ഉത്തരദേശം-കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെറുകഥാ മത്സരം: പുരസ്‌കാര വിതരണം നാളെ

സി.വി. ബാലകൃഷ്ണന്‍, റഹ്‌മാന്‍ തായലങ്ങാടി, കെ. ബാലകൃഷ്ണന്‍, കെ.വി. മണികണ്ഠദാസ്
കാസര്‍കോട്: ഉത്തരദേശം സ്ഥാപക പത്രാധിപര്‍ കെ.എം അഹ്‌മദ് മാഷിന്റെ സ്മരണാര്‍ത്ഥം ഉത്തരദേശം ദിനപത്രം കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് പ്ലസ്ടു മുതല്‍ കോളേജ്-സര്‍വകലാശാലാതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാര ദാനം നാളെ നടക്കും. ഉച്ച യ്ക്ക് 3 മണിക്ക് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ പുരസ്‌കാരദാനവും പ്രഭാഷണവും നിര്‍വഹിക്കും. ഉത്തരദേശം കണ്‍സ ല്‍റ്റിങ്ങ് എഡിറ്റര്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തിരഞ്ഞെടുത്ത കഥകളുടെ അവലോകനം ജൂറി അംഗവും പ്രഭാഷകനുമായ കെ. മണികണ്ഠദാസും കെ.എം ഹസ്സന്‍ അനുസ്മരണം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടിയും നിര്‍വഹിക്കും. കഥാരചനാ മത്സരത്തില്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാ ര്‍ത്ഥി അശ്വിന്‍ ചന്ദ്രനാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. കാസര്‍കോട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥി രാഹുല്‍ ജി. രണ്ടാം സ്ഥാനവും പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ജിതിന്‍ ബാലകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി.
പുരസ്‌കാരദാന ചടങ്ങില്‍ സാമൂഹ്യ, സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്‌മദ്, കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ വി.എം മുനീര്‍ എന്നിവര്‍ അറിയിച്ചു.