അഭിനയ നക്ഷത്രം സത്യന്റെ വേര്‍പാടിന് അരനൂറ്റാണ്ട്
അഭിനയകലയുടെ അതുല്യ പ്രതിഭയായിരുന്ന അനശ്വര നടന്‍ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് തികയുന്നു. മലയാള സിനിമയുടെ അന്നുവരെയുള്ള നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ചു കൊണ്ട് പുതിയൊരു വഴിത്തിരിവിലേക്ക് നയിച്ച വീരേതിഹാസത്തിന്റെ ഓര്‍മ്മകള്‍ അണയാതെ കാലം കാത്തുവെക്കും. പൗരുഷത്തിന്റെ പ്രതീകമായിരുന്നു സിനിമയിലും ജീവിതത്തിലും സത്യന്‍. അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നറിയുമ്പോള്‍ തന്നെ ആ പ്രതിഭയുടെ ഉയരമാണ് വിരല്‍ചൂണ്ടുന്നത്. ആത്മസഖി മുതല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ വരെ നീളുന്ന ഉജ്വലമായ ആ ചലച്ചിത്രജീവിതം […]
അഭിനയകലയുടെ അതുല്യ പ്രതിഭയായിരുന്ന അനശ്വര നടന്‍ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് തികയുന്നു. മലയാള സിനിമയുടെ അന്നുവരെയുള്ള നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ചു കൊണ്ട് പുതിയൊരു വഴിത്തിരിവിലേക്ക് നയിച്ച വീരേതിഹാസത്തിന്റെ ഓര്‍മ്മകള്‍ അണയാതെ കാലം കാത്തുവെക്കും. പൗരുഷത്തിന്റെ പ്രതീകമായിരുന്നു സിനിമയിലും ജീവിതത്തിലും സത്യന്‍. അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നറിയുമ്പോള്‍ തന്നെ ആ പ്രതിഭയുടെ ഉയരമാണ് വിരല്‍ചൂണ്ടുന്നത്. ആത്മസഖി മുതല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ വരെ നീളുന്ന ഉജ്വലമായ ആ ചലച്ചിത്രജീവിതം […]
അഭിനയകലയുടെ അതുല്യ പ്രതിഭയായിരുന്ന അനശ്വര നടന്‍ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് തികയുന്നു. മലയാള സിനിമയുടെ അന്നുവരെയുള്ള നായക സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ചു കൊണ്ട് പുതിയൊരു വഴിത്തിരിവിലേക്ക് നയിച്ച വീരേതിഹാസത്തിന്റെ ഓര്‍മ്മകള്‍ അണയാതെ കാലം കാത്തുവെക്കും.
പൗരുഷത്തിന്റെ പ്രതീകമായിരുന്നു സിനിമയിലും ജീവിതത്തിലും സത്യന്‍. അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നറിയുമ്പോള്‍ തന്നെ ആ പ്രതിഭയുടെ ഉയരമാണ് വിരല്‍ചൂണ്ടുന്നത്. ആത്മസഖി മുതല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ വരെ നീളുന്ന ഉജ്വലമായ ആ ചലച്ചിത്രജീവിതം മലയാളി എന്നും നെഞ്ചേറ്റിയാണ് സ്വീകരിച്ചത്.
ഡയലോഗുകളില്‍ മാത്രമല്ല, മൂളലില്‍, പുഞ്ചിരിയില്‍, നോട്ടത്തില്‍ അങ്ങനെയങ്ങനെ എല്ലാത്തിലും അദ്ദേഹത്തിന്റെ അഭിനയം കാണാം. എത്രയെത്ര കാഥാപാത്രങ്ങളാണ് അനശ്വരമായത്. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ള, വാഴ്വേമായത്തിലെ സുധി, ഒരു പെണ്ണിന്റെ കഥയിലെ മാധവന്‍ തമ്പി, കടല്‍പാലത്തിലെ അച്ഛനും മകനും, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ ചേട്ടന്‍, അടിമകളിലെ അപ്പുക്കുട്ടന്‍ നായര്‍, ത്രിവേണിയിലെ ദാമോദരന്‍ മുതലാളി, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊഫസര്‍, കരകാണാ കടലിലെ തോമ... അങ്ങനെയങ്ങനെ പ്രേക്ഷകനെ പിടിച്ചിരുത്തിയ എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍. സിനിമ കണ്ടുകഴിഞ്ഞാലും മനസുകളെ ഈറനണിയിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍. സത്യന് തുല്യം സത്യന്‍ മാത്രം. ആ പ്രതിഭ ഒഴിഞ്ഞ സിംഹാസനം നികത്താന്‍ ആര്‍ക്കുമായിട്ടില്ല.
