തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടന് നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെയാണ് നെടുമുടിയെ തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നെടുമുടി വേണു ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലമായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ കോവിഡും ബാധിച്ചു. പിന്നീട് കോവിഡ് മുക്തനായെങ്കിലും ഉദരസംബന്ധമായ രോഗം ഗുരുതരനിലയില്‍ തുടരുകയായിരുന്നു.
മലയാള സിനിമയിലെ ഭാവാഭിനയചക്രവര്ത്തിമാരില് ഒരാള്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവാണ്. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം നിരവധി സിനിമകളില്‍ നെടുമുടി അഭിനയിച്ചു. അരവിന്ദന്റെ തമ്പിലൂടെയാണ് നെടുമുടിയുടെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയസാധ്യത നിറഞ്ഞതും വ്യത്യസ്തവുമായ നിരവധി വേഷങ്ങളിലൂടെ നെടുമുടി അഭ്രപാളിയില്‍ നിറഞ്ഞാടുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പികെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലേക്കെത്തിയത്. 1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒട്ടനവധി സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ നെടുമുടി അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്, പത്മരാജന്, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇതോടെയാണ് സിനിമാ ജീവിതത്തിലേക്കുള്ള വഴി തുറക്കപ്പെട്ടത്.
താളവട്ടം, ഹിസ് ഹൈനസ് അബ്ദുല്ല, ആരവം, വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, കള്ളന് പവിത്രന്, ആലോലം, അപ്പുണ്ണി, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളെ അമ്പരപ്പിക്കുന്ന അഭിനയപാടവമാണ് നെടുമുടി കാഴ്ചവെച്ചത്. 500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. 1981, 1987, 2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.