ച മതാധ്യാപകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. തികച്ചും മാതൃകാപരമായ സേവനങ്ങളാണവര്‍ കാഴ്ചവച്ചത്. ഓരോ മഹല്ലിലേയും ഉത്തരവാദപ്പെട്ടവര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. തങ്ങളുടെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയെ വഴി തെറ്റിക്കാന്‍ നിരവധി ചതിക്കുഴികള്‍ ഒരുക്കി ഇരുട്ടിന്റെ ശക്തികള്‍ തക്കം നോക്കിയിരിക്കുകയാണ്. പട്ടില്‍ പൊതിഞ്ഞ പാഷാണങ്ങളാണവരുടെ കൈകളില്‍. സ്വതന്ത്രതാ വാദം, സ്ത്രീ പുരുഷ സമത്വം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പൗരാവകാശങ്ങള്‍ തുടങ്ങി പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണിവര്‍ സ്വാധീനം ഉറപ്പിക്കുക. അത് വഴി മതബോധവും ധാര്‍മിക മൂല്യങ്ങളോടുള്ള ആഭിമുഖ്യവും ചോര്‍ത്തിയെടുത്തു എല്ലാതരം അഴിഞ്ഞാട്ടത്തിലേക്കും അരാജകത്വത്തിലേക്കും അവരെ തള്ളിവിടുക. അതിന്റെ ഗുണഫലങ്ങള്‍ വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും നേടിയെടുക്കാമെന്ന് ഇത്തരം പ്രതിലോമശക്തികള്‍ കണക്ക് കൂട്ടുന്നു.
ആര്‍ക്കും ആരെയും സദുപദേശിക്കാന്‍ ബാധ്യതയോ അവകാശമോ ഇല്ലെന്ന അത്യന്തം അപകടകരമായ കാഴ്ചപ്പാടിന് വേരോട്ടമുണ്ടാക്കാന്‍ പൗരാവകാശബോധത്തിന്റെ മറവില്‍ നീക്കങ്ങള്‍ ശക്തമാണ്.
അതോടെ ധാര്‍മിക സംഘടനകളും സദാചാര പ്രചാരകരും നിര്‍വീര്യരും നിഷ്‌ക്രിയരുമാകുമെന്ന് ഇത്തരക്കാര്‍ കണക്ക് കൂട്ടുന്നു.
ആട്ടിന്‍കുട്ടികളെ തട്ടിയെടുക്കാന്‍ കുറുക്കന്‍മാര്‍ സ്വീകരിക്കുന്ന കൗശലവിദ്യകളുമായി തിന്‍മയുടെ വ്യാപാരികള്‍ രംഗത്തുണ്ട്. ബന്ധപ്പെട്ടവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഒരു പരിധി വരെ ഇതിന് തടയിടാനായേക്കും.


-സ്വിദ്ദീഖ് നദ്‌വി ചേരൂര്‍

Related Articles
Next Story
Share it