1912 നവംബര്‍ 9നായിരുന്നു സത്യന്റെ ജനനം. മാനുവലിന്റേയും ലില്ലി അമ്മയുടേയും ആദ്യ പുത്രന്‍. വിദ്വാന്‍ പരീക്ഷ പാസായതിന് ശേഷം സ്‌കൂള്‍ അധ്യാപകനായി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍, പിന്നീട് സെക്രട്ടറിയേറ്റില്‍, അതിന് ശേഷം പട്ടാളത്തില്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി സേവനമനുഷ്ഠിച്ചു. അവിടെ നിന്ന് മടങ്ങിയ സത്യനെ നാട്ടില്‍ കാത്തിരുന്നത് ക്രമസമാധാനത്തിന്റെ ചുമതല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കമ്മ്യുണിസ്റ്റ് വിപ്ലവ സമരങ്ങള്‍ കൊടുമ്പിരികൊണ്ട 1947 കാലഘട്ടത്തില്‍ ആലപ്പുഴയില്‍ പൊലീസ് ചുമതല സത്യനായിരുന്നു. സമരങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലാത്തി കൊണ്ട് നേരിട്ടു എന്നത് ഇന്ന് ഒരു അത്ഭുതം ആയേക്കാം.
'കാക്കിക്കുള്ളിലെ കലാകാരന്‍' എന്ന പ്രയോഗം അദ്ദേഹത്തിന്റെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരുന്നു. പൊലീസില്‍ ആയിരിക്കെ തന്നെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്ന സംഗീത സംവിധായകന്‍ വഴി പല സിനിമ പ്രവര്‍ത്തകരേയും സത്യന്‍ കണ്ടു. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല. കെ. ബാലകൃഷ്ണന്‍ ത്യാഗസീമ എന്ന ചിത്രം നിര്‍മിക്കുന്നുവെന്ന് കേട്ട് സത്യന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അങ്ങനെ ബാലകൃഷ്ണന്‍ സിനിമയില്‍ അദ്ദേഹം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. പക്ഷെ ആ സിനിമ പുറം ലോകം കണ്ടില്ല. പൊലീസുകാരന്റെ അഭിനയം ഡിപ്പാര്‍ട്‌മെന്റില്‍ വിവാദയമായപ്പോള്‍ അദ്ദേഹം ജോലി വേണ്ടെന്നു വെച്ച്, ഒരിക്കലും വിജയിക്കുമെന്ന് ഉറപ്പില്ലാത്ത സിനിമ ലോകം തിരഞ്ഞെടുത്തു.
1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു. അതൊരു തുടക്കമായിരുന്നു. മലയാള സിനിമ ഒരു പുത്തന്‍ താരോദയത്തിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം കുറിച്ച് 1954ല്‍ നീലക്കുയില്‍ പുറത്തിറങ്ങി. കേന്ദ്ര സര്‍ക്കാറിന്റെ രജത കമലം അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു നീലക്കുയില്‍.
