കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി നെല്ല് സംഭരണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനിന്ന് നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും കര്‍ഷക പക്ഷത്താണ് താനെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജയസൂര്യ വ്യക്തമാക്കി. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കളമശേരിയിലെ വേദിയില്‍ താന്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചത്- ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കൃഷിമന്ത്രിയേയും വ്യവസായ വകുപ്പ് മന്ത്രിയേയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനങ്ങള്‍.
സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ നിറയുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമര്‍ശനം. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചിരുന്നു.
ജയസൂര്യയെ പോലെ സീസണലായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ അല്ല ഇവിടത്തെ പൊതുപ്രവര്‍ത്തകരെന്നും ഞങ്ങള്‍ക്ക് കര്‍ഷകരുടെ ദുരിതം നന്നായി അറിയാമെന്നും മന്ത്രി പ്രസാദ് പറഞ്ഞിരുന്നു.
അതിനിടെ ജയസൂര്യക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തെത്തി. ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണെന്നും ജയസൂര്യ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും മുരളി പറഞ്ഞു. മന്ത്രിക്ക് പരാതിയുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നു.