കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അനധികൃതമായി ഫുട്പാത്തിലടക്കം കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭയും പൊലീസും രംഗത്തെത്തി. നഗരസഭയുടെ ലൈസന്‍സില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി. അതോടൊപ്പം കച്ചവടം ചെയ്യുന്നവര്‍ രണ്ടുതവണ വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ 151 പേര്‍ക്കാണ് തെരുവ് കച്ചവടം ചെയ്യുന്നതിന് നഗരസഭ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഏതാനും പേര് അപേക്ഷ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ പേര് പാതയോട് ചേര്‍ന്ന് അനധികൃതമായി കച്ചവടം ചെയ്യുന്നത് നഗരത്തില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതിന് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കോവിഡ് കൂടി കണക്കിലെടുത്താണ് നടപടി. നിലവില്‍ ഇത്തരം കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാകും. നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി രൂപേഷ്, ഇ. രാജേഷ്, കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.