തുടര്‍ന്നിങ്ങോട്ട് ചെമ്മീന്‍, കടല്‍പ്പാലം, അനുഭവങ്ങള്‍ പാളിച്ചകള്‍, വാഴ്‌വേമായം, വിവാഹിത, മുടിയനായ പുത്രന്‍, ആദ്യകിരണങ്ങള്‍, യക്ഷി, കരകാണാക്കടല്‍, കാട്ടുകുരങ്ങ്, കണ്ണുംകരളും, മണവാട്ടി, അമ്മെയെ കാണാന്‍, മൂലധനം, അടിമകള്‍, നായരു പിടിച്ച പുലിവാല്‍, ഭാര്യ, തച്ചോളി ഒതേനന്‍, അശ്വമേധം, ത്രിവേണി, കരിനിഴല്‍, ഒരു പെണ്ണിന്റെ കഥ... തുടങ്ങി ഒരുപിടി ചിത്രങ്ങള്‍. 1951 മുതല്‍ 1971 വരെ നീണ്ട കരിയറില്‍ നൂറ്റിയമ്പതിലധികം സിനിമകള്‍. രണ്ട് തമിഴ് ചിത്രങ്ങളിലും സത്യന്‍ വേഷമിട്ടു. 1969 ല്‍ അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അതിനു ശേഷം 1971 ല്‍ കരകാണാക്കടല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
സിനിമയുടെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും അധികമാരും അറിയാതെ രക്താര്‍ബുദത്തിന്റെ ദുരിതങ്ങള്‍ പേറുകയായിരുന്നു അദ്ദേഹം. 1970ലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യന്‍ അഭിനയം തുടര്‍ന്നു. സത്യന്‍ ആസ്പത്രി കിടക്കയില്‍ കിടക്കുമ്പോള്‍ ആയിരുന്നു ഒരു 'പെണ്ണിന്റെ കഥ'യുടെ ഷൂട്ടിംഗ്. അവിടെ നിന്നും ആരുമറിയാതെ സ്വയം വണ്ടിയോടിച്ച് സെറ്റിലേക്ക്. നേരെ മേക്കപ്പ് റൂമില്‍ കയറി മാധവന്‍ തമ്പിയായി പുറത്തേക്ക്. സത്യന്റെ അവസ്ഥ കണ്ട് സംവിധായകന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രൂക്ഷമായൊരു നോട്ടത്തോടെ ഗര്‍ജ്ജിച്ചു. 'ഗോ ബിഹൈന്റ് ദി ക്യാമറ ആന്റ് സേ സ്റ്റാര്‍ട്ട്.' അത്രയ്ക്കും സിനിമയ്ക്ക് സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ലൊക്കേഷനില്‍ നിന്നാണ് 'സിംഹം ജനിക്കുന്നത് തന്നെ ജയിക്കാനാണ്, തോല്‍ക്കുന്നവരുടെ കൂട്ടത്തില്‍ മുയലുകളും കാണും. സിംഹം അത് ശ്രദ്ധിക്കാറില്ല' എന്ന അനശ്വരമായ ഡയലോഗ് പിറന്നത്.
മദ്രാസിലെ അനുഭവങ്ങള്‍ പാളിച്ചകള്‍ ഷൂട്ടിംഗ് ലൊക്കേഷന്‍. അഭിനയിക്കുന്നതിനിടെ സത്യന്‍ രക്തം ഛര്‍ദിച്ചു തലകറങ്ങി വീണു. ഒറ്റയ്ക്ക് സ്വയം കാറോടിച്ച് ആസ്പത്രിയില്‍ പോയി. ചെന്നൈ പൂനമല്ലി ഹൈ റോഡിലുള്ള കെ ജെ ആസ്പത്രിയിലായിരുന്നു ചികിത്സ തേടിയത്. കാണാന്‍ വന്ന മക്കളോട് 'എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ' എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ആ പ്രതിഭ ഉണര്‍ന്നില്ല. 1971 ജൂണ്‍ 15-ന് പുലര്‍ച്ചെ നാലരയോടെ അന്‍പത്തി ഒമ്പതാമത്തെ വയസില്‍ ആ താരനക്ഷത്രം പൊലിഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. എം.ജി.ആര്‍ ആയിരുന്നു സത്യന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
'ദി ഹിന്ദു'വിന്റെ പത്രം കൊണ്ടുപോകുന്ന എയര്‍ക്രാഫ്റ്റിലായിരുന്നു മൃതദേഹം കേരളത്തിലെത്തിച്ചത്. വന്‍ജനാവലിയുടെ പൊട്ടിക്കരച്ചിലിനിടയില്‍ പാളയം എല്‍.എം.എസ്. കോമ്പൗണ്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആ ഇതിഹാസം മണ്ണിലമര്‍ന്നു. മനുഷ്യഗന്ധമുള്ള സിനിമകളും കഥാപാത്രങ്ങളും ബാക്കിയാക്കി.